തൃശ്ശൂർ : തെരഞ്ഞെടുപ്പ് ദിനത്തില്‍ ശബരിമല വിഷയത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ നിയമമന്ത്രി എകെ ബാലന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. മുഖ്യമന്ത്രിക്ക് അയ്യപ്പകോപമുണ്ടാകുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഇരുവരും നടത്തിയ പ്രസ്താവനകള്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് 06/04/21ചൊവ്വാഴ്ച നൽകിയ പരാതിയില്‍ പറയുന്നത്.
അതേസമയം മന്ത്രിക്ക് മറുപടിയുമായി ജി സുകുമാരന്‍ നായര്‍ രംഗത്തെത്തി. എകെ ബാലന് അദ്ദേഹത്തിന്റെ വഴി നോക്കട്ടെ, ഞാന്‍ എന്റെ വഴി നോക്കിക്കൊള്ളാമെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. വിശ്വാസം ജീവവായുവാണ്. അതിനെ തൊടാന്‍ ആര് ശ്രമിച്ചാലും തടയും. സര്‍ക്കാര്‍ വിരട്ടാന്‍ നോക്കേണ്ടെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
സാമൂഹ്യനീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാവണമെന്നും കുറച്ചു കാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ട്, സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാവണം എന്ന ജി സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് തെരഞ്ഞെടുപ്പ് ദിനത്തില്‍ ശബരിമല പ്രധാന വിഷയമാക്കി ചര്‍ച്ച ഉയരാനിടയായത്.
സര്‍ക്കാരിനെതിരെ അയ്യപ്പന്റെ കോപമുണ്ടാകുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.



