പ്രധാന വിവരങ്ങൾ
- ജനകേന്ദ്രിത വികസനത്തിനായി പാർലമെന്റുകൾ തമ്മിലുള്ള സഹകരണം ശക്തമാക്കാൻ ന്യൂഡൽഹിയിൽ ചേർന്ന ബ്രിക്സ് പാർലമെന്ററി ഫോറം തീരുമാനിച്ചു.
- രക്ഷാസമിതി ഉൾപ്പെടെ ഐക്യരാഷ്ട്രസഭയിൽ സമഗ്ര പരിഷ്കാരം വേണമെന്ന് സംയുക്ത പ്രഖ്യാപനം ആവശ്യപ്പെട്ടു.
- നിർമിതബുദ്ധിയുടെ നേട്ടങ്ങൾ തുല്യമായി ലഭ്യമാക്കാനും വ്യക്തിവിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ആഹ്വാനം ചെയ്തു.
- ഭീകരതയെ ശക്തമായി അപലപിച്ച ഫോറം പശ്ചിമേഷ്യയിൽ സംയമനവും പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരവും ആവശ്യപ്പെട്ടു.
- കാലാവസ്ഥാ വെല്ലുവിളികൾ നേരിടാൻ വികസ്വര രാജ്യങ്ങൾക്ക് വികസിത രാജ്യങ്ങൾ മതിയായ സഹായം നൽകണമെന്നും വ്യക്തമാക്കി.
ന്യൂഡൽഹി / 2026 / ഒക്ടോബർ 27
ഇന്ത്യയുടെ നേതൃത്വത്തിന് പിന്തുണ; ജനങ്ങൾ തമ്മിലുള്ള ബന്ധവും ശക്തമാക്കും
സമ്മേളനത്തിൽ പങ്കെടുത്ത പങ്കാളി രാജ്യങ്ങളെ ഫോറം സ്വാഗതം ചെയ്തു. പാർലമെന്റുകൾ തമ്മിലുള്ള സഹകരണത്തിന് അവർ നൽകുന്ന വിലപ്പെട്ട സംഭാവനകളും അംഗീകരിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്നതും പരസ്പരം പ്രയോജനം ലഭിക്കുന്നതും വികസനത്തിന് മുൻഗണന നൽകുന്നതുമായ പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകും. പൊതുതാൽപ്പര്യമുള്ള മേഖലകളിലെ പ്രായോഗിക സഹകരണത്തിലും ബ്രിക്സ് പ്രവർത്തനങ്ങളിലും പങ്കാളി രാജ്യങ്ങൾ കൂടുതൽ സജീവമാകണമെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടു.
പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഇന്ത്യയുടെ 2026ലെ ബ്രിക്സ് അധ്യക്ഷപദത്തിന് അംഗരാജ്യങ്ങൾ പിന്തുണ അറിയിച്ചു. പൊതുവായ വെല്ലുവിളികളെ സന്തുലിതമായും എല്ലാവരെയും ഉൾക്കൊണ്ടും ഭാവി മുന്നിൽക്കണ്ടും നേരിടാനുള്ള കൂട്ടായ നിലപാടാണ് ഈ പ്രമേയം പ്രതിഫലിപ്പിക്കുന്നതെന്ന് വ്യക്തമാക്കി. സെപ്റ്റംബർ 12, 13 തീയതികളിൽ പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി വിജയകരമായി നടത്തിയതിന് ഇന്ത്യയെ അഭിനന്ദിച്ചു. ന്യൂഡൽഹി നേതൃപ്രഖ്യാപനം അംഗീകരിച്ചതിനെ സ്വാഗതം ചെയ്ത രാജ്യങ്ങൾ, ഇന്ത്യയുടെ അധ്യക്ഷകാലത്തിന്റെ ശേഷിക്കുന്ന കാലയളവിലും പൂർണ പിന്തുണ ഉറപ്പുനൽകി.
രാഷ്ട്രീയവും സുരക്ഷയും, സാമ്പത്തികവും ധനകാര്യവും, സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ള ബന്ധവും എന്നീ മൂന്ന് മേഖലകളിൽ ബ്രിക്സ് തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തും. ഓരോ പാർലമെന്റിന്റെയും ഭരണഘടനാപരമായ ചുമതലകൾക്കും അധികാരപരിധിക്കും ഉള്ളിൽ നിന്നുകൊണ്ട് നിയമനിർമാണ പിന്തുണ നൽകും. പരസ്പര ബഹുമാനം, ധാരണ, സമത്വം, ഐക്യദാർഢ്യം, തുറന്ന സമീപനം, എല്ലാവരെയും ഉൾക്കൊള്ളൽ, സമവായം എന്നിവയിൽ അധിഷ്ഠിതമായ ബ്രിക്സ് നിലപാട് തുടരുമെന്നും പ്രഖ്യാപനം വ്യക്തമാക്കി.
രാജ്യങ്ങൾക്കും ജനങ്ങൾക്കും ഇടയിൽ സൗഹൃദവും പരസ്പര ധാരണയും സഹകരണവും വളർത്തുന്നതിൽ സാംസ്കാരിക ഇടപെടലുകൾക്ക് വലിയ പങ്കുണ്ടെന്ന് ഫോറം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അധ്യക്ഷകാലത്ത് സംസ്കാരം, കായികം, കല, വിദ്യാഭ്യാസം, സ്ത്രീകളുടെയും യുവാക്കളുടെയും കാര്യങ്ങൾ തുടങ്ങിയ മേഖലകളിൽ നടത്തിയ ജനകീയ പരിപാടികളെ സ്വാഗതം ചെയ്തു. സാംസ്കാരിക വൈവിധ്യത്തെ മാനിക്കണം. പൈതൃകം, നവീകരണം, സർഗാത്മകത എന്നിവയ്ക്ക് പ്രാധാന്യം നൽകണം. അന്താരാഷ്ട്രതലത്തിൽ ജനങ്ങൾ തമ്മിലുള്ള ഇടപെടലുകളും സഹകരണവും കൂടുതൽ ശക്തമാക്കണം. നാഗരികതകൾ തമ്മിലുള്ള സംവാദത്തിനായുള്ള അന്താരാഷ്ട്ര ദിനം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച പ്രമേയവും പ്രഖ്യാപനം ഓർമിപ്പിച്ചു.
ദാരിദ്ര്യനിർമാർജനത്തിന് മുൻഗണന; കാലാവസ്ഥാ സഹായം ഉറപ്പാക്കണം
ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൽ പറയുന്ന പരമാധികാര സമത്വം, പരസ്പര ബഹുമാനം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ, അന്താരാഷ്ട്ര തർക്കങ്ങളുടെ സമാധാനപരമായ പരിഹാരം എന്നീ തത്ത്വങ്ങളോടുള്ള പ്രതിബദ്ധത അംഗരാജ്യങ്ങൾ ആവർത്തിച്ചു. ആഗോള സ്ഥിരതയ്ക്കും സമാധാനത്തിനും വികസനത്തിനും ഇവ അടിസ്ഥാനമാണെന്ന് വ്യക്തമാക്കി. രാജ്യങ്ങൾ തമ്മിലുള്ള വിശ്വാസം വളർത്താനും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനും പാർലമെന്റുകൾ തമ്മിലുള്ള സഹകരണം സഹായിക്കും. എല്ലാവരെയും ഉൾക്കൊള്ളൽ, ഐക്യദാർഢ്യം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക വേദിയാണിതെന്നും പ്രഖ്യാപനം വിലയിരുത്തി.
ഇന്റർ പാർലമെന്ററി യൂണിയൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പാർലമെന്ററി വേദികളിൽ ബ്രിക്സ് രാജ്യങ്ങളുടെ ഏകോപനം ശക്തമാക്കും. ആഗോള ദക്ഷിണമേഖലയിലെ രാജ്യങ്ങളുടെ ശബ്ദം കൂടുതൽ ശക്തമായി ഉയർത്തുകയാണ് ലക്ഷ്യം. ഇന്റർ പാർലമെന്ററി യൂണിയനിൽ ബ്രിക്സ് പ്ലസ് ഭൗമരാഷ്ട്രീയ കൂട്ടായ്മ രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന റഷ്യയുടെ നിർദേശവും ഫോറം ശ്രദ്ധയിൽപ്പെടുത്തി. സ്ഥാപനങ്ങളുടെ പ്രതിസന്ധി അതിജീവനശേഷി വർധിപ്പിക്കൽ, വികസ്വര രാജ്യങ്ങളുടെ വെല്ലുവിളികൾ നേരിടാൻ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കൽ, കൂടുതൽ പ്രാതിനിധ്യമുള്ള ആഗോള ഭരണം, സുസ്ഥിരത, സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഉൾപ്പെടുന്ന 2030ലെ വികസന അജൻഡ നടപ്പാക്കാനുള്ള കൂട്ടായ പ്രവർത്തനം എന്നിവയിൽ സമ്മേളനത്തിൽ നടന്ന ക്രിയാത്മക ചർച്ചകളെയും സ്വാഗതം ചെയ്തു.
ദേശീയ നയങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി 2030ലെ സുസ്ഥിര വികസന അജൻഡയും അതിലെ ജനകേന്ദ്രിത ലക്ഷ്യങ്ങളും സന്തുലിതമായും സംയോജിതമായും നടപ്പാക്കും. അതിദാരിദ്ര്യം ഉൾപ്പെടെ എല്ലാ രൂപത്തിലുള്ള ദാരിദ്ര്യവും ഇല്ലാതാക്കുന്നതാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സുസ്ഥിര വികസനത്തിന് അത് അനിവാര്യവുമാണ്. നവീനവും ഏകോപിതവും പരിസ്ഥിതിക്ക് അനുയോജ്യവും തുറന്നതുമായ പങ്കാളിത്ത സമീപനത്തിലൂടെ വികസന അജൻഡ മുന്നോട്ടുകൊണ്ടുപോകണം. 2030ന് ശേഷമുള്ള ആഗോള സുസ്ഥിര വികസന അജൻഡ രൂപപ്പെടുത്തുന്നതിലും ബ്രിക്സ് രാജ്യങ്ങൾ അടുത്ത സഹകരണവും കാര്യമായ സംഭാവനയും നൽകണമെന്ന് പ്രഖ്യാപനം ആവശ്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ശ്രമങ്ങൾ അടിയന്തരമായി ശക്തമാക്കണം. സംവാദത്തിലൂടെയും അന്താരാഷ്ട്ര സഹകരണത്തിലൂടെയും ഓരോ രാജ്യവും നിശ്ചയിച്ച കാലാവസ്ഥാ പ്രതിബദ്ധതകൾ നടപ്പാക്കണം. ആഘാതം കുറയ്ക്കാനും മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുമുള്ള നടപടികൾ ശക്തിപ്പെടുത്തണം. നീതിപൂർവമായ പരിവർത്തനത്തിനുള്ള വഴികളും പ്രോത്സാഹിപ്പിക്കണം. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ചട്ടക്കൂട് കരാറിന്റെയും പാരിസ് ഉടമ്പടിയുടെയും ബാധകമായ ലക്ഷ്യങ്ങൾ കൈവരിക്കുകയാണ് ഉദ്ദേശ്യം. രാജ്യങ്ങളുടെ വ്യത്യസ്ത സാഹചര്യങ്ങളും ശേഷികളും കണക്കിലെടുക്കണം. സമത്വവും പൊതുവായതെങ്കിലും വ്യത്യസ്തമായ ഉത്തരവാദിത്വങ്ങളും മാനിക്കണം. വികസ്വര രാജ്യങ്ങൾക്ക് കാലാവസ്ഥാ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ വികസിത രാജ്യങ്ങൾ അധികവും മതിയായതും മുൻകൂട്ടി ഉറപ്പാക്കാവുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ധനസഹായം നൽകണം. ശേഷിവികസന സഹായവും പരസ്പരം അംഗീകരിച്ച വ്യവസ്ഥകളിൽ സാങ്കേതികവിദ്യയുടെ വികസനവും കൈമാറ്റവും ഉറപ്പാക്കണമെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടു.
നിർമിതബുദ്ധിയുടെ നേട്ടം എല്ലാവർക്കും; സ്വകാര്യതയും ഡിജിറ്റൽ പരമാധികാരവും സംരക്ഷിക്കണം
നിർമിതബുദ്ധി ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്കും വിവരവിനിമയ സാങ്കേതികവിദ്യകൾക്കും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ശേഷിയുണ്ടെന്ന് ഫോറം വിലയിരുത്തി. ഓരോ രാജ്യത്തിന്റെയും പരമാധികാരവും ദേശീയ സുരക്ഷയും മാനിച്ചാകണം ഇവയുടെ വികസനവും ഉപയോഗവും. തുറന്നതും സുരക്ഷിതവും സ്ഥിരതയുള്ളതും എല്ലാവർക്കും തുല്യമായി ലഭ്യമാകുന്നതും സമാധാനപരവുമായ സാങ്കേതിക അന്തരീക്ഷം ഉറപ്പാക്കണം. വ്യത്യസ്ത സംവിധാനങ്ങൾക്ക് പരസ്പരം ചേർന്ന് പ്രവർത്തിക്കാനുള്ള സൗകര്യവും വേണം.
എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും നിർമിതബുദ്ധി വലിയ അവസരം നൽകുന്നു. ദേശീയ മുൻഗണനകൾക്കും ബാധകമായ നിയമങ്ങൾക്കും അനുസൃതമായി നിർമിതബുദ്ധി വിഭവങ്ങൾ, പരിശീലനം, അറിവ്, അവസരങ്ങൾ എന്നിവ തുല്യമായി ലഭ്യമാക്കാൻ അന്താരാഷ്ട്ര സഹകരണം വേണം. അതിന്റെ വികസനവും ഉപയോഗവും സുരക്ഷിതവും വിശ്വസനീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാകണം. നിർമിതബുദ്ധി സംവിധാനങ്ങളുടെ ഊർജക്ഷമത വർധിപ്പിക്കണം. ഈ മേഖലയിലെ ശാസ്ത്രവും നവീകരണവും പ്രോത്സാഹിപ്പിക്കണം. സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക നന്മയ്ക്കും സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനൊപ്പം സാധ്യതയുള്ള അപകടങ്ങൾ കുറയ്ക്കുകയും വേണം. പ്രത്യേകിച്ച് ആഗോള ദക്ഷിണമേഖലയിലെ രാജ്യങ്ങൾക്ക് നീതിയുക്തവും തുല്യാവസരമുള്ളതും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ ഇത് ആവശ്യമാണ്. വ്യക്തിവിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിച്ചും പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുന്ന ദേശീയ സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിച്ചും ബ്രിക്സ് രാജ്യങ്ങളുടെ ഡിജിറ്റൽ പരമാധികാരം ശക്തിപ്പെടുത്തണമെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടു.
പാർലമെന്ററി ഗവേഷണം, വിശകലനം, ജനങ്ങളിലേക്കുള്ള വിവരവിനിമയം, പൗരന്മാരുമായുള്ള ആശയവിനിമയം, അഭിപ്രായശേഖരണം എന്നിവ മെച്ചപ്പെടുത്താൻ ഡിജിറ്റൽ സാങ്കേതികവിദ്യയും നിർമിതബുദ്ധി അധിഷ്ഠിത പരിഹാരങ്ങളും ഉപയോഗിക്കാം. ഇത്തരം സാങ്കേതികവിദ്യകളും ഉപകരണങ്ങളും വിജയകരമായി ഉപയോഗിച്ച അനുഭവങ്ങളും മികച്ച പ്രവർത്തനരീതികളും ബ്രിക്സ് പാർലമെന്റുകൾ പരസ്പരം പങ്കുവെക്കണം. നിയമനിർമാണ സഭകൾക്ക് നവീകരണം നടപ്പാക്കാനും സാങ്കേതിക മുന്നേറ്റങ്ങളുടെ നേട്ടം തുല്യമായി ലഭിക്കാനുമാണ് ഈ നിർദേശം.
എല്ലാവർക്കും പ്രയോജനകരമായ ഇന്റർനെറ്റ് അടക്കമുള്ള ഡിജിറ്റൽ ബന്ധസൗകര്യം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയും പ്രഖ്യാപനം ആവർത്തിച്ചു. ഡിജിറ്റൽ പൊതുഅടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ കൂട്ടായ ശ്രമം വേണം. സാമ്പത്തിക വികസനം, സാമൂഹിക ഉൾച്ചേരൽ, മെച്ചപ്പെട്ട പൊതുസേവന വിതരണം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി, നവീകരണം എന്നിവയ്ക്ക് ഇത് സഹായിക്കും. ബ്രിക്സ് രാജ്യങ്ങൾക്കായി ഡിജിറ്റൽ പൊതുഅടിസ്ഥാന സൗകര്യങ്ങളുടെ വിവരശേഖരവും ഡിജിറ്റൽ പരിവർത്തനത്തിനുള്ള പരീക്ഷണ പദ്ധതികളും ആരംഭിക്കാനുള്ള നിർദേശവും ഫോറം ശ്രദ്ധയിൽപ്പെടുത്തി.
ഐക്യരാഷ്ട്രസഭയിൽ സമഗ്ര പരിഷ്കാരം വേണം; പശ്ചിമേഷ്യയിൽ സംയമനത്തിന് ആഹ്വാനം
ആഗോള ഭരണസംവിധാനം കൂടുതൽ നീതിപൂർവവും തുല്യതയുള്ളതും ജനാധിപത്യപരവും ഉത്തരവാദിത്വമുള്ളതുമാക്കണമെന്ന് പ്രഖ്യാപനം ആവശ്യപ്പെട്ടു. വേഗത്തിൽ പ്രവർത്തിക്കാനും ഫലപ്രദമായി പ്രതികരിക്കാനും കഴിയുന്ന, കൂടുതൽ പ്രാതിനിധ്യവും അംഗീകാരവുമുള്ള അന്താരാഷ്ട്ര ബഹുരാഷ്ട്ര സംവിധാനമാണ് വേണ്ടത്. വിപുലമായ കൂടിയാലോചന, കൂട്ടായ സംഭാവന, നേട്ടങ്ങളുടെ പങ്കുവെക്കൽ എന്നിവയ്ക്കാകണം പ്രാധാന്യം. ഒന്നിലധികം ശക്തികേന്ദ്രങ്ങളുള്ള ലോകക്രമവും ബഹുരാഷ്ട്ര സഹകരണവും വളർന്നുവരുന്ന വിപണികൾക്കും വികസ്വര രാജ്യങ്ങൾക്കും പുതിയ അവസരങ്ങൾ നൽകും. എല്ലാവർക്കും പ്രയോജനപ്പെടുന്ന, സുസ്ഥിരവും തുല്യതയുള്ളതുമായ സാമ്പത്തിക ആഗോളവൽക്കരണവും സഹകരണവും ഇതിലൂടെ സാധ്യമാകും. അനുകൂല മാറ്റങ്ങൾക്ക് കരുത്താകുന്ന ആഗോള ദക്ഷിണമേഖലയുടെ ആശങ്കകളും മുൻഗണനകളും ബ്രിക്സ് ഉയർത്തിക്കാട്ടും. സ്വമേധയാ നടത്തുന്ന വികസന സഹകരണവും ശേഷിവികസനവും ഇതിന്റെ ഭാഗമാകും. അംഗപാർലമെന്റുകളുടെ ഭരണഘടനാപരമായ അധികാരപരിധിക്കുള്ളിൽ നിന്നുള്ള പാർലമെന്ററി നയതന്ത്രവും സംവാദവും സഹകരണവും കൂടുതൽ പ്രാതിനിധ്യമുള്ള ആഗോള ഭരണത്തിന് സഹായിക്കുമെന്നും വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമവും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ലക്ഷ്യങ്ങളും തത്ത്വങ്ങളും സംരക്ഷിച്ച് ബഹുരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തും. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിൽ ഐക്യരാഷ്ട്രസഭയുടെ കേന്ദ്രസ്ഥാനം പ്രഖ്യാപനം ആവർത്തിച്ചു. ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, എല്ലാവരുടെയും അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ എന്നിവ സംരക്ഷിക്കണം. ഐക്യദാർഢ്യം, പരസ്പര ബഹുമാനം, നീതി, പരമാധികാര സമത്വം എന്നിവയുടെ അടിസ്ഥാനത്തിലാകണം സഹകരണം. ദേശീയ സാഹചര്യങ്ങളും വ്യത്യസ്ത ഭരണസംവിധാനങ്ങളും വികസനപാതകളും മാനിക്കണം. അതേസമയം അന്താരാഷ്ട്ര നിയമപ്രകാരമുള്ള ബാധ്യതകളും പാലിക്കണം. നിലവിലെ അന്താരാഷ്ട്ര സമാധാന സുരക്ഷാ സംവിധാനത്തിൽ അടിയന്തര പരിഷ്കാരം ആവശ്യമാണ്. രക്ഷാസമിതി ഉൾപ്പെടെ ഐക്യരാഷ്ട്രസഭയിൽ സമഗ്ര പരിഷ്കാരം വേണം. ഇന്നത്തെ യാഥാർഥ്യങ്ങളും അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യങ്ങളും പ്രതിഫലിപ്പിക്കുന്ന വിധത്തിൽ സംവിധാനം കൂടുതൽ നീതിപൂർവവും ജനാധിപത്യപരവും പ്രാതിനിധ്യമുള്ളതും കാര്യക്ഷമവുമാകണം. ഇതുസംബന്ധിച്ച 2026ലെ ബ്രിക്സ് ന്യൂഡൽഹി പ്രഖ്യാപനത്തിലെ പതിമൂന്നാം ഖണ്ഡികയിലെ നിലപാടിനെയും ഫോറം സ്വാഗതം ചെയ്തു.
ബ്രിക്സ് അംഗരാജ്യങ്ങളിൽ ഉൾപ്പെടെ സാധാരണക്കാരെയും അവർ ആശ്രയിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെയും മനഃപൂർവം ആക്രമിക്കുന്നതിനെ ഫോറം ശക്തമായി അപലപിച്ചു. മാനുഷിക സഹായം നിഷേധിക്കുന്നതും തടയുന്നതും സഹായപ്രവർത്തകരെ ലക്ഷ്യമിടുന്നതും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാനുഷിക നിയമലംഘനങ്ങളെയും അപലപിച്ചു. എല്ലാ ലംഘനങ്ങളിലും ഉത്തരവാദിത്വം ഉറപ്പാക്കണം. ന്യൂഡൽഹി പ്രഖ്യാപനത്തിലെ ഇരുപത്തൊൻപതാം ഖണ്ഡികയിലെ നിലപാട് ശ്രദ്ധയിൽപ്പെടുത്തിയ ഫോറം, മാനുഷിക നിയമം മാനിക്കാനും പാലിക്കാനും ഫലപ്രദമായി നടപ്പാക്കാനും ബ്രിക്സ് അംഗരാജ്യങ്ങൾ നടത്തുന്ന അന്താരാഷ്ട്ര ശ്രമങ്ങളും അംഗീകരിച്ചു.
പശ്ചിമേഷ്യയിൽ സംഘർഷം തുടർച്ചയായി രൂക്ഷമാകുന്നതിൽ പ്രഖ്യാപനം കടുത്ത ആശങ്ക രേഖപ്പെടുത്തി. ഓരോ രാജ്യത്തിന്റെയും ദേശീയ നിലപാടുകൾ ഓർമിപ്പിച്ചുകൊണ്ട് പരമാവധി സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. സാഹചര്യം കൂടുതൽ വഷളാക്കുന്ന നടപടികൾ ഒഴിവാക്കണം. രാജ്യങ്ങളുടെ പരമാധികാരവും ഭൂപ്രദേശ അഖണ്ഡതയും ഉൾപ്പെടെയുള്ള ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ പരസ്പരം ബന്ധപ്പെട്ട എല്ലാ ലക്ഷ്യങ്ങളും തത്ത്വങ്ങളും മാനിച്ച് സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കണം. ദീർഘകാല സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായി സംവാദവും നയതന്ത്ര ശ്രമങ്ങളും ശക്തമാക്കണം. ബാധകമായ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി ആഗോള വ്യാപാരവും വിതരണശൃംഖലകളും ഊർജവിതരണവും തടസ്സമില്ലാതെ തുടരാൻ കൂട്ടായി പ്രവർത്തിക്കണം.
അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ ഏകപക്ഷീയ സമ്മർദ നടപടികളെയും ഫോറം അപലപിച്ചു. ഏകപക്ഷീയ സാമ്പത്തിക ഉപരോധങ്ങളും അനുബന്ധ ഉപരോധങ്ങളും ലക്ഷ്യമിടുന്ന രാജ്യങ്ങളിലെ സാധാരണ ജനങ്ങളുടെ വികസനാവകാശം, ആരോഗ്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മനുഷ്യാവകാശങ്ങളെ ഗുരുതരമായി ബാധിക്കുന്നു. അന്താരാഷ്ട്ര നിയമത്തെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ തത്ത്വങ്ങളെയും ലക്ഷ്യങ്ങളെയും ദുർബലപ്പെടുത്തുന്ന ഇത്തരം നിയമവിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഭീകരതയോട് വിട്ടുവീഴ്ചയില്ല; പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണ
ലക്ഷ്യം എന്തായാലും എപ്പോൾ, എവിടെ, ആര് നടത്തിയാലും എല്ലാ ഭീകരപ്രവർത്തനങ്ങളും കുറ്റകരവും ന്യായീകരിക്കാനാകാത്തതുമാണെന്ന് പ്രഖ്യാപനം വ്യക്തമാക്കി. 2025 ഏപ്രിൽ 22ന് ജമ്മു കശ്മീരിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തെ അതിശക്തമായി അപലപിച്ചു. ഭീകരരുടെ അതിർത്തികടന്നുള്ള സഞ്ചാരം, ഭീകരപ്രവർത്തനത്തിനുള്ള ധനസഹായം, സുരക്ഷിത താവളങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ രൂപത്തിലുള്ള ഭീകരതയെയും നേരിടും. ഭീകരതയെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ നാഗരികതയുമായോ വംശീയ വിഭാഗവുമായോ ബന്ധപ്പെടുത്തരുത്. ഭീകരപ്രവർത്തനത്തിൽ പങ്കാളികളാകുന്നവരെയും പിന്തുണയ്ക്കുന്നവരെയും ബന്ധപ്പെട്ട ദേശീയ, അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച് ഉത്തരവാദികളാക്കി നീതിക്ക് മുന്നിലെത്തിക്കണം. ഭീകരതയോട് ഒരു വിട്ടുവീഴ്ചയും പാടില്ല. അതിനെ നേരിടുന്നതിൽ ഇരട്ടത്താപ്പും അംഗീകരിക്കാനാകില്ല.
ഭീകരതയെ നേരിടാനുള്ള പ്രാഥമിക ഉത്തരവാദിത്വം രാജ്യങ്ങൾക്കാണ്. ആഗോള ഭീകരവിരുദ്ധ ശ്രമങ്ങൾ അന്താരാഷ്ട്ര നിയമപ്രകാരമുള്ള ബാധ്യതകൾ പൂർണമായി പാലിക്കണം. ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ, ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകളും ഉടമ്പടികളും, ബാധകമായ മനുഷ്യാവകാശ നിയമം, അഭയാർഥി നിയമം, മാനുഷിക നിയമം എന്നിവ മാനിക്കണം. ബ്രിക്സ് ഭീകരവിരുദ്ധ തന്ത്രം, പ്രവർത്തനപദ്ധതി, നിലപാട് രേഖ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഭീകരവിരുദ്ധ പ്രവർത്തകസമിതിയുടെയും അഞ്ച് ഉപസമിതികളുടെയും പ്രവർത്തനങ്ങളെ ഫോറം സ്വാഗതം ചെയ്തു. ഭീകരവിരുദ്ധ സഹകരണം കൂടുതൽ ശക്തമാക്കും. അന്താരാഷ്ട്ര ഭീകരതയ്ക്കെതിരായ സമഗ്ര കൺവെൻഷൻ ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂടിൽ വേഗത്തിൽ അന്തിമമാക്കി അംഗീകരിക്കണം. ഐക്യരാഷ്ട്രസഭ ഭീകരരായും ഭീകരസംഘടനകളായും പ്രഖ്യാപിച്ച എല്ലാവർക്കുമെതിരെ ഏകോപിത നടപടി വേണമെന്നും ആവശ്യപ്പെട്ടു.
ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ സമാധാനപരമായ തീർപ്പ് വേണമെന്ന നിലപാടും പ്രഖ്യാപനം ആവർത്തിച്ചു. അന്താരാഷ്ട്ര നിയമത്തിനും ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭാ പ്രമേയങ്ങൾക്കും അനുസൃതമായി രണ്ട് രാജ്യങ്ങളും സമാധാനത്തോടെയും സുരക്ഷയോടെയും ചേർന്ന് നിലനിൽക്കണം. പലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശവും സ്വാതന്ത്ര്യവും സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനുള്ള അവകാശവും അംഗീകരിക്കണമെന്നും വ്യക്തമാക്കി.
ഫലപ്രദമായ പാർലമെന്ററി സഹകരണത്തിന് പരിശീലനവും ശേഷിവികസനവും അനിവാര്യമാണെന്ന് ഫോറം വിലയിരുത്തി. പാർലമെന്റംഗങ്ങളും അവരുടെ സാങ്കേതിക, നിയമനിർമാണ ഉപദേഷ്ടാക്കളും അനുഭവങ്ങളും അറിവും പങ്കുവെക്കണം. ശേഷിവികസനത്തിനും തൊഴിൽപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹകരണം പ്രോത്സാഹിപ്പിക്കണം. കായികരംഗത്തിനായി ബ്രിക്സ് പാർലമെന്റുകൾക്കിടയിൽ പ്രവർത്തകസമിതി രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന റഷ്യയുടെ നിർദേശവും ശ്രദ്ധയിൽപ്പെടുത്തി. 2024 ജൂലൈ പതിനൊന്നിലെ ബ്രിക്സ് പാർലമെന്ററി ഫോറം ധാരണാപത്രവുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിലെ എട്ടാം ഖണ്ഡികയ്ക്ക് അനുസൃതമായാണ് നിർദേശം. ദേശീയ നിയമങ്ങൾക്കും മുൻഗണനകൾക്കും വിധേയമായി കായികം, കായികവിദ്യാഭ്യാസം എന്നീ മേഖലകളിലെ അനുഭവങ്ങളും മികച്ച പ്രവർത്തനരീതികളും സ്വമേധയാ പങ്കുവെക്കാനുള്ള വേദിയായി ഇത് മാറാം.
ബ്രിക്സ് വനിതാ പാർലമെന്റംഗങ്ങളുടെ ഫോറത്തിന്റെ പത്താം വാർഷികത്തിൽ 2016ലെ ജയ്പുർ പ്രഖ്യാപനവും സമ്മേളനം ഓർമിപ്പിച്ചു. കൂടുതൽ പേരെ ഉൾക്കൊള്ളുന്ന പാർലമെന്ററി ചർച്ചകൾക്കായി വനിതാ ഫോറത്തിന്റെ യോഗം വാർഷിക പരിപാടിയായി സ്ഥിരപ്പെടുത്തണമെന്നായിരുന്നു ആ പ്രഖ്യാപനത്തിലെ ആവശ്യം. ബ്രിക്സ് പാർലമെന്റുകളിലെ അന്താരാഷ്ട്രകാര്യ സമിതി അധ്യക്ഷന്മാരുടെ യോഗങ്ങളിലൂടെയും സഹകരണം ശക്തമാക്കണം. പരസ്പര ധാരണ വർധിപ്പിക്കാനും അനുഭവങ്ങളും മികച്ച നിയമനിർമാണ രീതികളും പങ്കുവെക്കാനും ഇത് സഹായിക്കും. പന്ത്രണ്ടാമത് ഫോറം വിജയകരമായി സംഘടിപ്പിച്ചതിന് ഇന്ത്യൻ പാർലമെന്റിനെ അഭിനന്ദിച്ച പ്രതിനിധികൾ, പാർലമെന്റും ഇന്ത്യയിലെ ജനങ്ങളും നൽകിയ ആതിഥ്യത്തിന് നന്ദി അറിയിച്ചു. 2027ൽ ചൈനയുടെ ബ്രിക്സ് അധ്യക്ഷകാലത്ത് വീണ്ടും സമ്മേളിക്കുമെന്നും പ്രഖ്യാപനത്തിൽ വ്യക്തമാക്കി.
.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

