പ്രധാന വിവരങ്ങൾ
- മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഖേത് ബചാവോ അഭിയാൻ റാബി പ്രചാരണം നവംബർ 30 വരെ തുടരും.
- 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 50 ലക്ഷം കർഷകരിലേക്ക് നേരിട്ട് എത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
- പ്രവർത്തനങ്ങൾക്കായി 4,150 സംഘങ്ങളും 12,000ലധികം ശാസ്ത്രജ്ഞരും ആത്മ പ്രവർത്തകരും സഹകരിക്കും.
- 50,000 കൃഷിയിട പ്രദർശനങ്ങളും 11,750 പരിശീലന പരിപാടികളും നടത്താനാണ് പദ്ധതി.
- സമതുലിത വളപ്രയോഗം, പ്രകൃതികൃഷി, വിളവൈവിധ്യം, കാലാവസ്ഥാ പ്രതിരോധം എന്നിവയ്ക്ക് പ്രചാരണത്തിൽ പ്രത്യേക ഊന്നൽ നൽകും.
ന്യൂഡൽഹി / 2026 / നവംബർ 03
മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വളങ്ങൾ സമതുലിതമായി ഉപയോഗിക്കാനും സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിക്കാനുമായി ഖേത് ബചാവോ അഭിയാൻ റാബി 2026 രാജ്യവ്യാപകമായി നടക്കുന്നു. ഒക്ടോബർ 22ന് തുടങ്ങിയ പ്രചാരണം നവംബർ 30 വരെ തുടരും. കാർഷിക വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, കൃഷിവിജ്ഞാന കേന്ദ്രങ്ങൾ, കാർഷിക സാങ്കേതികവിദ്യാ പരിപാലന ഏജൻസിയായ ആത്മ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ. 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 700ലധികം ജില്ലകളിലെ 50,000 ഗ്രാമങ്ങൾ പദ്ധതിയുടെ പരിധിയിൽ വരും. ഏകദേശം 50 ലക്ഷം കർഷകരിലേക്ക് നേരിട്ട് എത്തുകയാണ് ലക്ഷ്യം. മണ്ണിലെ പോഷകങ്ങളുടെ അസന്തുലിതാവസ്ഥ, ജൈവാംശം കുറയുന്നത്, കൃഷിച്ചെലവ് ഉയരുന്നത്, പ്രകൃതിവിഭവങ്ങളുടെ നാശം എന്നിവ പരിഹരിക്കാനാണ് ശ്രമം. ആരോഗ്യകരമായ മണ്ണും സമൃദ്ധരായ കർഷകരും എന്ന ആശയത്തിലാണ് പ്രചാരണം.
കാർഷിക ഉൽപ്പാദനത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും ഗ്രാമീണ ഉപജീവനത്തിന്റെയും അടിത്തറ മണ്ണിന്റെ ആരോഗ്യമാണ്. ഇന്ത്യയിലെ തൊഴിലാളികളിൽ 46 ശതമാനത്തിലധികം പേർ കൃഷിയിലും അനുബന്ധ മേഖലകളിലുമാണ് പ്രവർത്തിക്കുന്നത്. അതിനാൽ മണ്ണിന്റെ ആരോഗ്യം ഭക്ഷ്യവ്യവസ്ഥയെയും സാമ്പത്തിക സ്ഥിരതയെയും സ്വാധീനിക്കുന്നു. ആരോഗ്യമുള്ള മണ്ണ് വിളവ് കൂട്ടാനും പുറത്തുനിന്ന് വാങ്ങുന്ന കാർഷിക ഉൽപ്പാദന സാമഗ്രികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കും. ആവശ്യത്തിന് അനുസരിച്ചുള്ള വളപ്രയോഗം, സുസ്ഥിര പോഷകപരിപാലനം, പ്രകൃതികൃഷി, ജലസംരക്ഷണം, പ്രകൃതിവിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം എന്നിവയ്ക്കാണ് പ്രാധാന്യം. കർഷകരുടെ അറിവും നൈപുണ്യവും വർധിപ്പിക്കൽ, കാർഷിക യന്ത്രവത്കരണം, മെച്ചപ്പെട്ട സാങ്കേതികവിദ്യകളുടെ പ്രദർശനം എന്നിവയും ഉൾപ്പെടും. മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കാനും ജൈവവൈവിധ്യം വർധിപ്പിക്കാനും സഹായിക്കുന്ന പുനരുജ്ജീവന കൃഷിരീതികളും പരിചയപ്പെടുത്തും. വളത്തിന്റെ ഉപയോഗം കൂടുതലുള്ള 100 ജില്ലകൾക്ക് മുൻഗണന നൽകാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. കർഷകരെയും ശാസ്ത്രജ്ഞരെയും കാർഷിക സ്ഥാപനങ്ങളെയും ഒരുമിപ്പിച്ച് അറിവിന്റെ അടിസ്ഥാനത്തിലുള്ള കൃഷിതീരുമാനങ്ങളും സുസ്ഥിര രീതികളുടെ വ്യാപനവുമാണ് ലക്ഷ്യമിടുന്നത്.
വളപ്രയോഗം മുതൽ കാലാവസ്ഥയെ നേരിടുന്ന കൃഷിവരെ
പ്രദേശത്തിന് അനുയോജ്യവും ശാസ്ത്രീയവുമായ കൃഷിരീതികൾ സ്വീകരിക്കാൻ കർഷകരെ പ്രേരിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. പൊതുവായ വളപ്രയോഗ ശുപാർശകളുടെ അടിസ്ഥാനത്തിലുള്ള പോഷകപരിപാലനം പ്രോത്സാഹിപ്പിക്കും. ശരിയായ വളം, ശരിയായ അളവ്, ശരിയായ സമയം, ശരിയായ സ്ഥലം എന്നീ നാല് കാര്യങ്ങൾ ഉറപ്പാക്കുന്ന രീതിയാണ് പിന്തുടരുക. റാബി വിളകളുടെ ആവശ്യത്തിന് അനുയോജ്യമായ സമതുലിതവും കാര്യക്ഷമവുമായ വളപ്രയോഗത്തിന് ഇത് സഹായിക്കും. ബോധവത്കരണം, പരിശീലനം, പ്രദർശനങ്ങൾ, കർഷകർ പരസ്പരം അനുഭവങ്ങൾ പങ്കുവയ്ക്കൽ എന്നിവയിലൂടെ പ്രകൃതികൃഷി വ്യാപിപ്പിക്കും. സംയോജിത പോഷകപരിപാലനവും അനുയോജ്യമായ ജൈവവസ്തുക്കളുടെയും ജീവാണു അധിഷ്ഠിത ഉൽപ്പാദന സാമഗ്രികളുടെയും ഉപയോഗവും പ്രോത്സാഹിപ്പിക്കും. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വിളാവശിഷ്ടങ്ങൾ കത്തിക്കുന്നത് നിരുത്സാഹപ്പെടുത്തും. വിവരവിനിമയവും വിദ്യാഭ്യാസവും ബോധവത്കരണവും വഴി അവശിഷ്ടങ്ങളുടെ സുസ്ഥിര പരിപാലനം പരിചയപ്പെടുത്തും. എണ്ണക്കുരു, പയർവർഗ ഉൽപ്പാദനം വർധിപ്പിക്കാനും വിളവൈവിധ്യം പ്രോത്സാഹിപ്പിക്കാനും നെൽകൃഷിക്കുശേഷം തരിശിടുന്ന ഭൂമി ഉൽപ്പാദനത്തിന് ഉപയോഗിക്കാനും പരിശീലനവും പ്രദർശനങ്ങളും നടത്തും.
മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ വരൾച്ചാബാധിത പ്രദേശങ്ങളിൽ പ്രാദേശിക സാഹചര്യത്തിന് അനുയോജ്യമായ അടിയന്തര കൃഷിപദ്ധതികൾ നടപ്പാക്കും. കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിളപരിപാലനവും വിഭവവിനിയോഗവുമാണ് ലക്ഷ്യം. കാർഷിക സർക്കാർ പദ്ധതികളെയും അവയുടെ ആനുകൂല്യങ്ങളെയും കുറിച്ച് ബോധവത്കരണം നടത്തും. കീടനാശിനികളുടെ ഗുണനിലവാരവും സുരക്ഷിത ഉപയോഗവും വിശദീകരിക്കും. സംയോജിത കീടപരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആവശ്യത്തിന് മാത്രം, ലേബലിലെ നിർദേശങ്ങൾ പാലിച്ച് കീടനാശിനി ഉപയോഗിക്കാൻ നിർദേശിക്കും. വിവേചനമില്ലാത്ത പ്രയോഗം നിരുത്സാഹപ്പെടുത്തും. നേരത്തെ ജൂൺ ഒന്നുമുതൽ 30 വരെ നടന്ന ഖേത് ബചാവോ അഭിയാനിൽ 1,657 വിവിധ മേഖലകളിലെ വിദഗ്ധസംഘങ്ങൾ പ്രവർത്തിച്ചിരുന്നു. 1.34 ലക്ഷത്തിലധികം ബോധവത്കരണ പരിപാടികളിലൂടെ 92.44 ലക്ഷം കർഷകരിലേക്ക് എത്തി. പച്ചിലവളത്തെയും ജീവാണുവളങ്ങളെയും കുറിച്ചുള്ള 6,685 പരിശീലനങ്ങളിൽ 4.94 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചു. 3,167 കൃഷിയിട പ്രദർശനങ്ങളും 4,779 സംവാദപരിപാടികളും പ്രായോഗിക പഠനത്തിന് അവസരമൊരുക്കി. വളം ഉൾപ്പെടെയുള്ള കാർഷിക സാമഗ്രികളുടെ വ്യാപാരികളും പങ്കെടുത്ത 4,916 ജനപ്രതിനിധി സമ്മേളനങ്ങൾ താഴെത്തട്ടിലെ പങ്കാളിത്തം ശക്തമാക്കി. ആകെ 1.07 കോടിയോളം കർഷകരിലേക്കും മറ്റ് ബന്ധപ്പെട്ടവരിലേക്കും നേരിട്ട് എത്തി. സാമൂഹികമാധ്യമങ്ങളിലൂടെ ഏകദേശം 4.5 കോടി ജനങ്ങളിലേക്കും സന്ദേശമെത്തിച്ചു.
മണ്ണിന് കരുത്തേകാൻ ഡെയിഞ്ചയും ചെറുപയറും
ബിഹാറിലെ കിഴക്കൻ ചമ്പാരനിലെ നെൽകൃഷി മേഖലകളിൽ മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്തുന്നതും വളപ്രയോഗം ക്രമീകരിക്കുന്നതും കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. മണ്ണിലെ ജൈവകാർബൺ കുറയുന്നതും സൂക്ഷ്മപോഷകങ്ങളുടെ അഭാവവും പ്രശ്നം രൂക്ഷമാക്കുന്നു. ഖേത് ബചാവോ അഭിയാൻ 2026ന്റെ ഭാഗമായി ബിഹാറിലെ മോത്തിഹാരിയിലുള്ള ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ മഹാത്മാഗാന്ധി സംയോജിത കൃഷി ഗവേഷണ സ്ഥാപനം പച്ചിലവളത്തിന്റെയും ജൈവ നൈട്രജൻ സ്ഥിരീകരണത്തിന്റെയും പ്രയോജനം വിശദീകരിച്ചു. കിഴക്കൻ ചമ്പാരൻ ജില്ലയിലെ റക്സൗൽ ബ്ലോക്കിലെ പന്തോക പഞ്ചായത്തിൽ നടന്ന കർഷക സമ്പർക്ക പരിപാടിയിൽ ശുപാർശ ചെയ്ത വളത്തിന്റെ അളവിനൊപ്പം കാലിവളം, കമ്പോസ്റ്റ്, ജീവാണുവളങ്ങൾ, വിളാവശിഷ്ടങ്ങൾ എന്നിവ ചേർത്ത് ഉപയോഗിക്കാൻ നിർദേശിച്ചു. നെൽഞാറ്റടി പരിപാലനവും ചർച്ചയായി. വിളാവശിഷ്ടങ്ങൾ കത്തിക്കുന്നതിനുപകരം കമ്പോസ്റ്റാക്കൽ, പുതയിടൽ, മണ്ണിരക്കമ്പോസ്റ്റ് നിർമാണം തുടങ്ങിയ മാർഗങ്ങളും പരിചയപ്പെടുത്തി.
നെൽകൃഷി അധിഷ്ഠിത വിളക്രമത്തിൽ സെസ്ബേനിയ ഇനത്തിൽപ്പെട്ട ഡെയിഞ്ച എന്ന പച്ചിലവളച്ചെടിയും വേനൽക്കാല ചെറുപയറും ഉൾപ്പെടുത്തണമെന്ന് ശാസ്ത്രജ്ഞർ നിർദേശിച്ചു. ഡെയിഞ്ചയ്ക്ക് ഹെക്ടറിന് ഏകദേശം 50 മുതൽ 60 കിലോഗ്രാം വരെ നൈട്രജൻ നൽകാനാകും. ഇത് 110 മുതൽ 130 കിലോഗ്രാം വരെ യൂറിയയ്ക്ക് തുല്യമാണ്. വേനൽക്കാല ചെറുപയറിന് ഹെക്ടറിന് 25 മുതൽ 30 കിലോഗ്രാം വരെ നൈട്രജൻ നൽകാനാകും. ഇത് 55 മുതൽ 65 കിലോഗ്രാം വരെ യൂറിയയ്ക്ക് തുല്യമാണ്. ഈ വിളകൾ വളത്തിന്റെ ആവശ്യകത കുറയ്ക്കുന്നതിനൊപ്പം മണ്ണിലെ ജൈവാംശവും ജൈവപ്രവർത്തനവും മെച്ചപ്പെടുത്താനും സഹായിക്കും. പരിപാടിയിൽ പങ്കെടുത്ത 62 കർഷകരിൽ 41 പേർ സ്ത്രീകളായിരുന്നു. പച്ചിലവളവും സമതുലിത പോഷകപരിപാലനവും സ്വീകരിക്കാൻ അവർ സന്നദ്ധത അറിയിച്ചു.
പ്രവർത്തനങ്ങൾക്ക് 4,150 സംഘങ്ങളും 12,000ലധികം വിദഗ്ധരും
റാബി പ്രചാരണത്തിനായി കൃഷിവിജ്ഞാന കേന്ദ്രങ്ങളെയും ആത്മയെയും ഉൾപ്പെടുത്തി 4,150 സംഘങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. 12,000ലധികം ശാസ്ത്രജ്ഞരും ആത്മ പ്രവർത്തകരും നിർവഹണത്തെ സഹായിക്കുമെന്നാണ് പ്രതീക്ഷ. ആത്മയുടെയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെയും പ്രവർത്തനങ്ങളിലൂടെ ഏകദേശം ഒരുകോടി പങ്കാളികളിലേക്ക് എത്താനും ലക്ഷ്യമിടുന്നു. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കാർഷിക വകുപ്പുകൾക്കാണ് ആസൂത്രണത്തിന്റെയും നടപ്പാക്കലിന്റെയും ചുമതല. ആവശ്യമായ നിർദേശങ്ങൾ നൽകുക, മുന്നൊരുക്ക യോഗങ്ങൾ നടത്തുക, ജില്ലാതല സമയക്രമം അംഗീകരിക്കുക, പ്രവർത്തകരെയും സഹകരിക്കുന്ന സ്ഥാപനങ്ങളെയും ഏകോപിപ്പിക്കുക, പദ്ധതികളും സേവനങ്ങളും ലഭ്യമാക്കുക, റിപ്പോർട്ടുകൾ ക്രോഡീകരിക്കുക എന്നിവയും ഇവ നിർവഹിക്കും. ആത്മയും ജില്ലാ കാർഷിക ഭരണസംവിധാനവും ജില്ല, ബ്ലോക്ക്, ഗ്രാമതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സൂക്ഷ്മതല പദ്ധതികൾ തയ്യാറാക്കൽ, കർഷകരെയും സാമൂഹിക സ്ഥാപനങ്ങളെയും പങ്കെടുപ്പിക്കൽ, വേദികളും കൃഷിയിടങ്ങളും ലഭ്യമാക്കൽ, ബോധവത്കരണ സാമഗ്രികളും നടത്തിപ്പിനുള്ള സൗകര്യങ്ങളും ഒരുക്കൽ, ഹാജരും പ്രവർത്തനരേഖകളും സൂക്ഷിക്കൽ എന്നിവയും ഇവയുടെ ചുമതലയാണ്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ സ്ഥാപനങ്ങൾ, കാർഷിക സാങ്കേതികവിദ്യാ പ്രയോഗ ഗവേഷണ സ്ഥാപനങ്ങൾ, കൃഷിവിജ്ഞാന കേന്ദ്രങ്ങൾ, കാർഷിക സർവകലാശാലകൾ എന്നിവ ശാസ്ത്രീയ മാർഗനിർദേശങ്ങളും പ്രാദേശിക ശുപാർശകളും നൽകും. വിദഗ്ധരെ നിയോഗിക്കുകയും പരിശീലനത്തെ സഹായിക്കുകയും ആവശ്യപ്പെടുമ്പോൾ പ്രദർശനങ്ങളും കർഷക–ശാസ്ത്രജ്ഞ സംവാദങ്ങളും നടത്തുകയും ചെയ്യും. സാങ്കേതിക ബോധവത്കരണ സാമഗ്രികളും നിർദേശങ്ങളും തയ്യാറാക്കുകയോ പരിശോധിച്ച് ഉറപ്പാക്കുകയോ ചെയ്യും. ഗവേഷണ തെളിവുകൾ പങ്കുവയ്ക്കുകയും പഠിച്ച പാഠങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും. പ്രത്യേകം അധികാരപ്പെടുത്തിയിട്ടില്ലെങ്കിൽ സംസ്ഥാനതല നിർവഹണം, ഭരണനിയന്ത്രണം, നിയമനടപ്പാക്കൽ, ചെലവുകളുടെ ഉത്തരവാദിത്വം എന്നിവ ഈ സ്ഥാപനങ്ങളുടെ പരിധിയിൽ വരില്ല.
ഉദ്യാനകൃഷി, മണ്ണ്–ജല സംരക്ഷണം, ജലസേചനം, മൃഗസംരക്ഷണം, ഗ്രാമവികസനം, സഹകരണം, പഞ്ചായത്തിരാജ്, പരിസ്ഥിതി, കാർഷിക വിപണനം തുടങ്ങിയ വകുപ്പുകളും അനുബന്ധ ഏജൻസികളും അവരവരുടെ ചുമതലകൾക്ക് അനുസരിച്ച് പിന്തുണ നൽകും. കർഷക ഉൽപ്പാദക സംഘടനകൾ, സ്വയംസഹായ സംഘങ്ങൾ, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ, കാർഷിക യന്ത്രങ്ങൾ വാടകയ്ക്ക് നൽകുന്ന കേന്ദ്രങ്ങൾ, പുരോഗമന കർഷകർ എന്നിവരും സഹകരിക്കും. പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കൽ, പരസ്പര പഠനം, പ്രദർശന സന്ദർശനങ്ങൾ, പരിശോധിച്ച് ഉറപ്പാക്കിയ കാർഷിക നിർദേശങ്ങൾ പ്രചരിപ്പിക്കൽ എന്നിവയിൽ ഇവർ പങ്കാളികളാകും. പ്രാദേശിക മാധ്യമങ്ങൾ, സാമൂഹിക റേഡിയോ, വാട്സാപ്പ്, കിസാൻ സാരഥി തുടങ്ങിയവയിലൂടെ അംഗീകൃത പ്രചാരണ സന്ദേശങ്ങൾ എത്തിക്കും. കർഷകർക്ക് നൽകുന്ന കാർഷിക വിവരങ്ങളുടെ കൃത്യതയും പരിശോധനയും ഉറപ്പാക്കണം. ബോധവത്കരണം, പരിശീലനം, കൃഷിയിട പ്രദർശനങ്ങൾ, നേരിട്ടുള്ള പഠനസന്ദർശനങ്ങൾ, ഡിജിറ്റൽ പ്രചാരണം എന്നിവ സംയോജിപ്പിച്ചാണ് മെച്ചപ്പെട്ട കൃഷിരീതികളും സാങ്കേതിക അറിവും വ്യാപിപ്പിക്കുന്നത്.
അമ്പതിനായിരം പ്രദർശനങ്ങൾ; പദ്ധതികളും വായ്പയും കർഷകരിലേക്ക്
പൊതുവായ വളപ്രയോഗ ശുപാർശകൾ, പ്രകൃതികൃഷി, സംയോജിത പോഷകപരിപാലനം, വിളാവശിഷ്ട പരിപാലനം, എണ്ണക്കുരു–പയർവർഗ കൃഷിയിലെ മെച്ചപ്പെട്ട സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തും. വരൾച്ചാബാധിത ജില്ലകളിലെ അടിയന്തര പദ്ധതികൾ നടപ്പാക്കാനുള്ള പ്രവർത്തനക്രമവും പ്രധാന കാർഷിക സർക്കാർ പദ്ധതികളും വിശദീകരിക്കും. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ 950 സ്ഥാപന സംഘങ്ങൾ ആഴ്ചയിൽ മൂന്ന് ഗ്രാമസന്ദർശനങ്ങളും 700 കൃഷിവിജ്ഞാന കേന്ദ്ര സംഘങ്ങൾ നാല് സന്ദർശനങ്ങളും നടത്തണം. ഓരോ സന്ദർശനത്തിലും 100 കർഷകരുടെ പങ്കാളിത്തമാണ് ലക്ഷ്യം. അഞ്ചാഴ്ചക്കിടെ 5,650 ബോധവത്കരണ പരിപാടികളും 28.25 ലക്ഷം കർഷകരിലേക്ക് എത്തിച്ചേരലുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. സംയോജിത പോഷകപരിപാലനം, വിളാവശിഷ്ട പരിപാലനം, പ്രകൃതികൃഷി, മെച്ചപ്പെട്ട എണ്ണക്കുരു–പയർവർഗ ഉൽപ്പാദനം, സംയോജിത കീടപരിപാലനം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും. കൗൺസിലിന്റെ ഓരോ സ്ഥാപന സംഘവും ആഴ്ചയിൽ ഒരു പരിശീലനവും ഓരോ കൃഷിവിജ്ഞാന കേന്ദ്ര സംഘവും രണ്ട് പരിശീലനങ്ങളും നടത്തണം. ഓരോ പരിപാടിയിലും 40 പേരെയാണ് ലക്ഷ്യമിടുന്നത്. അഞ്ചാഴ്ചക്കിടെ 11,750 പരിശീലനങ്ങളിലൂടെ 4.70 ലക്ഷം കർഷകരിലേക്ക് എത്താനാണ് പദ്ധതി. തിരഞ്ഞെടുത്ത കർഷകരുടെ കൃഷിയിടങ്ങളിൽ മെച്ചപ്പെട്ട സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കും. നിലവിലെ കൃഷിരീതികളുമായി ഫലം താരതമ്യം ചെയ്യാൻ ഇതിലൂടെ കർഷകർക്ക് കഴിയും. ഹരിത അമോണിയ, വിളാവശിഷ്ട പരിപാലനം, സംയോജിത പോഷക–കീടപരിപാലനം, പ്രകൃതികൃഷി, എണ്ണക്കുരു–പയർവർഗ വിളകളുടെ സംയോജിത പരിപാലനം, ജീവാണുവളങ്ങൾ, ജൈവവസ്തുക്കൾ, ജീവാണു അധിഷ്ഠിത ഉൽപ്പാദന സാമഗ്രികൾ എന്നിവ പ്രദർശനങ്ങളിൽ ഉൾപ്പെടും. കൃഷിവിജ്ഞാന കേന്ദ്രങ്ങൾ 40,000വും കൗൺസിൽ സ്ഥാപനങ്ങൾ 10,000വും ഉൾപ്പെടെ ആകെ 50,000 പ്രദർശനങ്ങളാണ് ലക്ഷ്യം. ഓരോന്നിലും 20 കർഷകരെ പങ്കെടുപ്പിച്ച് 10 ലക്ഷം പേരിലേക്ക് എത്തും. കണ്ടറിഞ്ഞ് വിശ്വസിക്കുക എന്ന സമീപനത്തിന്റെ ഭാഗമായി കൃഷിയിട ദിനങ്ങൾ, വിളവെടുപ്പ് പരിപാടികൾ, പ്രദർശനസ്ഥല സന്ദർശനങ്ങൾ എന്നിവയും നടത്തും. സാങ്കേതികവിദ്യകളുടെ പ്രായോഗിക ഉപയോഗവും കൃഷിയിടത്തിലെ നേട്ടവും നേരിട്ട് മനസ്സിലാക്കാൻ ഇവ സഹായിക്കും. 1,650 സംഘങ്ങൾ ഓരോന്നും വിളക്കാലത്ത് മൂന്ന് കൃഷിയിട അല്ലെങ്കിൽ വിളവെടുപ്പ് ദിനങ്ങളും രണ്ട് പഠനസന്ദർശനങ്ങളും സംഘടിപ്പിക്കണം. ഓരോ പരിപാടിയിലും ഏകദേശം 125 പേരെ പങ്കെടുപ്പിച്ച് ആകെ 10 ലക്ഷത്തോളം കർഷകരിലേക്ക് എത്താനാണ് പ്രതീക്ഷ.
വാട്സാപ്പ്, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ ഡിജിറ്റൽ വേദികളിൽ സംഘങ്ങൾ ദിവസേന പ്രവർത്തനവിവരങ്ങളും മെച്ചപ്പെട്ട കൃഷിരീതികളും സാങ്കേതിക നിർദേശങ്ങളും പങ്കുവയ്ക്കും. സാമൂഹികമാധ്യമങ്ങളിലൂടെ 1.5 കോടി കർഷകരിലേക്ക് എത്താനും മൊത്തം ഡിജിറ്റൽ പ്രചാരണം 2.5 കോടിയിലേക്ക് വ്യാപിപ്പിക്കാനുമാണ് ലക്ഷ്യം. പി.എം. കിസാൻ, സമതുലിത കീടനാശിനി ഉപയോഗം, മണ്ണാരോഗ്യ കാർഡുകൾ, ബാധകമായ വളവിൽപ്പന ചട്ടക്കൂട്, വ്യാപാര കരാറുകളുടെ സാധ്യതയുള്ള നേട്ടങ്ങൾ എന്നിവയും വിശദീകരിക്കും. കർഷക തിരിച്ചറിയൽ രേഖകൾ തയ്യാറാക്കാനും പുതുക്കാനും സഹായിക്കും. പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിലെ വിള ഇൻഷുറൻസ് പരിരക്ഷയെക്കുറിച്ച് അറിയിക്കും. യോഗ്യരായ എല്ലാ കർഷകരിലേക്കും കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി എത്തിച്ച് സ്ഥാപന വായ്പ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളും നടത്തും. സർക്കാർ സഹായസംവിധാനങ്ങളെക്കുറിച്ചുള്ള അറിവും കാർഷിക സേവനങ്ങൾ, ഔപചാരിക വായ്പ, അപകടസാധ്യത കുറയ്ക്കാനുള്ള സംവിധാനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനവും വർധിപ്പിക്കുകയാണ് ലക്ഷ്യം. ശാസ്ത്രീയ അറിവിനെ പ്രാദേശിക കൃഷിരീതികളാക്കി മാറ്റുന്നതിൽ ഗവേഷണ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും കാർഷിക വിജ്ഞാനവ്യാപന സംവിധാനങ്ങളും കർഷക സമൂഹങ്ങളും ഒരുമിച്ച് പ്രവർത്തിക്കും. സമതുലിത പോഷകപരിപാലനം, പ്രകൃതികൃഷി, കാര്യക്ഷമമായ ഉൽപ്പാദന സാമഗ്രി ഉപയോഗം, വിളവൈവിധ്യം, അവശിഷ്ട പരിപാലനം, സംയോജിത കീടപരിപാലനം, കാലാവസ്ഥാ പ്രതിരോധം എന്നിവയ്ക്ക് ഊന്നൽ നൽകും. സ്ഥാപനങ്ങളുടെ ഏകോപനവും കർഷക പങ്കാളിത്തവും താഴെത്തട്ടിലെ കാർഷിക സേവനങ്ങൾ ശക്തമാക്കും. വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുന്ന കൃഷി, ആരോഗ്യമുള്ള മണ്ണ്, പ്രതിസന്ധികളെ അതിജീവിക്കുന്ന കാർഷിക ഉപജീവനം എന്നിവയിലൂടെ വികസിത ഭാരതം എന്ന വിശാല ലക്ഷ്യത്തെ പിന്തുണയ്ക്കാനാണ് ശ്രമം. വിശപ്പില്ലായ്മ ലക്ഷ്യമിടുന്ന രണ്ടാം സുസ്ഥിര വികസന ലക്ഷ്യത്തിനും കാലാവസ്ഥാ പ്രവർത്തനം ലക്ഷ്യമിടുന്ന പതിമൂന്നാം ലക്ഷ്യത്തിനും പ്രചാരണം പിന്തുണ നൽകും.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.


