ഹൈദരാബാദ് / 2026 / നവംബർ 02
ചോളം കൃഷിയിൽ ഉൽപ്പാദനക്ഷമത കൂട്ടാനും പുതിയ പ്രജനനരീതികൾ വികസിപ്പിക്കാനും കർഷകരെ കേന്ദ്രീകരിച്ചുള്ള ഗവേഷണം ശക്തമാക്കാനും ആഹ്വാനം ചെയ്ത് ആദ്യ അന്താരാഷ്ട്ര ചോളം സമ്മേളനത്തിന് ഹൈദരാബാദിൽ തുടക്കമായി. നവംബർ രണ്ടിന് ജെഡി കൺവെൻഷൻ സെന്ററിൽ ആരംഭിച്ച സമ്മേളനം നാലുവരെ നടക്കും. മാറുന്ന ലോകത്ത് ഭക്ഷണം, മൃഗാഹാരം, തീറ്റപ്പുല്ല്, ഇന്ധനം, സുസ്ഥിരത എന്നിവയ്ക്കായുള്ള ചോളം വിപ്ലവമാണ് പ്രമേയം. ശാസ്ത്രജ്ഞർ, നയരൂപകർത്താക്കൾ, കാർഷിക സ്ഥാപനങ്ങൾ, വ്യവസായ പ്രതിനിധികൾ എന്നിവർ ചോളം ഗവേഷണം, ഉൽപ്പാദനക്ഷമത, മൂല്യശൃംഖല വികസനം എന്നിവയ്ക്കുള്ള മാർഗങ്ങൾ ചർച്ചചെയ്യുന്നു. ഉയർന്ന വിളവുള്ള ഇനങ്ങളും സങ്കരയിനങ്ങളും, മെച്ചപ്പെട്ട പോഷകഗുണം, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, യന്ത്രവൽക്കരണം, ശക്തമായ വിത്തുവിതരണ സംവിധാനം എന്നിവയ്ക്ക് സമ്മേളനം പ്രാധാന്യം നൽകി. ഭക്ഷണം, മൃഗാഹാരം, തീറ്റപ്പുല്ല്, ഊർജസുരക്ഷ എന്നിവയിൽ ചോളത്തിന്റെ വർധിച്ചുവരുന്ന പങ്കും ചർച്ചയായി.
പത്തുവർഷത്തിനുള്ളിൽ ഉൽപ്പാദനം ഏഴരക്കോടി ടണ്ണിലെത്തിക്കണം
ഇന്ത്യയുടെ ചോളം ഉൽപ്പാദനം ഏകദേശം അഞ്ചരക്കോടി ടണ്ണിലെത്തിയതിലും കഴിഞ്ഞ പത്തുവർഷത്തിനിടെ ഉൽപ്പാദനക്ഷമത ഗണ്യമായി ഉയർന്നതിലും ചോളം ഗവേഷകരെ കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഡയറക്ടർ ജനറലുമായ ഡോ. എം. എൽ. ജാട്ട് അഭിനന്ദിച്ചു. അടുത്ത പത്തുവർഷത്തിനുള്ളിൽ ഉൽപ്പാദനം ഏഴരക്കോടി ടണ്ണിലെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാങ്കേതിക നവീകരണം, മെച്ചപ്പെട്ട കൃഷിപരിപാലനം, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം എന്നിവയിലൂടെ ഉൽപ്പാദനക്ഷമത നിലവിലുള്ളതിന്റെ ഒന്നരമടങ്ങാക്കണമെന്നും നിർദേശിച്ചു. ഭക്ഷണം, മൃഗാഹാരം, തീറ്റപ്പുല്ല്, ഇന്ധനം എന്നീ നാലു ഘടകങ്ങൾക്കൊപ്പം കർഷകരെ അഞ്ചാമത്തെ ഘടകമായി കേന്ദ്രസ്ഥാനത്ത് ഉൾപ്പെടുത്തണം. ഗവേഷണവും കാർഷിക വിജ്ഞാനവ്യാപനവും കർഷകരുടെ ലാഭവും ജീവിതനിലവാരവും ഉയർത്തുന്നതിലേക്ക് എത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് കൃഷിപരിപാലനത്തിലെ കുറവുകൾ മൂലമുള്ള വിളവ് അന്തരം പരിഹരിക്കാൻ കൃഷിയെ സമഗ്ര സംവിധാനമായി കാണുന്ന ശാസ്ത്രീയ സമീപനം വേണം. എണ്ണക്കുരു, പയർവർഗ വിളകൾക്ക് തിരിച്ചടിയുണ്ടാക്കാതെ വിവിധ സീസണുകളിലും കാർഷിക പാരിസ്ഥിതിക മേഖലകളിലും ചോളം കൃഷി ആസൂത്രണം ചെയ്യണം. പൊതുമേഖലാ സങ്കരയിനങ്ങൾ ഉൾപ്പെടെ ഗുണമേന്മയുള്ള വിത്തുകൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കാൻ ശക്തമായ വിത്തുവിതരണ സംവിധാനവും വേണം.
അഞ്ചുവർഷത്തിനിടെ വികസിപ്പിച്ചത് 329 സങ്കരയിനങ്ങൾ
ഭക്ഷ്യസുരക്ഷയ്ക്കും പോഷകസുരക്ഷയ്ക്കും ഊർജസുരക്ഷയ്ക്കും മാതൃകയാക്കാവുന്ന വിളയാണ് ചോളമെന്ന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ വിളശാസ്ത്ര വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഡി. കെ. യാദവ് പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തെ ഗവേഷണത്തിലും വിജ്ഞാനവ്യാപനത്തിലും കൈവരിച്ച പുരോഗതി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കാലയളവിൽ 329 ചോളം സങ്കരയിനങ്ങൾ വികസിപ്പിച്ചു. ചോളത്തിനായുള്ള അഖിലേന്ത്യാ ഏകോപിത ഗവേഷണ പദ്ധതി കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉയർന്ന വിളവും മെച്ചപ്പെട്ട പോഷകഗുണവും ലക്ഷ്യമിട്ടുള്ള പ്രജനനം വേണം. രോഗകീടങ്ങൾ ഉൾപ്പെടെയുള്ള ജൈവ സമ്മർദങ്ങളെയും കാലാവസ്ഥ അടക്കമുള്ള അജൈവ സമ്മർദങ്ങളെയും ചെറുക്കുന്ന ഇനങ്ങൾ വികസിപ്പിക്കണം. കൃഷിക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ കാര്യക്ഷമമായ വിനിയോഗം, യന്ത്രവൽക്കരണം, പരിശീലനത്തിലൂടെയുള്ള ശേഷിവികസനം, പൊതുമേഖലയിലെ സങ്കരവിത്ത് ഉൽപ്പാദനം എന്നിവയും ശക്തമാക്കണം. എഥനോൾ ഉൽപ്പാദനത്തിനുള്ള അസംസ്കൃത വസ്തുവെന്ന നിലയിൽ ചോളത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താൻ ഗവേഷണ സ്ഥാപനങ്ങളും സർവകലാശാലകളും വ്യവസായമേഖലയും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞ ചെലവിൽ മികച്ച ഇനങ്ങൾ; സുരക്ഷയ്ക്കും ഗുണനിലവാരത്തിനും ഊന്നൽ
അന്താരാഷ്ട്ര ചോളം ഗോതമ്പ് മെച്ചപ്പെടുത്തൽ കേന്ദ്രമായ സിമിറ്റുമായി ബന്ധപ്പെട്ട പ്രമുഖ ചോളം ശാസ്ത്രജ്ഞനും ലോക ഭക്ഷ്യ പുരസ്കാര ജേതാവുമായ പത്മശ്രീ ഡോ. എസ്. വാസൽ, ലളിതവും ചെലവുകുറഞ്ഞതുമായ പ്രജനനരീതികൾ പിന്തുടരണമെന്ന് നിർദേശിച്ചു. കർഷകരുടെ ആവശ്യങ്ങൾക്ക് യോജിക്കുന്ന മെച്ചപ്പെട്ട ഇനങ്ങളും സങ്കരയിനങ്ങളും വേഗത്തിൽ വികസിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യാതിഥിയായിരുന്ന പത്മഭൂഷൺ ഡോ. ആർ. എസ്. പരോഡ, കൃഷിയുടെയും അനുബന്ധ മേഖലകളുടെയും മാറുന്ന ആവശ്യങ്ങൾക്ക് അനുസരിച്ച് ഗവേഷണ മുൻഗണനകൾ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു. കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് മുൻ സെക്രട്ടറിയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ മുൻ ഡയറക്ടർ ജനറലുമാണ് അദ്ദേഹം. നൂതന പ്രജനന സാങ്കേതികവിദ്യകളുടെ ഉപയോഗം വർധിപ്പിക്കണം. സസ്യജനിതക വിഭവങ്ങൾ ചിട്ടയായി സംരക്ഷിക്കുകയും പ്രയോജനപ്പെടുത്തുകയും വേണം. ചോളത്തിന്റെ ഉൽപ്പാദനം മുതൽ വിപണനം വരെയുള്ള മൂല്യശൃംഖല ശക്തമാക്കണം. ഭക്ഷണത്തിനും മൃഗാഹാരത്തിനുമുള്ള ചോളത്തിന്റെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ അഫ്ലാടോക്സിൻ എന്ന പൂപ്പൽവിഷത്തെ ഫലപ്രദമായി നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗവേഷണ സഹകരണത്തിലൂടെ കർഷകരുടെ വരുമാനം ഉയർത്താൻ ലക്ഷ്യം
നേരത്തെ അതിഥികളെ സ്വാഗതം ചെയ്ത ഇന്ത്യൻ ചോളം സാങ്കേതികവിദഗ്ധരുടെ സംഘടനയുടെ പ്രസിഡന്റ് ഡോ. എച്ച്. എസ്. ജാട്ട്, ഇന്ത്യയുടെ കാർഷികമാറ്റത്തിൽ ചോളത്തിനുള്ള തന്ത്രപ്രധാനമായ പങ്ക് വിശദീകരിച്ചു. പുതിയ വെല്ലുവിളികൾ നേരിടാൻ ഗവേഷണ സ്ഥാപനങ്ങൾ, കാർഷിക സർവകലാശാലകൾ, നയരൂപകർത്താക്കൾ, വ്യവസായമേഖല എന്നിവ തമ്മിലുള്ള സഹകരണം ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയിൽ നിരവധി ശാസ്ത്രീയ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കി. ചോളം ഗവേഷണത്തിനും വികസനത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രമുഖ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും പുരസ്കാരങ്ങളും സമ്മാനിച്ചു. വിളവ് അന്തരം കുറയ്ക്കുക, വിത്തുകളുടെ ലഭ്യത മെച്ചപ്പെടുത്തുക, പ്രജനന പരിപാടികൾ ശക്തമാക്കുക, പോഷകഗുണം ഉയർത്തുക, സുസ്ഥിര മൂല്യശൃംഖലകൾ വികസിപ്പിക്കുക എന്നിവയ്ക്ക് സഹകരണത്തിലൂന്നിയ കർഷകകേന്ദ്രിത ഗവേഷണം അനിവാര്യമാണെന്ന് സമ്മേളനം വ്യക്തമാക്കി. ഇന്ത്യയിൽ കൂടുതൽ ഉൽപ്പാദനവും ലാഭവും സുസ്ഥിരതയുമുള്ള ചോളം മേഖലയ്ക്ക് മാർഗരേഖ തയ്യാറാക്കാൻ ദേശീയ, അന്താരാഷ്ട്ര വിദഗ്ധർക്ക് സമ്മേളനം വേദിയൊരുക്കുന്നു.
.