ന്യൂഡൽഹി / 2026 / നവംബർ 06
കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പ് രാജ്യവ്യാപകമായി നടത്തിയ ആറാം പ്രത്യേക പ്രചാരണം ലക്ഷ്യങ്ങൾ മറികടന്നു. 2026 ഒക്ടോബർ രണ്ടു മുതൽ മുപ്പത്തിയൊന്ന് വരെ നടന്ന പ്രചാരണത്തിൽ ഒന്നരലക്ഷം ഇടങ്ങൾ ശുചീകരിച്ചു. പൊതുജനങ്ങളുടെ ഒന്നരലക്ഷം പരാതികളും 1,500 അപ്പീലുകളും തീർപ്പാക്കി. ശുചിത്വം പതിവ് പ്രവർത്തനത്തിന്റെ ഭാഗമാക്കാനും ഭരണനിർവഹണം മെച്ചപ്പെടുത്താനും പരിസ്ഥിതി സംരക്ഷണവും ജനകേന്ദ്രീകൃത സേവനങ്ങളും ശക്തിപ്പെടുത്താനുമായിരുന്നു പരിപാടി.
രാജ്യത്തെ 1.35 ലക്ഷം ഇടങ്ങളിൽ ശുചീകരണം നടത്താനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ, തപാൽ വകുപ്പിന്റെ വിപുലമായ ശൃംഖലയിലൂടെ ഒന്നരലക്ഷം ഇടങ്ങളിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഓഫീസുകളിൽ ഉപയോഗിക്കാതെ കിടന്നിരുന്ന 2,03,570 ചതുരശ്രയടി സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ ഒഴിച്ചെടുത്തു.
പാഴ്വസ്തുക്കളിൽനിന്ന് വരുമാനം; ഹരിത പ്രവർത്തനങ്ങൾക്കും ഊന്നൽ
ശുചീകരണം, രേഖകളുടെ കാര്യക്ഷമമായ പരിപാലനം, ആവശ്യമില്ലാത്ത വസ്തുക്കൾ നീക്കൽ, ശാസ്ത്രീയ മാലിന്യസംസ്കരണം, സ്ഥലത്തിന്റെ പരമാവധി ഉപയോഗം, നടപടിക്രമങ്ങൾ ലളിതമാക്കൽ എന്നിവ ഉൾപ്പെടുത്തിയായിരുന്നു പ്രവർത്തനങ്ങൾ. ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ ഉൾപ്പെടെയുള്ള തപാൽ ഓഫീസുകളിലും മെയിൽ ഓഫീസുകളിലും ഭരണകാര്യാലയങ്ങളിലും ശുചീകരണം നടത്തി. പൊതുജനങ്ങൾ എത്തുന്ന ഇടങ്ങൾക്കും പൊതുവായി ഉപയോഗിക്കുന്ന സ്ഥലങ്ങൾക്കും പ്രത്യേക ശ്രദ്ധ നൽകി. ഉപേക്ഷിച്ച വസ്തുക്കളുടെ പുനരുപയോഗം, വൃക്ഷത്തൈ നടൽ, പരിസരം മനോഹരമാക്കൽ എന്നിവയിലൂടെ മാലിന്യത്തിൽനിന്ന് മൂല്യമുണ്ടാക്കാനും ശ്രമിച്ചു. കൊൽക്കത്തയിലെ മെയിൽ മോട്ടോർ സർവീസസ് പഴയ മരവസ്തുക്കൾ പുനരുപയോഗിച്ച് ഒരു ഓഫീസ് മുറി നവീകരിച്ചു.
പ്രചാരണത്തിന്റെ ഭാഗമായി 8.03 ലക്ഷം കിലോഗ്രാമിലധികം പാഴ്വസ്തുക്കളും 58,514 കിലോഗ്രാം ഇലക്ട്രോണിക് മാലിന്യവും വിറ്റഴിച്ചതിലൂടെ ഏകദേശം 3.01 കോടി രൂപ ലഭിച്ചു. ഇതിലൂടെ കൂടുതൽ സ്ഥലം ഉപയോഗയോഗ്യമാക്കാനും പരിസ്ഥിതിക്ക് ഉത്തരവാദിത്തമുള്ള രീതിയിൽ മാലിന്യം നീക്കാനും കഴിഞ്ഞു. അസം തപാൽ സർക്കിൾ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ ഉപേക്ഷിച്ച പ്ലാസ്റ്റിക്കും പാത്രങ്ങളും ചെടിച്ചട്ടികളാക്കി എൻ ജെൻ തപാൽ ഓഫീസുകളിൽ ചുമർപൂന്തോട്ടങ്ങൾ ഒരുക്കി. ദിബ്രുഗഢ് സർവകലാശാലയിലെ എൻ ജെൻ തപാൽ ഓഫീസിന്റെ ചുമർ, പാഴ്വസ്തുക്കൾക്ക് പുതിയ ഉപയോഗം നൽകി വായുശുദ്ധീകരണത്തിന് സഹായിക്കുന്ന ഹരിതചുമരാക്കി മാറ്റി. ന്യൂഡൽഹിയിലെ നരൈന മെയിൽ മോട്ടോർ സർവീസസ് ഒക്ടോബർ ഇരുപത്തൊമ്പതിന് 16 വൈദ്യുത വാഹനങ്ങൾ വാഹനനിരയിൽ ഉൾപ്പെടുത്തി. പരിസ്ഥിതിസൗഹൃദ ഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു നടപടി. വൃക്ഷത്തൈ നടൽ, മാലിന്യം തരംതിരിക്കൽ, ജൈവവളം നിർമിക്കൽ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം, പരിസരം വൃത്തിയായി സൂക്ഷിക്കാൻ ജനപങ്കാളിത്തം ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു.
സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച് ഡാക് ചൗപാലുകൾ
ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സർക്കാർ സേവനങ്ങൾ അവരുടെ അടുത്തെത്തിക്കാനും ജനസമ്പർക്ക പരിപാടിയായ ഡാക് ചൗപാലുകൾ സംഘടിപ്പിച്ചു. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും കൂടുതൽ ആളുകളെ സാമ്പത്തിക സേവനങ്ങളുടെ പരിധിയിൽ കൊണ്ടുവരുന്നതിനുമായിരുന്നു ഊന്നൽ. സേവനങ്ങൾ ഏറ്റവും അവസാനത്തെ ഗുണഭോക്താവിലേക്കും എത്തിക്കുന്നതിന് പ്രത്യേക പരിഗണന നൽകി.
പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്, ആനുകൂല്യങ്ങൾ നേരിട്ട് അക്കൗണ്ടിലെത്തിക്കുന്ന സംവിധാനം, ഇ കൊമേഴ്സ്, കയറ്റുമതി സേവനങ്ങൾ, വിവിധ സർക്കാർ ക്ഷേമപദ്ധതികൾ എന്നിവയെക്കുറിച്ച് ജനങ്ങൾക്ക് വിശദീകരിച്ചു. പരാതികൾ പരിഹരിക്കാനും പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടാനും ഇന്ത്യ പോസ്റ്റിന്റെ വിവിധ സേവനങ്ങളെക്കുറിച്ച് അവബോധം വർധിപ്പിക്കാനും ഈ കൂടിക്കാഴ്ചകൾ സഹായിച്ചു. ഒഡീഷ സർക്കിളിലെ ഭുവനേശ്വർ തപാൽ ഡിവിഷന് കീഴിലുള്ള ബാലിപട്ന സബ് പോസ്റ്റ് ഓഫീസിലും ഡാക് ചൗപാൽ സംഘടിപ്പിച്ചു.

ഒറ്റദിവസം 1,861 ജനസമ്പർക്ക പരിപാടികൾ; കുട്ടികൾക്കും പങ്കാളിത്തം
ഭരണപരിഷ്കാര പൊതുപരാതി വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സംരംഭത്തോട് അനുബന്ധിച്ച് ഒക്ടോബർ ഇരുപത്തിമൂന്നിന് തപാൽ വകുപ്പ് രാജ്യവ്യാപകമായി പ്രത്യേക ഏകദിന പരിപാടി നടത്തി. അന്ന് സംഘടിപ്പിച്ച 1,861 ഡാക് ചൗപാലുകളിൽ 76,343 പേർ പങ്കെടുത്തു. ഇവരിൽ 31,728 പേർ സ്ത്രീകളായിരുന്നു. ഏകദേശം 55,952 ഇടങ്ങളിൽ ശുചീകരണം നടത്തുകയും 9,007 പൊതുപരാതികൾ പരിഹരിക്കുകയും ചെയ്തു.

സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാൻ വ്യത്യസ്ത പരിപാടികളും പ്രചാരണത്തിൽ ഉൾപ്പെടുത്തി. ന്യൂഡൽഹിയിലെ നെഹ്റു പ്ലേസ് തപാൽ ഓഫീസിൽ സ്കൂൾ കുട്ടികൾക്കായി ശുചിത്വവും പരിസ്ഥിതി ബോധവത്കരണവും വിഷയമാക്കി അക്ഷരങ്ങൾ മനോഹരമായി എഴുതുന്ന പരിപാടി സംഘടിപ്പിച്ചു. വസന്ത് കുഞ്ച് തപാൽ ഓഫീസിൽ കുട്ടികൾ മൺചട്ടികളിൽ ചിത്രങ്ങൾ വരയ്ക്കുകയും ചെടികൾ നടുകയും ചെയ്തു. ചെറുപ്രായത്തിൽതന്നെ ശുചിത്വബോധവും പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തവും വളർത്തുകയായിരുന്നു ലക്ഷ്യം.

ഡിജിപോസ്റ്റും ഉപഭോക്തൃ പ്രതികരണ സംവിധാനവും; സേവനങ്ങൾ കൂടുതൽ എളുപ്പമാക്കാൻ നടപടി
നടപടിക്രമങ്ങൾ കൂടുതൽ വൃത്തിയായും കാര്യക്ഷമമായും നടത്താനും സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങളും പ്രോത്സാഹിപ്പിച്ചു. ഗുജറാത്ത് പൊലീസുമായി സഹകരിച്ച് ആരംഭിച്ച ഡിജിപോസ്റ്റ് ഇതിൽ പ്രധാനമാണ്. ഡിജിറ്റൽ സംവിധാനവും നേരിട്ടുള്ള തപാൽ വിതരണവും കൂട്ടിച്ചേർത്ത സേവനമാണിത്. ഗുജറാത്ത് പൊലീസ് നൽകുന്ന ഗതാഗത നിയമലംഘനങ്ങളുടെ ഇ ചലാനുകൾ ഡിജിറ്റലായി കൈമാറി, പിന്നീട് തപാൽ വഴി ജനങ്ങൾക്ക് നേരിട്ട് എത്തിക്കുന്നു. ഇതിനായി ഗുജറാത്ത് പൊലീസും ഇന്ത്യ പോസ്റ്റും ധാരണാപത്രം ഒപ്പുവച്ചു. ഡിജിറ്റലായി തയ്യാറാക്കുന്ന പൊതുസേവന രേഖകൾ തപാൽ വകുപ്പിന്റെ വിപുലമായ വിതരണശൃംഖലയിലൂടെ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. സേവനങ്ങളിൽ സുതാര്യത വർധിപ്പിക്കാനും വിതരണം മെച്ചപ്പെടുത്താനും ഒഡീഷ, ജമ്മു കശ്മീർ തപാൽ സർക്കിളുകൾ ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ പ്രതികരണ സംവിധാനം അവതരിപ്പിച്ചു. വിവിധ ഭാഷകളിൽ അഭിപ്രായങ്ങൾ അറിയിക്കാനും ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനും സേവനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാനും ഇതിലൂടെ കഴിയും. ജമ്മു കശ്മീർ സർക്കിളിലെ വിവിധ തപാൽ ഓഫീസുകളിൽ ക്യൂ ആർ കോഡുകൾ പ്രദർശിപ്പിച്ച് ശുചിത്വ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നു.
ഇന്ത്യ പോസ്റ്റിന്റെ ഇൻഷുറൻസ് മാനേജ്മെന്റ് സൊല്യൂഷനിലൂടെ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതികൾ ഓൺലൈനായി പരിശോധിക്കാം. പ്രീമിയവും ആനുകൂല്യങ്ങളും താരതമ്യം ചെയ്യാനും പോളിസിക്ക് അപേക്ഷിക്കാനും ആദ്യ പ്രീമിയം അടയ്ക്കാനും സൗകര്യമുണ്ട്. ഇൻഷുറൻസ് സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. അളക്കാവുന്ന നേട്ടങ്ങളും പുതിയ സംരംഭങ്ങളും തപാൽ ജീവനക്കാരുടെയും സമൂഹത്തിന്റെയും സജീവ പങ്കാളിത്തവും വഴി ഓഫീസുകളെ കൂടുതൽ വൃത്തിയുള്ളതും കാര്യക്ഷമവും ഉപഭോക്തൃസൗഹൃദവുമായ ഇടങ്ങളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ വകുപ്പ് തുടരുകയാണ്. ശുചിത്വം, ഭരണകാര്യക്ഷമത, പരിസ്ഥിതി സംരക്ഷണം, ജനകേന്ദ്രീകൃത സേവനം എന്നിവ ശക്തിപ്പെടുത്തിയ പ്രചാരണത്തിലെ രീതികൾ തുടർന്നും നിലനിർത്തും. പ്രചാരണകാലത്തിന് ശേഷവും ശുചിത്വവും കാര്യക്ഷമതയും ദൈനംദിന പ്രവർത്തനത്തിന്റെ അവിഭാജ്യഘടകമാക്കാനാണ് വകുപ്പിന്റെ തീരുമാനം.
.