തിരുവനന്തപുരം ഏപ്രിൽ 5: കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 26 അംഗ സംഘം രാവിലെ 9 മണിക്ക് യാത്ര സെക്രട്ടറിയേറ്റിന് മുമ്പില്‍ നിന്നും യാത്രയയച്ചു.
കാസര്‍ഗോഡ് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ 4 ദിവസം കൊണ്ട് കാസര്‍ഗോഡ് കോവിഡ് ആശുപത്രി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കാനാണ് ഈ സംഘം യാത്ര തിരിക്കുന്നത്. ഇവര്‍ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും രോഗികളെ ചികിത്സിക്കുന്നതുമാണ്. കാസർഗോഡ് മെഡിക്കൽ കോളേജിന്റെ 4 നില കെട്ടിടത്തിൽ ഒന്നാമത്തെ നിലയിലെ വാർഡുകളിൽ കട്ടിലുകളും തീവ്ര പരിചരണ വിഭാഗം യൂണിറ്റിലേക്കുള്ള ഉപകരണങ്ങളും സജ്ജീകരിക്കുന്ന ജോലിയാണ് നടക്കുന്നത്. രണ്ടാമത്തെ നിലയിൽ ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കും വിശ്രമിക്കാനുമുള്ള ഇടമാണ് തയാറാക്കുന്നത്.
ആശുപത്രി ഉപകരണങ്ങൾ, കിടക്കകൾ, ഫർണിച്ചർ, മരുന്നുകൾ എന്നിവയ്ക്കായി 7 കോടി രൂപ സർക്കാർ അറിയിച്ചിരുന്നു. 200 കിടക്കകളും 90 കട്ടിലും തീവ്രപരിചരണവിഭാഗത്തിലേക്കുള്ള 12 കട്ടിലുകളും ഇപ്പോൾ എത്തിച്ചിട്ടുണ്ട്. 4 നിലകളുള്ള കെട്ടിടത്തിൽ 3 നിലകളിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്. ഇവിടെ ഒപി തുടങ്ങാൻ നേരത്തെ തീരുമാനിച്ചിരുന്നതിനാൽ വിവിധ വിഭാഗങ്ങൾക്ക് മുറികൾ സജ്ജീകരിച്ചിരുന്നു. കോവിഡ് രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും പാർപ്പിക്കുന്നതിനു ജില്ലയിലെ ആശുപത്രികളിൽ 870 കിടക്കകൾ സജ്ജീകരിക്കുന്നതിൽ 300 കിടക്കകൾ ഇവിടെയാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, പനത്തടി താലൂക്ക് ആശുപത്രി, ബദിയടുക്ക, പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് സർക്കാർ തലത്തിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി സജ്ജീകരിച്ച ആശുപത്രികൾ.

