ന്യൂഡൽഹി / 2026 / നവംബർ 04
ഇന്ത്യൻ നാവികസേനയുടെ വാർഷിക ഉന്നതതല അന്താരാഷ്ട്ര തന്ത്രപ്രധാന സംവാദമായ ഇൻഡോ പസഫിക് റീജണൽ ഡയലോഗ് നവംബർ മൂന്നിന് ന്യൂഡൽഹിയിൽ ആരംഭിച്ചു. നാവികസേനയുടെ വിജ്ഞാന പങ്കാളിയായ നാഷണൽ മാരിടൈം ഫൗണ്ടേഷനുമായി ചേർന്നാണ് മൂന്നുദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്. ഇൻഡോ പസഫിക് മേഖലയിലെ ശാസ്ത്രം, സാങ്കേതികവിദ്യ, അക്കാദമിക സഹകരണം എന്നിവയാണ് പ്രധാന ചർച്ചാവിഷയം. ശാസ്ത്രനേട്ടങ്ങളെയും സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തത്തെയും പ്രായോഗികമായ മേഖലാ സഹകരണമായി മാറ്റുന്നതിനാണ് പ്രത്യേക ഊന്നൽ.
ശാസ്ത്രീയ അറിവും സാങ്കേതിക നവീകരണവും എങ്ങനെ ദീർഘകാല സ്ഥാപന സഹകരണത്തിലേക്കും ശക്തമായ സമുദ്രശേഷിയിലേക്കും മേഖലയ്ക്കാകെ പ്രതിസന്ധികളെ നേരിടാനുള്ള കരുത്തിലേക്കും മാറ്റാമെന്ന ചോദ്യമാണ് ആദ്യദിനം മുന്നോട്ടുവച്ചത്. നാഷണൽ മാരിടൈം ഫൗണ്ടേഷൻ ചെയർമാനും മുൻ നാവികസേനാ മേധാവിയുമായ റിട്ടയേഡ് അഡ്മിറൽ ദിനേശ് കെ. ത്രിപാഠി ഉദ്ഘാടന പ്രസംഗം നടത്തി. തുടർന്ന് കേന്ദ്രസർക്കാരിന്റെ ദേശീയ സമുദ്രസുരക്ഷാ ഏകോപകനായ റിട്ടയേഡ് വൈസ് അഡ്മിറൽ ബിശ്വജിത് ദാസ്ഗുപ്ത പ്രത്യേക പ്രഭാഷണം നടത്തി.

സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും കൈകോർക്കണം
അക്കാദമിക ശൃംഖലകൾ, ഗവേഷണം, മനുഷ്യവിഭവ വികസനം എന്നിവയിലായിരുന്നു ആദ്യ സമ്മേളനത്തിന്റെ ശ്രദ്ധ. മുൻ നാവികസേനാ ഉപമേധാവിയായ റിട്ടയേഡ് വൈസ് അഡ്മിറൽ സഞ്ജയ് മഹീന്ദ്രു ചർച്ച നയിച്ചു. ഫ്രാൻസ്, ഇന്തോനേഷ്യ, ജപ്പാൻ, മാലദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ള കാഴ്ചപ്പാടുകൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. ഇൻഡോ പസഫിക് തീരനഗരങ്ങളിലെ സർവകലാശാലകൾ തമ്മിലുള്ള സഹകരണം ഉൾപ്പെടെ, ഇന്ത്യൻ മഹാസമുദ്ര മേഖലയിലാകെ വിപുലമായ അക്കാദമിക ശൃംഖല രൂപപ്പെടുത്താനുള്ള സാധ്യതകൾ ചർച്ച ചെയ്തു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സാമൂഹികശാസ്ത്ര ഗവേഷണ ശൃംഖലകളും സമ്മേളനം പരിശോധിച്ചു. നയഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സർക്കാരുകൾ എന്നിവ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള വഴികളും ചർച്ചയായി. സമ്മേളനത്തിന്റെ സമാപനത്തിൽ, ഇന്ത്യയിൽ സമുദ്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധക്കുറവും രാജ്യത്തിന്റെ സമുദ്രപൈതൃകവും വിഷയമാക്കിയ ഗവേഷണഗ്രന്ഥം പ്രകാശനം ചെയ്തു.
കടൽവ്യാപാരത്തിനും കടലിനടിയിലെ സംവിധാനങ്ങൾക്കും സംരക്ഷണം
സമുദ്രത്തിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധവും നിർണായക സമുദ്ര അടിസ്ഥാനസൗകര്യങ്ങളുടെ സംരക്ഷണവുമായിരുന്നു ദിവസത്തെ രണ്ടാമത്തെ വിദഗ്ധ സമ്മേളനത്തിന്റെ വിഷയം. കടൽവ്യാപാരവും കടലിനടിയിലെ നിർണായക അടിസ്ഥാനസൗകര്യങ്ങളും സംരക്ഷിക്കുമ്പോൾ നേരിടുന്ന സമുദ്രനിരീക്ഷണ വെല്ലുവിളികളുടെ വ്യാപ്തി ചർച്ച ചെയ്തു. മുൻ നാവികസേനാ ഉപമേധാവിയായ റിട്ടയേഡ് വൈസ് അഡ്മിറൽ തരുൺ സോബ്തിയാണ് ചർച്ച നയിച്ചത്.
സമുദ്രമേഖലയിലെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനുള്ള ഇൻഡോ പസഫിക് പങ്കാളിത്തത്തിന്റെ അവസരങ്ങളും വെല്ലുവിളികളും സമ്മേളനം പരിശോധിച്ചു. വിവരങ്ങൾ പങ്കിടുന്നതിനുള്ള പ്രായോഗിക ആവശ്യങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകി. കടലിനടിയിലെ സാഹചര്യങ്ങൾ നിരീക്ഷിക്കാൻ ഇൻഡോ പസഫിക് രാജ്യങ്ങൾ സഹകരിച്ചുള്ള സംവിധാനം വികസിപ്പിക്കുന്നതും ചർച്ചയായി. നിർണായക സമുദ്ര അടിസ്ഥാനസൗകര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള സഹകരണ സമീപനങ്ങളെക്കുറിച്ച് ഇന്ത്യൻ ഓഷ്യൻ കമ്മീഷന്റെ കാഴ്ചപ്പാടുകളും അവതരിപ്പിച്ചു.
വിവരപങ്കിടലിലൂടെ കാലാവസ്ഥാ അപകടങ്ങളെ നേരിടാം
സാങ്കേതിക സംവിധാനങ്ങളെയും ശാസ്ത്രീയ പങ്കാളിത്തങ്ങളെയും പ്രവർത്തനതലത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് രണ്ട് വിദഗ്ധ സമ്മേളനങ്ങളും പരിശോധിച്ചു. സമുദ്രവുമായി ബന്ധപ്പെട്ട വിവരപങ്കിടൽ ശക്തമാക്കുക, നിർണായക അടിസ്ഥാനസൗകര്യങ്ങൾ സംരക്ഷിക്കുക, സമുദ്രശാസ്ത്ര അറിവ് കൂടുതൽ ലഭ്യമാക്കുക എന്നിവയ്ക്കാണ് ഊന്നൽ നൽകിയത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടങ്ങളോട് കൂടുതൽ ഏകോപനത്തോടെ പ്രതികരിക്കാൻ ഈ സഹകരണം എങ്ങനെ സഹായിക്കുമെന്നും ചർച്ച ചെയ്തു.
നയതന്ത്ര പ്രതിനിധികളുമായി പ്രത്യേക സംവാദം
ദിവസത്തെ പരിപാടിയിൽ സഹ്യോഗ് കാ സംവാദ് എന്ന പ്രത്യേക നയതന്ത്ര സംവാദവും നടന്നു. ശ്രീലങ്കൻ ഹൈക്കമ്മീഷണർ മഹിഷിനി കൊളോന്നെ, ഫിലിപ്പീൻസിന്റെ പൂർണാധികാര അംബാസഡർ ജോസൽ എഫ്. ഇഗ്നാസിയോ, നോർവേയുടെ അംബാസഡർ മേയ് എലിൻ സ്റ്റെനർ എന്നിവർ പങ്കെടുത്തു. നാഷണൽ മാരിടൈം ഫൗണ്ടേഷൻ ഡയറക്ടർ ജനറലായ റിട്ടയേഡ് വൈസ് അഡ്മിറൽ പ്രദീപ് ചൗഹാൻ പരിപാടിക്ക് ആതിഥേയത്വം വഹിക്കുകയും ചർച്ച നയിക്കുകയും ചെയ്തു.
സദസ്സിന്റെ ആവേശകരമായ പങ്കാളിത്തത്തോടെ പ്രതീക്ഷാനിർഭരമായാണ് ആദ്യദിനം അവസാനിച്ചത്. ശാസ്ത്രസാങ്കേതിക മേഖലകളിലെ പ്രാദേശിക സഹകരണം വളർത്താനും അക്കാദമിക സഹകരണത്തിലൂടെ അറിവ് പങ്കിടാനും നടപ്പാക്കാവുന്ന നിരവധി നയശുപാർശകൾ പങ്കെടുത്തവർ മുന്നോട്ടുവച്ചു.
.