സംസ്ഥാനം പോളിംഗ് ബൂത്തിൽ, മിക്കയിടത്തും വോട്ടർമാരുടെ നീണ്ട നിര

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു. കൊവിഡ് കാലത്തും ആവേശം ഒട്ടും ചോര്‍ന്നുപോകാതെയാണ് കേരളം 06/04/21 ചൊവ്വാഴ്ച രാവിലെ മുതൽ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. 40771 പോളിംഗ് ബൂത്തുകളിലും മോക് പോളിംഗിനുശേഷം വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് കാണാനാകുന്നത്.

രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് 7 മണിവരെ വോട്ടുരേഖപ്പെടുത്താന്‍ സമയമുണ്ട്. അവസാന ഒരു മണിക്കൂര്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും വോട്ടുചെയ്യാനുള്ള സമയമാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളില്‍ വൈകീട്ട് 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും.

140 നിയോജക മണ്ഡലങ്ങളിലും മോക്‌പോളിംഗ് നടത്തിയപ്പോള്‍ കാസര്‍കോഡും തൊടുപുഴയിലും വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി. കോളിയടുക്കം ഗവണ്‍മെന്റ് യുപി സ്‌കൂളിലെ 33-ാം ബൂത്തിലാണ് കാസര്‍കോഡ് തകരാര്‍ കണ്ടെത്തിയത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ 107 നമ്പര്‍ ബൂത്തിലും പത്തനംതിട്ട മര്‍ത്തോമ സ്‌കൂളിലെ 213-ാം നമ്പര്‍ ബൂത്തിലും തകരാര്‍ ഉള്ളതായി കണ്ടെത്തി. രാവിലെ 6 മണിക്കാണ് മോക് പോളിംഗ് ആരംഭിച്ചത്. ഒരു വോട്ടിംഗ് യന്ത്രത്തില്‍ 50 വോട്ടുകളെങ്കിലും രേഖപ്പെടുത്തി എണ്ണിയതിനുശേഷം യന്ത്രം ക്ലിയര്‍ ചെയ്ത് സീല്‍ ചെയ്യുകയായിരുന്നു.

140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 27446309 വോട്ടര്‍മാരാണ് ഇന്ന് കേരളത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ പോകുന്നത്. ഇതില്‍ 1.32 കോടി പേര്‍ പുരുഷന്മാരും 1.41 കോടി പേര്‍ വനിതകളും 290 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 15000 ത്തോളം അധിക പോളിംഗ് ബൂത്തുകളും ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →