ഗോവ / 2026 / നവംബർ 06
രാജ്യത്തിന്റെ ഊർജസുരക്ഷ ശക്തമാക്കാൻ കൽക്കരി മേഖലയിലെ പരിഷ്കാരങ്ങളും കൽക്കരി വാതകവൽക്കരണവും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഖനനവും വേഗത്തിലാക്കണമെന്ന് കേന്ദ്ര കൽക്കരി, ഖനി മന്ത്രി ജി കിഷൻ റെഡ്ഡി ആവശ്യപ്പെട്ടു. ഗോവയിൽ നടക്കുന്ന നാലാമത് ഖനന മന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഖനി മന്ത്രാലയം നവംബർ അഞ്ചിനും ആറിനുമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ഖനന മന്ത്രിമാരും കേന്ദ്ര, സംസ്ഥാന സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൽക്കരി, ഖനന മേഖലകളിൽ വലിയ മാറ്റങ്ങളുണ്ടായെന്ന് മന്ത്രി പറഞ്ഞു. തുടർച്ചയായ പരിഷ്കാരങ്ങൾ സുതാര്യതയും കാര്യക്ഷമതയും പ്രൊഫഷണൽ സമീപനവും മെച്ചപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഊർജസുരക്ഷയ്ക്കും ഈ മേഖലകൾ നൽകുന്ന സംഭാവനയും ശക്തമായതായി അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ സമൃദ്ധമായ കൽക്കരി വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കൽക്കരി വാതകവൽക്കരണം വേഗത്തിലാക്കണം. ആഭ്യന്തര കൽക്കരിയുടെ സാമ്പത്തിക മൂല്യം പ്രയോജനപ്പെടുത്താനും വ്യവസായങ്ങളെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ കഴിയുമെന്ന് കിഷൻ റെഡ്ഡി പറഞ്ഞു. ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കാനും ഇത് സഹായിക്കും. മാറുന്ന ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ നിർണായക ധാതുക്കളുടെ തന്ത്രപ്രധാനമായ പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവയുടെ ആഭ്യന്തര പര്യവേക്ഷണം, ഖനനം, സംസ്കരണം, ശുദ്ധീകരണം, പുനരുപയോഗം എന്നിവയ്ക്കുള്ള ശേഷി വർധിപ്പിക്കണം. ഇറക്കുമതി ആശ്രയം കുറയ്ക്കാനും തന്ത്രപരവും സാമ്പത്തികവുമായ വെല്ലുവിളികളെ നേരിടാനും സ്വയംപര്യാപ്തമായ ധാതുമേഖല അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിർമിതബുദ്ധിയും ആധുനിക സാങ്കേതികവിദ്യകളും ഖനനത്തിലേക്ക്
ധാതു പര്യവേക്ഷണം, ഖനികളുടെ പ്രവർത്തനം, ധാതുക്കൾ വേർതിരിച്ചെടുക്കൽ എന്നിവയിൽ നിർമിതബുദ്ധിയും ഡിജിറ്റൽ സംവിധാനങ്ങളും നൂതന സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തണമെന്ന് കിഷൻ റെഡ്ഡി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഉൽപ്പാദനക്ഷമതയും പ്രവർത്തന കാര്യക്ഷമതയും വർധിപ്പിക്കാനും സുസ്ഥിരമായ ഖനനം ഉറപ്പാക്കാനും ഇത് സഹായിക്കും. ലേലം ചെയ്ത ഖനികൾ പ്രവർത്തനക്ഷമമാക്കുന്നത് വേഗത്തിലാക്കണം. പുതിയ ഖനന ബ്ലോക്കുകളുടെ ലേലം ത്വരിതപ്പെടുത്തുകയും പര്യവേക്ഷണം വിപുലീകരിക്കുകയും വേണം. സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാനങ്ങളിലെ ധാതുവിഭവങ്ങളുടെ മുഴുവൻ സാധ്യതയും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഖനന പരിഷ്കാരങ്ങൾ സംസ്ഥാന സമ്പദ്വ്യവസ്ഥകളെ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപം ആകർഷിക്കാനും തൊഴിലവസരങ്ങളും വരുമാനവും വർധിപ്പിക്കാനും ഖനനബാധിത പ്രദേശങ്ങളിൽ വികസനം എത്തിക്കാനും ഇവ സഹായിച്ചതായും മന്ത്രി വ്യക്തമാക്കി.
സഹകരണ ഫെഡറലിസത്തിന്റെ ഭാഗമായി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധാതു, കൽക്കരി വിഭവങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഖനനമേഖലയെ ശക്തിപ്പെടുത്താനും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ച ഉറപ്പാക്കാനും ഇത് ആവശ്യമാണ്. കൂട്ടായ പരിശ്രമവും പൊതുവായ പ്രവർത്തനരേഖയും ഖനന, കൽക്കരി മേഖലകളെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിന് ഇത് വലിയ സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഖനനം തുടങ്ങുമ്പോൾതന്നെ പുനരധിവാസത്തിനും പദ്ധതി. വേണം
രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി, വ്യവസായ വികസനം, ഊർജസുരക്ഷ എന്നിവയുടെ പ്രധാന തൂണാണ് ഖനനമേഖലയെന്ന് കേന്ദ്ര കൽക്കരി, ഖനി സഹമന്ത്രി സതീഷ് ചന്ദ്ര ദുബെ പറഞ്ഞു. സുതാര്യമായ ലേലനടപടികൾ, നിക്ഷേപ പ്രോത്സാഹനം, പുതിയ തൊഴിലവസരങ്ങൾ, ഖനനപ്രവർത്തനങ്ങൾക്ക് വേഗം കൂട്ടൽ എന്നിവ ഉൾപ്പെടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിപുലമായ പരിഷ്കാരങ്ങൾ അദ്ദേഹം വിശദീകരിച്ചു. സുസ്ഥിരവും ഉത്തരവാദിത്വമുള്ളതുമായ ഖനനം, പരിസ്ഥിതി സംരക്ഷണം, ഖനിപ്രദേശങ്ങളുടെ പുനരുദ്ധാരണം, ഖനനബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ക്ഷേമം എന്നിവയ്ക്ക് മുൻഗണന നൽകണം. ഖനനം പൂർത്തിയായ ശേഷമുള്ള പുനരധിവാസവും പ്രദേശവാസികൾക്കുള്ള ബദൽ ഉപജീവനമാർഗങ്ങളും ഖനനത്തിന്റെ തുടക്കത്തിൽതന്നെ പദ്ധതിയിൽ ഉൾപ്പെടുത്തണം. വികസനത്തിനൊപ്പം പരിസ്ഥിതിയുടെയും സമൂഹത്തിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിതവും ആധുനികവുമായ ഖനന സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് കൽക്കരി ഉൽപ്പാദനം വർധിപ്പിക്കണമെന്നും ദുബെ ആവശ്യപ്പെട്ടു. കൽക്കരി വാതകവൽക്കരണം, കൽക്കരിയുടെ ഉപയോഗത്തിലെ പുതുമകൾ, ഖനിയിൽനിന്നുള്ള ആദ്യഘട്ട ചരക്കുനീക്കം മെച്ചപ്പെടുത്തുന്ന ഫസ്റ്റ് മൈൽ കണക്റ്റിവിറ്റി തുടങ്ങിയ സംരംഭങ്ങളും മുന്നോട്ടുകൊണ്ടുപോകണം. സംസ്ഥാനങ്ങൾ അനുഭവങ്ങളും മികച്ച പ്രവർത്തനരീതികളും പങ്കുവെക്കണം. ഖനനമേഖലയിലെ വെല്ലുവിളികൾ പരിഹരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായ രണ്ടാം വർഷവും നൂറുകോടി ടൺ കടന്ന് കൽക്കരി ഉൽപ്പാദനം
ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിലും സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്നതിലും കൽക്കരി മേഖല നിർണായക പങ്കുവഹിക്കുന്നതായി കേന്ദ്ര കൽക്കരി മന്ത്രാലയ സെക്രട്ടറി വിക്രം ദേവ് ദത്ത് പറഞ്ഞു. ആഭ്യന്തര കൽക്കരി ഉൽപ്പാദനം തുടർച്ചയായ രണ്ടാം വർഷവും നൂറുകോടി ടൺ പിന്നിട്ടു. ഊർജരംഗത്തെ സ്വയംപര്യാപ്തതയിലേക്കുള്ള യാത്രയിലും ഇറക്കുമതി കൽക്കരിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലും ഇത് പ്രധാന നേട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൽക്കരി മേഖലയെ കൂടുതൽ മത്സരക്ഷമവും സുതാര്യവും കാര്യക്ഷമവും നിക്ഷേപസൗഹൃദവുമാക്കാൻ ഘടനാപരമായ പരിഷ്കാരങ്ങൾ തുടരണം. വാണിജ്യ കൽക്കരി ഖനനം, പരിഷ്കരിച്ച ശക്തി ചട്ടക്കൂട്, കോൾ സേതു തുടങ്ങിയ സംരംഭങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കണമെന്നും നടപടിക്രമങ്ങൾ ലളിതമാക്കണമെന്നും ആവശ്യപ്പെട്ടു. കൽക്കരി ഖനികൾ പ്രവർത്തനക്ഷമമാക്കുന്നതും വേഗത്തിലാക്കണം.
മൂല്യവർധനയ്ക്കും വ്യവസായ വൈവിധ്യവൽക്കരണത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കൽക്കരി വാതകവൽക്കരണം വലിയ സാധ്യതയാണെന്ന് വിക്രം ദേവ് ദത്ത് പറഞ്ഞു. കൽക്കരി സമ്പത്തുള്ള സംസ്ഥാനങ്ങൾ നിക്ഷേപത്തിന് സൗകര്യമൊരുക്കുകയും അടിസ്ഥാനസൗകര്യ വികസനത്തെ പിന്തുണയ്ക്കുകയും പദ്ധതികളുടെ നടപ്പാക്കൽ വേഗത്തിലാക്കുകയും വേണം. സാങ്കേതികവിദ്യ, ഡിജിറ്റൽ സംവിധാനങ്ങൾ, സുസ്ഥിര ഖനനരീതികൾ, കാര്യക്ഷമമായ ചരക്കുനീക്കം എന്നിവയ്ക്കും അദ്ദേഹം പ്രാധാന്യം നൽകി. കൽക്കരി, ധാതുവിഭവങ്ങളുടെ മുഴുവൻ സാധ്യതയും പ്രയോജനപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സഹകരണം ശക്തിപ്പെടുത്തണം. കൽക്കരി മേഖലയിലെ അടുത്ത വളർച്ചാഘട്ടം ഖനനത്തിൽനിന്ന് മൂല്യസൃഷ്ടിയിലേക്ക് കടക്കണം. വ്യവസായ വികസനം, സംസ്ഥാനങ്ങളുടെ വരുമാനവർധന, തൊഴിൽസൃഷ്ടി, വികസിത ഭാരതം എന്ന ലക്ഷ്യം എന്നിവയ്ക്ക് ഈ മേഖല പ്രേരകശക്തിയാകണമെന്നും അദ്ദേഹം പറഞ്ഞു.
നടപടികൾ ലളിതമാക്കി നിക്ഷേപവും സഹകരണവും വർധിപ്പിക്കും
കൽക്കരി മേഖലയിലെ സമീപകാല പരിഷ്കാരങ്ങളെക്കുറിച്ച് മന്ത്രാലയ അഡീഷണൽ സെക്രട്ടറി രൂപീന്ദർ ബ്രാർ വിശദമായ അവതരണം നടത്തി. വ്യവസായം നടത്തുന്നത് എളുപ്പമാക്കുന്നതിൽ പരിഷ്കാരങ്ങളുടെ പങ്ക്, പ്രധാന വെല്ലുവിളികൾ, സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതീക്ഷകൾ എന്നിവ അവർ വിശദീകരിച്ചു. നടപടിക്രമങ്ങൾ ലളിതമാക്കാനും സുതാര്യത മെച്ചപ്പെടുത്താനും നിക്ഷേപം സുഗമമാക്കാനും ബന്ധപ്പെട്ടവർക്ക് കൂടുതൽ വ്യവസായസൗഹൃദ അന്തരീക്ഷം ഒരുക്കാനും പരിഷ്കാരങ്ങൾ സഹായിക്കുന്നതായി അവതരണത്തിൽ വ്യക്തമാക്കി. പുതിയ വെല്ലുവിളികൾ പരിഹരിക്കാനും പരിഷ്കാരങ്ങളുടെ വേഗം കൂട്ടാനും കേന്ദ്ര, സംസ്ഥാന സഹകരണം കൂടുതൽ ശക്തമാക്കണം. കാര്യക്ഷമവും മത്സരക്ഷമവും സുസ്ഥിരവുമായ കൽക്കരി മേഖല രൂപപ്പെടുത്തുന്നതിലൂടെ ഊർജസുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും ഈ നടപടികൾ കരുത്തേകുമെന്നും വ്യക്തമാക്കി. ഖനനമേഖലയിലെ പുരോഗതി, അവസരങ്ങൾ, വെല്ലുവിളികൾ എന്നിവ ചർച്ചചെയ്യാനും സംസ്ഥാനങ്ങളുടെ അനുഭവങ്ങളും സംരംഭങ്ങളും മികച്ച പ്രവർത്തനരീതികളും പങ്കുവെക്കാനും സമ്മേളനം വേദിയായി.
കൽക്കരി മേഖലയെ ശക്തിപ്പെടുത്താൻ തുടർച്ചയായ പരിഷ്കാരങ്ങളും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഏകോപിത പ്രവർത്തനവും ആവശ്യമാണെന്ന് സമ്മേളനത്തിലെ ചർച്ചകൾ അടിവരയിട്ടു. കൽക്കരി വാതകവൽക്കരണം വേഗത്തിലാക്കുക, വാണിജ്യ കൽക്കരി ഖനനം പ്രോത്സാഹിപ്പിക്കുക, നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക, നിക്ഷേപം സുഗമമാക്കുക, സുസ്ഥിര ഖനനം ഉറപ്പാക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആഭ്യന്തര കൽക്കരി വിഭവങ്ങളുടെ മുഴുവൻ സാധ്യതയും പ്രയോജനപ്പെടുത്താനാണ് കൽക്കരി മന്ത്രാലയത്തിന്റെ പ്രതിബദ്ധത. മൂല്യവർധന, പ്രവർത്തന കാര്യക്ഷമത, സ്വകാര്യ പങ്കാളിത്തം, സഹകരണ ഫെഡറലിസം എന്നിവയ്ക്ക് നൽകുന്ന പ്രാധാന്യം വ്യവസായ വളർച്ച, ഊർജസുരക്ഷ, തൊഴിൽസൃഷ്ടി, സാമ്പത്തിക വികസനം എന്നിവയുടെ പ്രധാന ചാലകശക്തിയായി കൽക്കരി മേഖലയെ മാറ്റുന്നതിൽ നിർണായകമാകും.
..
