മധ്യവയസ്‌ക്കനെ വിളിച്ചുവരുത്തി മദ്യ സല്‍ക്കാരത്തിന്‌ശേഷം വെട്ടിക്കൊന്നു

കൊല്ലം: പ്രവാസിയായ മധ്യവയസ്‌ക്കനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യസല്‍ക്കാരത്തിന് ശേഷം വെട്ടിക്കൊലപ്പെടുത്തി ബന്ധുവീടിന് സമീപം കുഴിച്ചിട്ടു. കൊല്ലം ജില്ലയിലെ പൂയപളളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഓയൂര്‍ കരിങ്ങൂര്‍ ആറ്റുകോണത്ത് 2021 മാര്‍ച്ച 31നാണ് സംഭവം. ആറ്റൂര്‍ കോണം പളളിവടക്കതില്‍ ഹാഷിം (56)ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആറ്റൂര്‍കോണം സ്വദേശിയായ ഷറഫുദ്ദീന്‍,നിസാം എന്നിവരെ പോലീസ് അറസറ്റ് ചെയ്തു.

ഹാഷിമിനെ മാര്‍ച്ച് 31 ന് രാത്രി മുതല്‍ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പൂയപളളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്‌പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷറഫുദ്ദീനും നിസാമും പിടിയിലാവുന്നത്. ഷറഫുദീനും കൊല്ലപ്പെട്ട ഹാഷിമും മുമ്പ് ഗള്‍ഫില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരായിരുന്നു. കോറോണ വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് ഇരുവരും നാട്ടിലെത്തിയതായി രുന്നു. ഗള്‍ഫിലായിരുന്ന കാലത്ത് ഹാഷിം ഷറഫുദ്ദിന് 20,000രൂപ കടമായി നല്‍കിയിരുന്നു. നാട്ടിലെത്തിയശേഷം അത് തിരികെ ആവശ്യപ്പെട്ടു. കാണുമ്പോഴൊക്കെ അഞ്ഞൂറും, ആയിരവുമായി പോക്കറ്റില്‍ നിന്ന് ഹാഷിം എടുത്തുകൊണ്ടുപോകുന്നതും പതിവായി. മുമ്പ് ചില ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന ഹാഷിമിനോട് പിടിച്ചുനല്‍ക്കാന്‍ ഷറഫുദ്ദീന് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഹാഷിമിനെ തന്ത്രപരമായി വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്.

സംഭവദിവസം വാറ്റ്ചാരായം നല്‍കാമെന്ന് പറഞ്ഞ് ഹാഷിമിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും മദ്യം നല്‍കി അബോധാവസ്ഥയിലായപ്പോള്‍ അവിടെ കിടക്കാന്‍ ക്ഷണിക്കുകയും ചെയ്തു.തുടര്‍ന്നാണ് ഹാഷിമിനെ ഉറക്കത്തില്‍ വെട്ടി കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് നിസാമിനെ വിളിച്ചുവരുത്തി രണ്ടുപേരും ചേര്‍ന്ന് ബന്ധുവീടിന് സമീപം കുഴിച്ചിടുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേണ ത്തിലാണ് പോലീസ് നായ മണംപിടിച്ച് ഷറഫുദ്ദീന്റെ വീട്ടില്‍ എത്തുന്നതും ഷറഫുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്യുന്നതും. തുടര്‍ന്ന് നിസാമിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തും. ഫോറന്‍സിക്ക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമെന്ന് പൂയപ്പളളി പോലീസ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം