മുംബൈ / 2026 / ഒക്ടോബർ 25
രാസവസ്തു, പെട്രോകെമിക്കൽ മേഖലയിൽ നിക്ഷേപം ആകർഷിക്കാനും സുസ്ഥിര വളർച്ച പ്രോത്സാഹിപ്പിക്കാനും വഴിയൊരുക്കി ഇന്ത്യ കെം 2026 മുംബൈയിൽ സമാപിച്ചു. ഒക്ടോബർ 22ന് ഉദ്ഘാടനം ചെയ്ത ത്രിദിന പരിപാടി, രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന അന്താരാഷ്ട്ര പ്രദർശനത്തിന്റെയും സമ്മേളനത്തിന്റെയും പതിനാലാം പതിപ്പായിരുന്നു. രാസവസ്തു, പെട്രോകെമിക്കൽ വകുപ്പും വ്യവസായ സംഘടനയായ ഫിക്കിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ‘ഭാരതത്തിന്റെ അനുകൂല സാധ്യതകൾ: ആഗോള രാസവ്യവസായ കേന്ദ്രമായി ഉയരുന്ന രാജ്യം’ എന്ന ആശയത്തിലായിരുന്നു പരിപാടി. ആഗോള പങ്കാളിത്തം ശക്തിപ്പെടുത്താനും മേള സഹായിച്ചു. ഇന്ത്യയുമായി, പ്രത്യേകിച്ച് രാസവസ്തു, പെട്രോകെമിക്കൽ മേഖലയിൽ, ശക്തമായ വ്യാപാരബന്ധമുള്ള ജപ്പാനായിരുന്നു പങ്കാളിത്ത രാജ്യം.
വികസിത ഭാരതത്തിന് രാസവ്യവസായത്തിന്റെ കരുത്ത്
കേന്ദ്ര രാസവസ്തു, രാസവള, ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജഗത് പ്രകാശ് നദ്ദയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡിഷ മുഖ്യമന്ത്രിമാരും കേന്ദ്ര രാസവസ്തു, രാസവള, ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേലും ചടങ്ങിൽ പങ്കെടുത്തു. 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ വ്യവസായ പ്രമുഖരും നിക്ഷേപകരും പുതുമകൾ വികസിപ്പിക്കുന്നവരും നയരൂപകർത്താക്കളും കൈകോർക്കണമെന്ന് നദ്ദ ആവശ്യപ്പെട്ടു. സാമ്പത്തിക വികസനത്തിന് വലിയ സംഭാവന നൽകാൻ കഴിയുന്ന, ഏറെ വളർച്ചാസാധ്യതയുള്ള മേഖലയാണ് രാസവസ്തു, പെട്രോകെമിക്കൽ വ്യവസായമെന്ന് അദ്ദേഹം പറഞ്ഞു. വികസിത ഭാരതം എന്ന ലക്ഷ്യത്തിൽ ഈ മേഖലയ്ക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ട്. നിലവിൽ ഏകദേശം 22,000 കോടി അമേരിക്കൻ ഡോളറുള്ള വിപണിയുടെ വലുപ്പം 2040ഓടെ ഒരു ലക്ഷം കോടി ഡോളറിലേക്കും 2047ഓടെ ഏകദേശം 1.6 ലക്ഷം കോടി ഡോളറിലേക്കും വളരണമെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരവും സാങ്കേതികവിദ്യയും ചർച്ചയായി
നദ്ദയുടെ അധ്യക്ഷതയിൽ നടന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ ഫോറം, വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനും മത്സരശേഷി വർധിപ്പിക്കുന്നതിനും പ്രാധാന്യം നൽകി. ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന രാസവസ്തു, പെട്രോകെമിക്കൽ കേന്ദ്രമായി ഇന്ത്യയെ വളർത്താനുള്ള ലക്ഷ്യവും ചർച്ചയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വ്യവസായ പ്രമുഖർ ഇന്ത്യൻ രാസവ്യവസായത്തിന്റെ അവസരങ്ങളും വെല്ലുവിളികളും വിലയിരുത്തി. ഇന്ത്യ–ജപ്പാൻ, ഇന്ത്യ–അമേരിക്ക, ഇന്ത്യ–യൂറോപ്യൻ യൂണിയൻ ഫോറങ്ങളിൽ വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ എന്നിവയിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള സാധ്യതകൾ പ്രതിനിധികളും വ്യവസായ പ്രമുഖരും പരിശോധിച്ചു. ആശയരൂപീകരണ ചർച്ചകൾക്കും വ്യവസായ ചർച്ചകൾക്കും ഫോറങ്ങളും വട്ടമേശ സമ്മേളനങ്ങളും വേദിയായി. പ്രത്യേക ആവശ്യങ്ങൾക്കുള്ള രാസവസ്തുക്കൾ, രാസവസ്തു–പെട്രോകെമിക്കൽ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ, കാർഷിക രാസവസ്തുക്കൾ, പരിസ്ഥിതി പ്രശ്നങ്ങൾ, വ്യവസായശാലകളിലെ യന്ത്രസാമഗ്രികൾ, പമ്പുകൾ, വാൽവുകൾ എന്നിവയെക്കുറിച്ച് വട്ടമേശ ചർച്ചകൾ നടന്നു. മേഖലയുടെ വേഗത്തിലുള്ള വളർച്ചയുമായി ബന്ധപ്പെട്ട നിലവിലെ വെല്ലുവിളികളായിരുന്നു ഇവ.
യുവാക്കളുടെ ആശയങ്ങൾക്ക് പുതിയ വേദി
പതിനാലാം പതിപ്പിലെ പുതിയ പരിപാടിയായിരുന്നു ‘ഇന്ത്യ കെം യൂത്ത് ഇന്നൊവേഷൻ ചലഞ്ച്’. പുതുമകൾ വികസിപ്പിക്കുന്ന യുവാക്കളെ ഇന്ത്യയുടെ രാസവസ്തു, പെട്രോകെമിക്കൽ മേഖലയുമായി ബന്ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. രാസവ്യവസായം നേരിടുന്ന പ്രശ്നങ്ങൾക്ക് വിദ്യാർഥികൾ പരിഹാരങ്ങൾ തയ്യാറാക്കി. വ്യവസായ മേഖലയിലെ വിദഗ്ധർ അടങ്ങിയ വിധികർത്താക്കളുടെ സമിതിയാണ് അവ വിലയിരുത്തിയത്. മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെ വിദ്യാർഥികളായ സൗമ്യ ഭോലെയും സാർഥക് കാലെയും ഒന്നാം സമ്മാനം നേടി. നാഗ്പുരിലെ വിശ്വേശ്വരയ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സുമൻ ബട്വെയും സലോനി മ്ഹാദേസറും രണ്ടാം സമ്മാനം നേടി. ഗാന്ധിനഗറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ജഷ് പ്രസാദും സ്മിത് ബംഭോർലിയയും മൂന്നാം സമ്മാനം സ്വന്തമാക്കി.
പ്രദർശനം കാണാൻ അയ്യായിരത്തിലേറെ പേർ
മേഖലയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ വ്യവസായ പ്രമുഖർക്കും സർക്കാർ പ്രതിനിധികൾക്കും ആശയങ്ങൾ പങ്കുവെക്കാനുള്ള വേദിയായി പരിപാടി മാറി. നിക്ഷേപസാധ്യതകൾ, നിയന്ത്രണ ചട്ടക്കൂടുകൾ, തന്ത്രപരമായ വെല്ലുവിളികൾ എന്നിവയിൽ സംവാദത്തിന് ഇത് സഹായിച്ചു. ലോകോത്തര നിലവാരത്തിലുള്ള പ്രദർശനത്തിൽ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ കമ്പനികളുടെ പവിലിയനുകൾ ഉണ്ടായിരുന്നു. പങ്കാളിത്ത സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡിഷ, ഉത്തർപ്രദേശ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ബിഹാർ എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളും പ്രദർശനത്തിൽ പങ്കെടുത്തു. ജപ്പാൻ, അമേരിക്ക, കാനഡ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, ദക്ഷിണ കൊറിയ, ആസിയാൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നും പങ്കാളിത്തമുണ്ടായി. മൂന്നുദിവസത്തിനിടെ അയ്യായിരത്തിലേറെ പേർ പ്രദർശനം സന്ദർശിച്ചു.


.