ന്യൂഡൽഹി / 2026 / നവംബർ 20
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള വ്യാപാരവും സാമ്പത്തിക സഹകരണവും ന്യൂഡൽഹിയിലെ വാണിജ്യ ഭവനിൽ ചേർന്ന വ്യാപാര നിക്ഷേപ പ്രവർത്തക സംഘത്തിന്റെ രണ്ടാം യോഗം വിലയിരുത്തി. ചിലർ നേരിട്ടും മറ്റുള്ളവർ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു. ഇന്ത്യയെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി അമിത് വർമ്മയും ഇന്തോനേഷ്യയെ അവിടത്തെ വ്യാപാര മന്ത്രാലയത്തിലെ ഉഭയകക്ഷി ചർച്ചകളുടെ ഡയറക്ടർ ബസാരിയ ടിയാര ദേശിക എൽ. ഗാവോളും നയിച്ചു. ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംഘടനകൾ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൂലൈയിലെ ഇന്തോനേഷ്യ സന്ദർശനത്തിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.
ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരം 2,478 കോടി ഡോളർ
ആസിയാനിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്തോനേഷ്യ. 2025–26 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരം 2,478 കോടി യു.എസ്. ഡോളറിലെത്തി. ആസിയാനുമായുള്ള ഇന്ത്യയുടെ ആകെ വ്യാപാരത്തിന്റെ 19.30 ശതമാനമാണിത്. വ്യാപാരത്തിൽ സന്തുലിതാവസ്ഥ ഉറപ്പാക്കണമെന്നും കൂടുതൽ ഉൽപ്പന്നങ്ങളിലേക്ക് വ്യാപാരം വ്യാപിപ്പിക്കണമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. മരുന്നുകൾ, വാക്സിനുകൾ, മെഡിക്കൽ ഉപകരണങ്ങൾ, വാഹനങ്ങൾ, വാഹനഘടകങ്ങൾ, യന്ത്രങ്ങൾ, ക്ഷീരോൽപ്പന്നങ്ങൾ, അരി, സുഗന്ധവ്യഞ്ജനങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, സൗരോർജവും മറ്റ് ഊർജ മേഖലകളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് അവസരമുണ്ടെന്നും ഇന്ത്യ അറിയിച്ചു.
കയറ്റുമതിയിലെ തടസ്സങ്ങൾ പരിഹരിക്കാൻ നിർദേശം
നിലക്കടല, തോട്ടവിള ഉൽപ്പന്നങ്ങൾ, പോത്തിറച്ചി, ശീതീകരിച്ച ചെമ്മീൻ എന്നിവയ്ക്ക് വിപണിയിൽ പ്രവേശനം ലഭിക്കുന്നതിലെ തടസ്സങ്ങൾ ചർച്ചയായി. കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകൽ, ഹലാൽ സർട്ടിഫിക്കേഷൻ, ടയറുകൾക്കും വാഹനങ്ങൾക്കും ബാധകമായ മാനദണ്ഡങ്ങളും സർട്ടിഫിക്കേഷൻ വ്യവസ്ഥകളും എന്നിവയും യോഗം പരിഗണിച്ചു. മരുന്നുകളുടെയും ആയുഷ് ഉൽപ്പന്നങ്ങളുടെയും രജിസ്ട്രേഷനും ഇലക്ട്രോണിക് ഉൽപ്പന്നങ്ങളിൽ പ്രാദേശിക ഘടകങ്ങൾ ഉപയോഗിക്കണമെന്ന വ്യവസ്ഥയും ചർച്ച ചെയ്തു. നിശ്ചിത സമയത്തിനകം പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട ഏജൻസികളിൽ ബന്ധപ്പെടേണ്ടവരെ നിശ്ചയിക്കണമെന്ന് ഇന്ത്യ നിർദേശിച്ചു. കാർഷിക ഉൽപ്പന്നങ്ങളുടെ വിപണി പ്രവേശനം, ഇന്ത്യയുടെ ഗുണനിലവാര നിയന്ത്രണ ഉത്തരവുകൾ എന്നിവയെക്കുറിച്ച് ഇന്തോനേഷ്യ ഉന്നയിച്ച വിഷയങ്ങളും ചർച്ചയായി.
പ്രൊഫഷണൽ യോഗ്യതകൾക്ക് പരസ്പര അംഗീകാരം ചർച്ചയിൽ
തൊഴിൽപരമായ യോഗ്യതകൾക്ക് പരസ്പരം അംഗീകാരം നൽകുന്നതും പ്രൊഫഷണലുകൾക്ക് മറുരാജ്യത്ത് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതും ഇരുപക്ഷവും ചർച്ച ചെയ്തു. സാമൂഹിക സുരക്ഷ, ഡിജിറ്റൽ സേവനങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നീ മേഖലകളിലും സഹകരണത്തിനുള്ള സാധ്യതകൾ പരിശോധിച്ചു. ആസിയാനും ഇന്ത്യയും തമ്മിലുള്ള ചരക്കുവ്യാപാര കരാറിന്റെ പുനഃപരിശോധന എത്രയും വേഗം പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യവും ഇന്ത്യ ചൂണ്ടിക്കാട്ടി.
പ്രാദേശിക കറൻസിയിലെ ഇടപാടും ഊർജ സഹകരണവും ചർച്ചയായി
സ്വന്തം കറൻസികളിൽ ഇടപാടുകൾ തീർപ്പാക്കുന്നതും ഇന്ത്യയുടെ യു.പി.ഐ. ഇന്തോനേഷ്യയുടെ ക്യു.ആർ.ഐ.എസ്. സംവിധാനവുമായി ബന്ധിപ്പിക്കുന്നതും യോഗം ചർച്ച ചെയ്തു. കസ്റ്റംസ് സഹകരണം, നിർണായക ധാതുക്കളും ഖനനവും, ബാങ്കിങ്, ഇൻഷുറൻസ് എന്നിവയും ചർച്ചയായി. പുനരുപയോഗ ഊർജം, ഹരിത ഹൈഡ്രജൻ, ജൈവ ഇന്ധനങ്ങൾ, രാസവളങ്ങൾ, തുറമുഖ-വ്യോമ ബന്ധം എന്നിവയും യോഗം പരിഗണിച്ചു. ജൂലൈയിലെ സന്ദർശനത്തിൽ ഒപ്പുവെച്ച കരാറുകളും ധാരണാപത്രങ്ങളും നടപ്പാക്കുന്നതിനെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.
അടുത്ത യോഗം ഇന്തോനേഷ്യയിൽ
2021 ഓഗസ്റ്റിൽ ചേർന്ന ആദ്യ യോഗത്തിനുശേഷം പ്രവർത്തക സംഘം വീണ്ടും ചേരുന്നത് ഇതാദ്യമാണ്. 2026 ജൂലൈ 6 മുതൽ 8 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിൽ നടത്തിയ ഔദ്യോഗിക സന്ദർശനത്തിനിടെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, രണ്ടാം യോഗം 2026ൽ തന്നെ ചേരണമെന്ന് ഇരുരാജ്യങ്ങളുടെയും നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക സഹകരണത്തിനുള്ള നിലവിലെ സംവിധാനങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താനും അവ ശക്തിപ്പെടുത്താനും വ്യാപാര മേഖലയ്ക്ക് പ്രയോജനപ്പെടുന്ന വ്യക്തമായ ഫലങ്ങൾ കൈവരിക്കാനും നേതാക്കൾ ഊന്നൽ നൽകി. സമഗ്ര തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇരുപക്ഷവും യോഗത്തിൽ ആവർത്തിച്ചു. സഹകരണത്തിലെ പുരോഗതി തുടരാൻ പ്രവർത്തക സംഘം പതിവായി യോഗം ചേരണമെന്ന് ഇന്ത്യ നിർദേശിച്ചു. അടുത്ത യോഗം ഇന്തോനേഷ്യയിൽ നടക്കും.
.