ന്യൂഡൽഹി / 2026 / നവംബർ 06
ഇന്ത്യയുടെ സാംസ്കാരിക പൈതൃകം നൂതന ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ജനങ്ങളിലെത്തിക്കാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയവും ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചറും ധാരണാപത്രത്തിൽ ഒപ്പുവച്ചു. നവംബർ അഞ്ചിന് ഓൺലൈനായി നടന്ന ചടങ്ങിലായിരുന്നു ധാരണാപത്രം ഒപ്പിട്ടത്. സാംസ്കാരിക മന്ത്രാലയ സെക്രട്ടറി വിവേക് അഗർവാൾ, ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചർ വൈസ് പ്രസിഡന്റും സ്ഥാപകനുമായ അമിത് സൂദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പൈതൃകം രേഖപ്പെടുത്താനും സംരക്ഷിക്കാനും കൂടുതൽ ആളുകൾക്ക് പരിചയപ്പെടുത്താനുമാണ് സഹകരണം.

സ്മാരകങ്ങൾ മുതൽ കൈയെഴുത്തുപ്രതികളും കലാപാരമ്പര്യങ്ങളും വരെ
ഇന്ത്യയുടെ നാഗരികതയുടെ വിശാലത പ്രതിഫലിപ്പിക്കുന്നതായിരിക്കും ഈ പങ്കാളിത്തം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംരക്ഷിക്കുന്ന സ്മാരകങ്ങളും പുരാവസ്തു കേന്ദ്രങ്ങളും അവിടങ്ങളിലെ ശേഖരങ്ങളും ഇതിൽ ഉൾപ്പെടും. ദേശീയ മ്യൂസിയങ്ങളിലെ ശേഖരങ്ങൾ, ജ്ഞാന ഭാരതം പദ്ധതിയിൽ രേഖപ്പെടുത്തുന്ന കൈയെഴുത്തുപ്രതികളുടെ പൈതൃകം എന്നിവയും പരിഗണിക്കും. രാജ്യത്തുടനീളമുള്ള സാംസ്കാരിക മന്ത്രാലയ സ്ഥാപനങ്ങൾ നിലനിർത്തുന്ന കരകൗശലങ്ങൾ, അവതരണകലകൾ, ഇന്നും തുടരുന്ന പാരമ്പര്യങ്ങൾ എന്നിവയും ഈ സഹകരണത്തിന്റെ ഭാഗമാകും.
പങ്കാളിത്തത്തിന്റെ കേന്ദ്രസ്ഥാനത്ത് യുഗേ യുഗീൻ ഭാരത് മ്യൂസിയമാണ്. വിവിധ കാലഘട്ടങ്ങളിലൂടെയുള്ള ഇന്ത്യയുടെ ചരിത്രം അവതരിപ്പിക്കുന്ന ഈ മ്യൂസിയം ന്യൂഡൽഹിയിലെ നോർത്ത് ബ്ലോക്കിലും സൗത്ത് ബ്ലോക്കിലുമാണ് രൂപംകൊള്ളുന്നത്. കെട്ടിടങ്ങളുടെയും അവയിൽ സൂക്ഷിക്കാനിരിക്കുന്ന സമ്പന്നമായ പുരാവസ്തുശേഖരത്തിന്റെയും സ്ഥിരമായ രേഖ സൃഷ്ടിക്കാൻ ഡിജിറ്റൽവൽക്കരണം സഹായിക്കും. നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക സംരംഭങ്ങളിലൊന്നിനെക്കുറിച്ച് പൊതുജനങ്ങൾക്ക് നേരത്തേ അറിയാനും ഇതിലൂടെ അവസരം ലഭിക്കും.

ഇന്ത്യൻ ഭാഷകളിൽ ഏത് ഉപകരണത്തിലൂടെയും പൈതൃകം അറിയാം
ഇന്ത്യയുടെ പൈതൃകം ഇന്ത്യൻ ഭാഷകളിലും ഏത് ഉപകരണത്തിലൂടെയും അറിയാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രാപ്യത മെച്ചപ്പെടുത്താനും ഡിജിറ്റൽ സംരംഭങ്ങൾ വിപുലീകരിക്കാനുമുള്ള മന്ത്രാലയത്തിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ധാരണാപത്രം. വ്യത്യസ്ത വലുപ്പത്തിലുള്ള സ്ഥാപനങ്ങളെയും വിവിധ മേഖലകളിലെ പങ്കാളികളെയും ഉൾപ്പെടുത്തി മന്ത്രാലയമാകെ ഏകോപിച്ച് പ്രവർത്തിക്കുന്ന സമീപനമാണിത്. പൈതൃക സംരക്ഷണം, പൊതുജനങ്ങൾക്ക് അത് അറിയാനുള്ള അവസരം, ഇന്ത്യയുടെ സർഗാത്മക സമ്പദ്വ്യവസ്ഥയുടെ വളർച്ച എന്നിവ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമം.
ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ഇന്നും ജീവിക്കുന്ന പാരമ്പര്യസമ്പത്താണെന്ന് സാംസ്കാരിക മന്ത്രാലയ സെക്രട്ടറി വിവേക് അഗർവാൾ പറഞ്ഞു. അത് ഓരോ പൗരന്റേതുമാണ്. ലോകത്തോടാകെ സംവദിക്കുന്നതുമാണ്. പുരാതന കൈയെഴുത്തുപ്രതികളും സ്മാരകങ്ങളും മുതൽ ദേശീയ മ്യൂസിയങ്ങളിലെ ശേഖരങ്ങളും വരാനിരിക്കുന്ന യുഗേ യുഗീൻ ഭാരത് മ്യൂസിയവും വരെ രേഖപ്പെടുത്താനും സംരക്ഷിക്കാനും പങ്കുവയ്ക്കാനും ഗൂഗിളുമായുള്ള സഹകരണത്തിലൂടെ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ അമൂല്യസമ്പത്ത് ഇന്ത്യൻ ഭാഷകളിൽ ലോകമെങ്ങുമുള്ളവർക്കായി ലഭ്യമാക്കും. അതിലൂടെ കൂടുതൽ ആളുകളെ ഇന്ത്യൻ നാഗരികതയുടെ ചരിത്രത്തോട് അടുപ്പിക്കാനും വരുംതലമുറകൾക്കായി ഈ പൈതൃകം കാത്തുസൂക്ഷിക്കാനുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പതിനഞ്ചുവർഷത്തെ അനുഭവവുമായി ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചർ
സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളുമായി ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചറിന് ദീർഘകാല ബന്ധമുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, നാഷണൽ മ്യൂസിയം, നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സ്ഥാപനങ്ങളിലെ ശേഖരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ വർഷങ്ങളായി ഗൂഗിൾ സഹായിച്ചിട്ടുണ്ട്.
കഴിഞ്ഞ പതിനഞ്ചുവർഷമായി ഇന്ത്യയുടെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള കഥപറച്ചിൽ പാരമ്പര്യവും കലാവൈദഗ്ധ്യവും വിപുലമായ പൈതൃകവും ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചറിന് വലിയ പ്രചോദനമാണെന്ന് അമിത് സൂദ് പറഞ്ഞു. നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഇന്ത്യയുടെ കാലാതീതമായ അമൂല്യസമ്പത്ത് സംരക്ഷിക്കാനുള്ള സംയുക്ത പ്രതിബദ്ധതയാണ് ഈ പങ്കാളിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. യുഗേ യുഗീൻ ഭാരത് മ്യൂസിയത്തിന്റെ കാഴ്ചപ്പാടിന് പിന്തുണ നൽകുന്നതിലും ചരിത്രപ്രാധാന്യമുള്ള കൈയെഴുത്തുപ്രതികൾ സംരക്ഷിക്കുന്നതിലും സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയുന്നത് ആദരവായി കാണുന്നു. പുരാതന പൈതൃകത്തെ ആധുനികകാലത്ത് എളുപ്പത്തിൽ അറിയാനുള്ള സൗകര്യങ്ങളുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ലോകത്തെവിടെയുമുള്ള ജിജ്ഞാസയുള്ളവർക്ക് അറിവും പ്രചോദനവും ആനന്ദവും നൽകാൻ ഈ ശേഖരങ്ങൾ സൗജന്യമായി കണ്ടെത്താനാകുന്ന വിധത്തിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദീർഘകാല പങ്കാളിത്തത്തിലൂടെ സംരക്ഷണവും സാംസ്കാരിക വളർച്ചയും
ഇന്ത്യയുടെ നാഗരിക പൈതൃകം സംരക്ഷിക്കാനുള്ള സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണ് ധാരണാപത്രം. നിലനിൽക്കുന്ന പങ്കാളിത്തങ്ങളിലൂടെ രാജ്യത്തിന്റെ സർഗാത്മക സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകുന്നതും ലക്ഷ്യമാണ്. ഇന്ത്യയ്ക്കകത്തും ലോകമെങ്ങുമുള്ള പരമാവധി വിപുലമായ ശൃംഖലകളിലൂടെ രാജ്യത്തിന്റെ സംസ്കാരം പങ്കുവയ്ക്കാനും ഈ സഹകരണം വഴിയൊരുക്കും.
.
