ന്യൂഡൽഹി / 2026 / ഒക്ടോബർ 25
അസം, മിസോറം, മണിപ്പുർ സംസ്ഥാനങ്ങളിലെ 38 കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടത്തി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ഓപ്പറേഷൻ ട്രൈഡന്റ്. രാജ്യാന്തര മയക്കുമരുന്ന് കടത്തുശൃംഖലയുടെ പ്രവർത്തനവും സാമ്പത്തിക അടിത്തറയും തകർക്കാൻ ഒക്ടോബർ 23 പുലർച്ചെ നടത്തിയ നീക്കത്തിൽ 38 സംയുക്ത സംഘങ്ങൾ പങ്കെടുത്തു. 18 പേരെ അറസ്റ്റ് ചെയ്തു. ഏകദേശം 100 കോടി രൂപയുടെ ഹവാല ഇടപാടുകൾ പുറത്തുവന്നതായും 1,424 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ അറിയിച്ചു. നേരത്തേ നടന്ന അറസ്റ്റുകളുടെയും സാമ്പത്തിക അന്വേഷണങ്ങളുടെയും തുടർച്ചയായാണ് നടപടി.
മയക്കുമരുന്നിനൊപ്പം പണമൊഴുക്കിനും തടയിടൽ
17.82 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 500 ഡിറ്റണേറ്ററുകളും 12 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇന്ത്യ, മ്യാൻമർ, ബംഗ്ലാദേശ് അതിർത്തികളിലൂടെ ‘ഡെത്ത് ട്രയാംഗിൾ കോറിഡോർ’ എന്നറിയപ്പെടുന്ന പാത ഉപയോഗിച്ചാണ് ഈ സംഘം മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് അമിത് ഷാ എക്സ് വേദിയിലെ കുറിപ്പിൽ വ്യക്തമാക്കി. രാജ്യാന്തര മയക്കുമരുന്ന് സംഘത്തെ തകർത്ത നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
മോദി സർക്കാരിന്റെ മയക്കുമരുന്നിനോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഭാഗമാണ് നടപടി. മയക്കുമരുന്ന് പിടിച്ചെടുക്കുന്നതിൽ മാത്രം ഒതുങ്ങാതെ, കടത്തുശൃംഖലയും അതിന്റെ പണമൊഴുക്കും തകർക്കുന്നതിലേക്കാണ് അന്വേഷണത്തിന്റെ ഊന്നൽ മാറുന്നത്. മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള 2026–2029 കാലയളവിലെ ദർശനരേഖയ്ക്ക് അനുസൃതമായാണ് ഈ സമീപനം.
ദിവസങ്ങളിലെ രഹസ്യനീക്കം; ഒരേസമയം 38 പരിശോധനകൾ
നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ മിസോറം പൊലീസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഏകോപിച്ചാണ് ദൗത്യം നടത്തിയത്. മിസോറമിലെ മയക്കുമരുന്ന് കടത്തുതലവന്മാരെയും കൂട്ടാളികളെയും ലക്ഷ്യമിട്ട് കേന്ദ്ര, സംസ്ഥാന ഏജൻസികൾ ദിവസങ്ങളോളം രഹസ്യവിവരങ്ങൾ ശേഖരിച്ച് പരസ്പരം കൈമാറി. പരിശോധിക്കേണ്ട കേന്ദ്രങ്ങൾ സംയുക്തമായി നിശ്ചയിച്ചു. ഉന്നതതലത്തിൽ പ്രവർത്തനരീതികളും വിലയിരുത്തി. കടത്തിന്റെ ചരക്കുനീക്ക കേന്ദ്രങ്ങളെയും അനധികൃത പണമിടപാട് വഴികളെയും ഒരേസമയം ലക്ഷ്യമിടുന്നതായിരുന്നു പദ്ധതി.
ഒറ്റ കമാൻഡ് സംവിധാനത്തിന് കീഴിൽ 38 സംയുക്ത സംഘങ്ങളെ മുൻകൂട്ടി കണ്ടെത്തിയ 38 കേന്ദ്രങ്ങളിലേക്ക് ഒരേസമയം നിയോഗിച്ചു. ദുർഘടമായ ഭൂപ്രകൃതിയും കേന്ദ്രങ്ങൾ തമ്മിലുള്ള വലിയ അകലവും മറികടന്നാണ് പരിശോധനകളും അന്വേഷണങ്ങളും സാമ്പത്തിക ഇടപാടുകളുടെ പരിശോധനയും നടത്തിയത്. സംശയിക്കുന്നവർ രക്ഷപ്പെടുന്നതും അനധികൃത സ്വത്തുക്കൾ ഒളിപ്പിക്കുന്നതും തടയാൻ ഈ ഏകോപനം സഹായിച്ചു.
നഗരങ്ങൾ മുതൽ അതിർത്തിയിലെ കടത്തുപാതകൾ വരെ
മിസോറമിലെ ഐസ്വാൾ, ചംഫായ്, ഇന്ത്യ–മ്യാൻമർ അതിർത്തിയിലെ പ്രധാന വ്യാപാരകേന്ദ്രമായ സോഖാവ്ഥാർ എന്നിവിടങ്ങളിൽ പരിശോധന നടന്നു. മണിപ്പുരിലെ ചുരാചന്ദ്പുരിലുള്ള ബന്ധപ്പെട്ട പ്രവർത്തനകേന്ദ്രങ്ങളും അസമിലെ കച്ചാർ വഴിയുള്ള ചരക്കുനീക്ക പാതയും ദൗത്യത്തിന്റെ പരിധിയിൽ വന്നു. പ്രധാന നഗരകേന്ദ്രങ്ങൾക്കൊപ്പം അതീവ ശ്രദ്ധ ആവശ്യമായ അതിർത്തിപ്പാതകളിലും സംഘങ്ങൾ എത്തി.
എൻസിബിയും മിസോറം പൊലീസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചേർന്ന് തിരഞ്ഞെടുത്ത കേസുകളിൽ നടത്തിയ സമഗ്ര അന്വേഷണമാണ് ഈ നടപടിയിലേക്ക് നയിച്ചത്. മയക്കുമരുന്ന് എവിടെനിന്ന് എത്തുന്നു, ആരിലൂടെ കൈമാറുന്നു, എവിടേക്ക് പോകുന്നു എന്നിങ്ങനെ ശൃംഖലയുടെ മുൻപും പിന്നിലുമുള്ള ബന്ധങ്ങൾ തുടർച്ചയായി പരിശോധിച്ചു. ഇതിലൂടെയാണ് മ്യാൻമർ കേന്ദ്രീകരിച്ചുള്ള രാജ്യാന്തര സംഘത്തിന്റെ പ്രവർത്തനം പുറത്തുവന്നത്.
തലവനെ ഡൽഹിയിൽ പിടികൂടി; കൂട്ടാളികളും അറസ്റ്റിൽ
താങ്ചിൻതുവാങ് എന്ന ചിൻതുവാങ് എന്ന ത്ലുവാങ്ങയുടെ നേതൃത്വത്തിലായിരുന്നു ശൃംഖലയുടെ പ്രവർത്തനമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എൻസിബി, ചംഫായ് പൊലീസ്, മിസോറം എക്സൈസ് എന്നിവയുടെ പത്തിലധികം മയക്കുമരുന്ന് കേസുകളിൽ ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. മ്യാൻമർ–മിസോറം–മണിപ്പുർ–അസം–ത്രിപുര പാതയിലൂടെ മെത്താംഫെറ്റമിനും ഹെറോയിനും ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലേക്കും ബംഗ്ലാദേശിലേക്കും എത്തിക്കുന്നത് ഇയാളാണ് നിയന്ത്രിച്ചിരുന്നത്. സംസ്ഥാനങ്ങൾ കടന്നുള്ള നിരീക്ഷണത്തിനും രഹസ്യവിവരശേഖരണത്തിനും തുടർനടപടികൾക്കും പിന്നാലെ അന്വേഷണത്തിന്റെ മുൻഘട്ടത്തിൽ ഇയാളെ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തു.
മ്യാൻമറിൽനിന്നുള്ള മയക്കുമരുന്നിന്റെ നീക്കവും കൈമാറ്റവും ഏകോപിപ്പിച്ച അടുത്ത കൂട്ടാളി വുങ്ഖാൻതാവ്നയെയും അറസ്റ്റ് ചെയ്തു. പിന്നീട് മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള പിഐടിഎൻഡിപിഎസ് നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. അസം വഴിയുള്ള മയക്കുമരുന്ന് ഗതാഗതം നിയന്ത്രിച്ചിരുന്ന പ്രധാന ഇന്ത്യൻ കണ്ണിയായ അബു സാലിഹ് എന്ന സൈഫുദ്ദീനെ 2025 നവംബർ 20ന് അസമിലെ കച്ചാറിൽനിന്ന് പിടികൂടി. ഇയാൾക്കും ഒന്നിലധികം മയക്കുമരുന്ന് കേസുകളുമായി ബന്ധമുണ്ടായിരുന്നു.
ഹവാലക്കണ്ണിയിൽനിന്ന് വിപുലമായ ശൃംഖലയിലേക്ക്
പ്രധാന ഹവാല ഇടപാടുകാരിയായ ലാൽറാംപരിയെ എൻസിബി 2024 ഓഗസ്റ്റ് എട്ടിന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ശൃംഖലയുമായി ബന്ധപ്പെട്ട ഏകദേശം 100 കോടി രൂപയുടെ അനധികൃത ഹവാല ഇടപാടുകൾ കണ്ടെത്തി. ഇതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി ചേർന്ന് നടപടിയെടുക്കുകയും അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തു. ഈ അറസ്റ്റുകൾക്കുശേഷം നടത്തിയ വിശദമായ സാമ്പത്തിക പരിശോധനയും ഡിജിറ്റൽ തെളിവുകളുടെ വിശകലനവും കൂടുതൽ സഹായികൾ, കടലാസ് സ്ഥാപനങ്ങൾ, മറ്റുള്ളവർക്കായി പണം കൈമാറാൻ അക്കൗണ്ടുകൾ ഉപയോഗിച്ചവർ എന്നിവരിലേക്ക് അന്വേഷണത്തെ എത്തിച്ചു. ഇതാണ് ഒരേസമയം വിപുലമായ പരിശോധന നടത്തേണ്ട സാഹചര്യമുണ്ടാക്കിയത്.
2029 ഡിസംബർ 31നകം എല്ലാ മയക്കുമരുന്ന് ശൃംഖലകളെയും ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ ഉറച്ച പ്രതിജ്ഞയാണ് ഈ നടപടിയിൽ കാണുന്നതെന്ന് അമിത് ഷാ പറഞ്ഞു. മയക്കുമരുന്ന് സംഘങ്ങളുടെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിക്കുന്നതുവരെ നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ദൗത്യത്തിൽ പങ്കെടുത്ത കേന്ദ്ര ഏജൻസികളെയും മൂന്ന് സംസ്ഥാനങ്ങളിലെ പൊലീസ് സേനകളെയും ഉൾക്കൊള്ളുന്ന മയക്കുമരുന്ന് വിരുദ്ധ സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു.
.