തിരുവനന്തപുരം: ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു വിശ്വാസികളുടെ ആചാരങ്ങളും വിശ്വാസങ്ങളും തല്ലിത്തകര്‍ത്ത അവിശ്വാസികളായ കമ്മ്യണിസ്റ്റുകാര്‍ ന്യൂന പക്ഷത്തിന്റെ വിശ്വാസങ്ങള്‍ നിഷ്‌പ്രയാസം തല്ലിത്തകര്‍ക്കുമെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണകുമാര്‍. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . കേന്ദ്രത്തില്‍ കാര്യങ്ങള്‍ നടത്താന്‍ ഇടനിലക്കാരനായി ഇവിടെ ഒരു പ്യൂണിന്റെ ആവശ്യമില്ലെന്നും, നമുക്ക് നേരിട്ട് നടത്താവുന്നതേയുളളുവെന്നും ബിജെപി സ്ഥാനാര്‍ത്ഥി പറഞ്ഞു. അതുകൊണ്ട് നിയമസഭയിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചുവിടുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരത്ത് വികസനം നടത്തുന്നുണ്ടെന്ന് ഒരു സിറ്റിംഗ് എംഎൽ.എയും, അല്ലാത്ത എംഎല്‍എയും വിശദീകരിക്കുന്നു. “നമ്മുടെ മണ്ഡലത്തില്‍ കാണാവുന്ന ഒരു വികസനം നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴക്കൂട്ടം മുതല്‍ കാരോട് വരെയുളള ബൈപ്പാസ് മാത്രമാണ്. പക്ഷെ അവിടത്തെ എംഎല്‍എയും എംപിയും യാതൊരു ഉളുപ്പുമില്ലാതെ അതിന് ചുറ്റും ഫ്‌ളക്‌സുകള്‍ വയ്‌ക്കുകയാണ്, കൃഷ്‌ണകുമാര്‍ പറഞ്ഞു. തിരുവനന്തപുരം നഗരത്തെ മാലിന്യ കൂമ്പാരമാക്കി മാറ്റിയിരിക്കുന്നതായും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്തെ മത്സ്യ തൊഴിലാളികളെ കുറിച്ച് വാതോരാതെ പറയുന്നവര്‍ കഴിഞ്ഞ ആറുപതിറ്റാണ്ടായി അവരെ വഞ്ചിച്ച് വോട്ടു ബാങ്കാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഈ വഞ്ചന തിരിച്ചറിയണം. ഈ കാട്ടാള ഭരണത്തിനെതിരെ വിധിയെഴുതാന്‍ കിട്ടുന്ന അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

