ന്യൂഡൽഹി / 2026 / നവംബർ 18
കൈപ്പറ്റാത്ത ലാഭവിഹിതവും ഓഹരികളും ലഭിക്കാനും തീർപ്പാകാത്ത അപേക്ഷകളിലെ പ്രശ്നങ്ങൾ പരിഹരിക്കാനുമായി ന്യൂഡൽഹിയിൽ ‘നിക്ഷേപക് ശിവിർ’ സംഘടിപ്പിച്ചു. കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള നിക്ഷേപക വിദ്യാഭ്യാസ സംരക്ഷണ നിധി അതോറിറ്റി, സെബിയും ഓഹരി വിപണിയുടെ അടിസ്ഥാന സൗകര്യ സ്ഥാപനങ്ങളും ചേർന്നാണ് ക്യാമ്പ് നടത്തിയത്. നവംബർ 17ന് ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലെ ജക്കരാൻഡ ഹാളിലായിരുന്നു ക്യാമ്പ്. നിക്ഷേപക സേവനങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ നടത്തിയ ക്യാമ്പിൽ വിവിധ മേഖലകളിൽനിന്നായി 310ലധികം നിക്ഷേപകരും അവകാശവാദം ഉന്നയിച്ചവരും പങ്കെടുത്തു.

ഒരുദിവസത്തെ ക്യാമ്പിൽ പരാതികൾ നേരിട്ടറിയിക്കാനും അപേക്ഷകൾ സമർപ്പിക്കാനും മറ്റ് നിക്ഷേപക സേവനങ്ങൾ നേടാനും സഹായം ലഭിച്ചു. റോഡ് ഗതാഗതം, ദേശീയപാത, കോർപ്പറേറ്റ് കാര്യ വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രി ഹർഷ് മൽഹോത്ര മുഖ്യാതിഥിയായിരുന്നു. നിധി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുമിത് ഗാർഗ്, സെബിയിലെയും വിപണിയുടെ അടിസ്ഥാന സൗകര്യ സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ, രജിസ്ട്രാർമാരുടെയും ട്രാൻസ്ഫർ ഏജന്റുമാരുടെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
ആറേഴ് വർഷമായി മുടങ്ങിയ അപേക്ഷകൾക്കും സഹായം
വലിയ തോതിൽ ലാഭവിഹിതം കൈപ്പറ്റാതെ കിടക്കുന്ന കമ്പനികൾ രജിസ്ട്രാർമാർക്കും ട്രാൻസ്ഫർ ഏജന്റുമാർക്കുമൊപ്പം ക്യാമ്പിൽ നേരിട്ട് പങ്കെടുത്തു. നിധി അതോറിറ്റി, സെബി, എൻഎസ്ഇ, ബിഎസ്ഇ, എൻഎസ്ഡിഎൽ, സിഡിഎസ്എൽ, എംയുഎഫ്ജി ഇൻടൈം, കെഫിൻ ടെക്നോളജീസ്, കാംസ്, ബിഗ്ഷെയർ സർവീസസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, ജിയോ ഫിനാൻഷ്യൽ സർവീസസ്, ജെകെ ലക്ഷ്മി സിമന്റ് എന്നിവയുടെ പ്രതിനിധികൾ ക്യാമ്പിലെത്തിയവരെ സഹായിച്ചു.
ആറേഴ് വർഷമായി കൈപ്പറ്റാതെ കിടക്കുന്ന ലാഭവിഹിതവും ഓഹരികളും ലഭിക്കാനുള്ള നടപടികൾക്ക് പ്രത്യേക കൗണ്ടറുകൾ ഒരുക്കി. ഇടനിലക്കാരില്ലാതെ തിരിച്ചറിയൽ വിവരങ്ങളും നോമിനേഷൻ വിവരങ്ങളും അവിടെവെച്ചുതന്നെ പുതുക്കാനും തീർപ്പാകാതെ കിടന്ന അപേക്ഷകളിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സൗകര്യമുണ്ടായിരുന്നു.


കഴിഞ്ഞ സാമ്പത്തിക വർഷം 62,700ലധികം അപേക്ഷകൾക്ക് അംഗീകാരം
ജനങ്ങളുടെ പണം അതിന്റെ യഥാർഥ ഉടമകൾക്ക് തിരിച്ചുകിട്ടാൻ സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് ഹർഷ് മൽഹോത്ര പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിച്ച അദ്ദേഹം ക്യാമ്പിലെ എല്ലാ സേവന കൗണ്ടറുകളും സന്ദർശിച്ചു. നിരവധി അപേക്ഷകരുമായി നേരിട്ട് സംസാരിച്ച മന്ത്രി അവരുടെ പരാതികൾ രേഖപ്പെടുത്തി. സർക്കാരിന്റെ പിന്തുണ തുടരുമെന്നും അദ്ദേഹം ഉറപ്പുനൽകി.
എല്ലാ തലങ്ങളിലുമുള്ള നിക്ഷേപകരിലേക്ക് എത്താനുള്ള അതോറിറ്റിയുടെ ശ്രമം തുടരുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം 62,700ലധികം അപേക്ഷകൾക്ക് അംഗീകാരം നൽകി. നേരത്തേ നടത്തിയ ക്യാമ്പുകളിൽ 2,500ലധികം നിക്ഷേപകർക്ക് നേരിട്ട് സഹായം ലഭിച്ചു. കൂടുതൽ നഗരങ്ങളിലേക്ക് ക്യാമ്പ് വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
നിക്ഷേപക് ദീദിമാർക്ക് അഭിനന്ദനപത്രം
പ്രാദേശിക മേഖലകളിൽ നിക്ഷേപ ബോധവത്കരണം നടത്തുന്ന ‘നിക്ഷേപക് ദീദി’മാരുമായും ഹർഷ് മൽഹോത്ര കൂടിക്കാഴ്ച നടത്തി. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ശ്രദ്ധ നൽകുന്ന നിധി അതോറിറ്റിയുടെ മറ്റൊരു പദ്ധതിയുടെ ഭാഗമാണ് ഇവർ. നിക്ഷേപ ബോധവത്കരണത്തിന് നൽകിയ സംഭാവന പരിഗണിച്ച് മന്ത്രി ഇവർക്ക് അഭിനന്ദനപത്രങ്ങൾ നൽകി.
പുണെയിൽ തുടങ്ങിയ ക്യാമ്പ് എട്ടാമത്തെ നഗരത്തിൽ
2025ൽ പുണെയിലാണ് ഈ ക്യാമ്പിന് തുടക്കമായത്. പുണെ, ഹൈദരാബാദ്, അമൃത്സർ, ജയ്പുർ, ബെംഗളൂരു, ഭുവനേശ്വർ, ഭോപ്പാൽ എന്നിവയ്ക്കു പിന്നാലെ ക്യാമ്പിന് വേദിയാകുന്ന എട്ടാമത്തെ നഗരമായി ന്യൂഡൽഹി.
നിക്ഷേപക സേവനങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ നിധി അതോറിറ്റി രാജ്യത്തുടനീളം നടത്തുന്ന ക്യാമ്പുകളുടെ ഭാഗമാണ് ഡൽഹിയിലെ പരിപാടി. കൈപ്പറ്റാത്ത നിക്ഷേപങ്ങൾ വലിയ തോതിലുള്ള നഗരങ്ങളിലാണ് ഈ സേവനങ്ങൾ എത്തിക്കുന്നത്. നിക്ഷേപകരുടെ അറിവ് വർധിപ്പിക്കാനും അവരുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാനും ഇന്ത്യയുടെ സാമ്പത്തിക സംവിധാനത്തിൽ വിശ്വാസവും സുതാര്യതയും ഉറപ്പാക്കാനുമാണ് ക്യാമ്പുകളിലൂടെ അതോറിറ്റി ശ്രമിക്കുന്നത്.
.