ന്യൂഡൽഹി / 2026 / ഒക്ടോബർ 01
രോഗപ്രതിരോധത്തിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ പ്രാധാന്യം നൽകി ഇന്ത്യയുടെ ആരോഗ്യസംവിധാനം മുന്നേറുകയാണെന്ന് കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രി ജെ. പി. നഡ്ഡ പറഞ്ഞു. ന്യൂഡൽഹിയിൽ സെപ്റ്റംബർ 30ന് ആരംഭിച്ച ലോക ഗ്യാസ്ട്രോഎന്ററോളജി സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദഹനവ്യവസ്ഥയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഈ അന്താരാഷ്ട്ര സമ്മേളനത്തിന് ഇന്ത്യ ആദ്യമായാണ് വേദിയാകുന്നത്. ഒക്ടോബർ മൂന്നുവരെ നടക്കുന്ന നാലുദിവസത്തെ സമ്മേളനത്തിൽ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ വിദഗ്ധർ, ഡോക്ടർമാർ, ഗവേഷകർ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുക്കുന്നു. ചികിത്സയ്ക്കൊപ്പം രോഗപ്രതിരോധം, ആരോഗ്യപരിപോഷണം, പുനരധിവാസം, സാന്ത്വനപരിചരണം എന്നിവയ്ക്കും പ്രാധാന്യം നൽകുന്ന സർക്കാരിന്റെ സമീപനമാണ് മന്ത്രി വിശദീകരിച്ചത്.
ആരോഗ്യസേവനങ്ങൾ ജനങ്ങളിലേക്ക്; രോഗങ്ങൾ നേരത്തേ കണ്ടെത്താൻ പരിശോധനകൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ 2017ലെ ദേശീയ ആരോഗ്യനയം സമഗ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ആരോഗ്യപരിചരണത്തിലേക്കുള്ള സുപ്രധാന മാറ്റമായിരുന്നുവെന്ന് നഡ്ഡ പറഞ്ഞു. രോഗപ്രതിരോധം, ആരോഗ്യപരിപോഷണം, ചികിത്സ, പുനരധിവാസം എന്നിവയെല്ലാം ഈ നയത്തിന്റെ ഭാഗമാണ്. പ്രാഥമിക, ദ്വിതീയ, തൃതീയ ആരോഗ്യപരിചരണ സംവിധാനങ്ങൾക്കിടയിൽ ആവശ്യമായ സന്തുലിതാവസ്ഥ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിവിധ തലങ്ങളിലുള്ള ചികിത്സാസംവിധാനങ്ങൾ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തുന്നു. ഏകദേശം 1.86 ലക്ഷം ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ സമഗ്രമായ പ്രാഥമിക ആരോഗ്യസേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗപ്രതിരോധത്തിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള സേവനങ്ങളും ഇവിടങ്ങളിൽ ലഭ്യമാക്കുന്നു. ജീവിതശൈലീരോഗങ്ങൾ നേരത്തേ കണ്ടെത്താനുള്ള പരിശോധനകൾ രോഗപ്രതിരോധത്തിന്റെ പ്രധാന ഘടകമാണ്. ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ വഴി 30 വയസ്സും അതിനുമുകളിലും പ്രായമുള്ളവരിൽ ഉയർന്ന രക്തസമ്മർദം, പ്രമേഹം, വായിലെ അർബുദം, സ്തനാർബുദം, ഗർഭാശയമുഖ അർബുദം എന്നിവയ്ക്കുള്ള പരിശോധനകൾ നടത്തുന്നു. ഇതുവരെ ഉയർന്ന രക്തസമ്മർദത്തിനും പ്രമേഹത്തിനുമായി 42 കോടിയിലധികം വീതം പരിശോധനകൾ നടത്തിയിട്ടുണ്ട്. വായിലെ അർബുദത്തിന് 36 കോടിയിലധികവും സ്തനാർബുദത്തിന് 17 കോടിയിലധികവും ഗർഭാശയമുഖ അർബുദത്തിന് ഒമ്പത് കോടിയിലധികവും പരിശോധനകൾ നടത്തിയതായും നഡ്ഡ അറിയിച്ചു.
ആരോഗ്യകരമായ ഭക്ഷണത്തിന് പ്രോത്സാഹനം; മാതൃമരണത്തിൽ 86 ശതമാനം കുറവ്
ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ശാരീരികമായി സജീവമായ ജീവിതരീതിയും പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളും മന്ത്രി വിശദീകരിച്ചു. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ‘ഈറ്റ് റൈറ്റ് ഇന്ത്യ’ പ്രചാരണവും ‘പോഷൺ മാഹ്’ പരിപാടിയും നല്ല ഭക്ഷണശീലങ്ങളെയും ശാരീരിക പ്രവർത്തനങ്ങളെയും കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. അമിതവണ്ണം നിയന്ത്രിക്കാനും ആരോഗ്യകരമായ ജീവിതരീതി വളർത്താനും എണ്ണയുടെ ഉപയോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചതും അദ്ദേഹം ഓർമിപ്പിച്ചു. മാതൃ–ശിശു ആരോഗ്യരംഗത്തും പുരോഗതി ഉണ്ടായിട്ടുണ്ട്. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം, ആരോഗ്യസ്ഥാപനങ്ങളിൽ നടക്കുന്ന പ്രസവങ്ങളുടെ നിരക്ക് 2015–16ലെ 79 ശതമാനത്തിൽനിന്ന് ഏകദേശം 90 ശതമാനമായി ഉയർന്നു. 1990നും 2023നും ഇടയിൽ ഇന്ത്യയിലെ മാതൃമരണത്തിൽ 86 ശതമാനം കുറവുണ്ടായി. ബന്ധപ്പെട്ട കാലയളവിൽ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 79 ശതമാനവും നവജാതശിശുക്കളുടെ മരണനിരക്ക് 70 ശതമാനവും കുറഞ്ഞതായും നഡ്ഡ പറഞ്ഞു.
60 കോടിയിലധികം പേർക്ക് ആരോഗ്യപരിരക്ഷ; കുടുംബത്തിന് വർഷം അഞ്ചുലക്ഷം രൂപ
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഗുണമേന്മയുള്ള ചികിത്സ ലഭിക്കാതെ പോകുന്ന സാഹചര്യം ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സമൂഹത്തിന്റെ അരികുകളിലുള്ളവർക്കും ചികിത്സ ഉറപ്പാക്കുന്നതിന് പ്രത്യേക പ്രാധാന്യം നൽകുന്നു. ആശുപത്രിവാസം മൂലമുള്ള സാമ്പത്തിക ബാധ്യതയിൽനിന്ന് സംരക്ഷണം നൽകാനും ആവശ്യമായ ആരോഗ്യപരിചരണം ഉറപ്പാക്കാനുമായി 2018 സെപ്റ്റംബറിലാണ് ആയുഷ്മാൻ ഭാരത്–പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ആരംഭിച്ചത്. പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും വർഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലഭിക്കുന്നു. നിലവിൽ 60 കോടിയിലധികം ഗുണഭോക്താക്കളിലേക്ക് പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. സാമ്പത്തികസ്ഥിതി പരിഗണിക്കാതെ 70 വയസ്സും അതിനുമുകളിലും പ്രായമുള്ള ഏകദേശം ആറുകോടി മുതിർന്ന പൗരന്മാർക്കും പരിരക്ഷ നീട്ടിയിട്ടുണ്ട്. പദ്ധതിക്കു കീഴിൽ 13 കോടിയിലധികം ചികിത്സകൾ നൽകി. ഇതിനായി രണ്ടുലക്ഷം കോടിയിലധികം രൂപ ചെലവഴിച്ചു. ഗുണമേന്മയുള്ള ചികിത്സ കൂടുതൽ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ വ്യാപ്തിയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് നഡ്ഡ പറഞ്ഞു. മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും ചെലവ് കുറയ്ക്കാനുള്ള നടപടികളും അദ്ദേഹം വിശദീകരിച്ചു. പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജനയിലൂടെ ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകളെക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നു. രാജ്യത്ത് 20,149ലധികം ജനൗഷധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഈ സംരംഭത്തിലൂടെ ജനങ്ങൾക്ക് മരുന്നുചെലവിൽ ഏകദേശം 45,000 കോടി രൂപ ലാഭിക്കാനായി. ഇത്തരം നടപടികൾ കുടുംബങ്ങളുടെ ചികിത്സാഭാരം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൊത്തം ആരോഗ്യച്ചെലവിൽ ജനങ്ങൾ സ്വന്തം കൈയിൽനിന്ന് വഹിക്കുന്ന ചെലവിന്റെ വിഹിതം 2014–15ലെ 62 ശതമാനത്തിൽനിന്ന് 2021–22ൽ 43.4 ശതമാനമായി കുറഞ്ഞു. ആരോഗ്യപരിചരണത്തിൽ കൂടുതൽ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുന്നതിലെ പുരോഗതിയാണ് ഇതിലൂടെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദഹനാരോഗ്യത്തിൽ പുതിയ വഴികൾ; പ്രകൃതിസംരക്ഷണത്തിനും പ്രാധാന്യം
‘ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുക, പ്രകൃതിയെ സംരക്ഷിക്കുക’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎന്ററോളജിയും വേൾഡ് ഗ്യാസ്ട്രോഎന്ററോളജി ഓർഗനൈസേഷനും ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ സ്റ്റഡി ഓഫ് ദ ലിവർ, ക്രോൺസ് ആൻഡ് കൊളൈറ്റിസ് ഫൗണ്ടേഷൻ ഇന്ത്യ, ഇന്ത്യൻ പാൻക്രിയാസ് ക്ലബ്, ഇന്ത്യൻ ന്യൂറോഗ്യാസ്ട്രോഎന്ററോളജി ആൻഡ് മോട്ടിലിറ്റി അസോസിയേഷൻ എന്നിവയും സഹകരിക്കുന്നു. അത്യാധുനിക ശാസ്ത്രം, ചികിത്സാരീതികൾ, ഗവേഷണം, പുതിയ ആശയങ്ങൾ, വിവിധ ചികിത്സാമേഖലകൾ തമ്മിലുള്ള അറിവിന്റെ കൈമാറ്റം എന്നിവയിലൂടെ ദഹനാരോഗ്യരംഗത്തെ പുരോഗതിയാണ് സമ്മേളനം ലക്ഷ്യമിടുന്നത്. ആരോഗ്യരംഗത്തെ നേട്ടങ്ങൾ ശക്തമായ അടിത്തറ നൽകുന്നുണ്ടെങ്കിലും പുതിയ വെല്ലുവിളികൾ നേരിടാൻ ഗവേഷണവും നവീകരണവും തുടർന്നും ആവശ്യമാണെന്ന് നഡ്ഡ പറഞ്ഞു. പ്രധാന ദഹനവ്യവസ്ഥാ അണുബാധകൾ നിയന്ത്രിക്കാനും ദഹനവ്യവസ്ഥയുടെയും കരളിന്റെയും രോഗങ്ങളുടെ മാറിവരുന്ന വെല്ലുവിളികൾ നേരിടാനും ഡോക്ടർമാരും ഗവേഷകരും പുതിയ പരിഹാരങ്ങൾ കണ്ടെത്തുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സമ്മേളനത്തിന്റെ പ്രമേയം ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദഗ്ധരുടെ ചർച്ചകൾ ദഹനവ്യവസ്ഥയിലെയും കരളിലെയും രോഗങ്ങളെ നേരിടാൻ പുതിയ സമീപനങ്ങളും പരിഹാരങ്ങളും കണ്ടെത്താൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം അന്താരാഷ്ട്ര ശാസ്ത്രസമ്മേളനങ്ങൾ അറിവ് പങ്കുവയ്ക്കാനും വിവിധ ആരോഗ്യസംവിധാനങ്ങളിൽനിന്ന് പഠിക്കാനും രാജ്യാന്തര സഹകരണം ശക്തിപ്പെടുത്താനും അവസരമൊരുക്കുന്നു. ഗ്യാസ്ട്രോഎന്ററോളജിയിലെ അടുത്ത തലമുറ ഗവേഷണവും ചികിത്സയും നവീകരണവും മുന്നോട്ടുകൊണ്ടുപോകേണ്ട യുവഡോക്ടർമാർക്കും ഈ വേദികൾ പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്മേളനം വിജയകരവും ഫലപ്രദവുമാകട്ടെയെന്ന് ആശംസിച്ച മന്ത്രി, നാലുദിവസത്തെ പരിപാടിയിൽ അറിവും അനുഭവങ്ങളും ആശയങ്ങളും കൈമാറാനുള്ള അവസരം പൂർണമായി ഉപയോഗിക്കണമെന്ന് ഇന്ത്യയിലെയും വിദേശത്തെയും പ്രതിനിധികളോട് അഭ്യർഥിച്ചു. ഗ്യാസ്ട്രോഎന്ററോളജി, രോഗീപരിചരണം, ഗവേഷണം, ചികിത്സാരംഗം എന്നിവയ്ക്ക് നൽകിയ ശ്രദ്ധേയമായ സംഭാവനകൾ മാനിച്ച് മുതിർന്ന വിദഗ്ധർക്ക് അദ്ദേഹം സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരങ്ങളും സമ്മാനിച്ചു.
വിദഗ്ധരുടെ ആഗോള സംഗമം; ഗവേഷണത്തിനും സഹകരണത്തിനും വേദി
ദഹനവ്യവസ്ഥ, കരൾ, അഗ്ന്യാശയം എന്നിവയുടെ രോഗചികിത്സയിലെ വിദഗ്ധർ, എൻഡോസ്കോപ്പി വിദഗ്ധർ, ദഹനവ്യവസ്ഥാ ശസ്ത്രക്രിയാ വിദഗ്ധർ, പോഷകാഹാര വിദഗ്ധർ, നഴ്സുമാർ, സാങ്കേതികവിദഗ്ധർ, അനുബന്ധ ആരോഗ്യപ്രവർത്തകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അറിവും അനുഭവങ്ങളും മികച്ച പ്രവർത്തനരീതികളും പങ്കുവയ്ക്കാൻ ഇതിലൂടെ അവസരം ലഭിക്കുന്നു. രോഗവ്യാപന പഠനം, ചികിത്സാ മാർഗനിർദേശങ്ങൾ, ഗവേഷണഫലങ്ങൾ പ്രായോഗിക ചികിത്സയിലേക്ക് എത്തിക്കൽ തുടങ്ങിയ മേഖലകളിൽ ആഗോള ദഹനാരോഗ്യ ഗവേഷണത്തിന് ഇന്ത്യ നൽകുന്ന സംഭാവനകളും സമ്മേളനം മുന്നോട്ടുവയ്ക്കുന്നു. ഇന്ത്യൻ–അന്താരാഷ്ട്ര വിദഗ്ധർക്ക് ഗവേഷണഫലങ്ങളും ചികിത്സാനുഭവങ്ങളും പുതിയ സമീപനങ്ങളും പങ്കിടാനാകും. ദേശീയ–അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുന്ന ശാസ്ത്രപരിപാടിയിൽ ശാസ്ത്രസമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ, സംവാദങ്ങൾ, പരിശീലനശില്പശാലകൾ, തത്സമയ പ്രദർശനങ്ങൾ, ഗവേഷണസാരാംശ അവതരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. വ്യവസായ–സാങ്കേതിക പങ്കാളികളുമായി ആശയവിനിമയം നടത്താനും പുതിയ സാങ്കേതികവിദ്യകളും നവീകരണങ്ങളും ചർച്ചചെയ്യാനും അവസരമുണ്ട്. ഗ്യാസ്ട്രോഎന്ററോളജിയിലും അനുബന്ധ മേഖലകളിലും അറിവിന്റെ കൈമാറ്റത്തിനും സഹകരണത്തിനും നവീകരണത്തിനുമുള്ള ആഗോള വേദിയാണ് സമ്മേളനം. ഇന്ത്യൻ ആരോഗ്യപ്രവർത്തകർക്കും ഗവേഷകർക്കും സ്ഥാപനങ്ങൾക്കും അന്താരാഷ്ട്ര വൈദ്യസമൂഹവുമായി ബന്ധപ്പെടാനും ആഗോള ശാസ്ത്രചർച്ചകളിൽ സംഭാവന നൽകാനും ഇതിലൂടെ കഴിയും. ഇന്ത്യ ആദ്യമായി ഈ സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത് ആഗോള ഗ്യാസ്ട്രോഎന്ററോളജി സമൂഹവുമായുള്ള രാജ്യത്തിന്റെ ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ്. രാജ്യാന്തര ശാസ്ത്രപങ്കാളിത്തവും ആരോഗ്യരംഗത്തെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണവും കൂടുതൽ ശക്തിപ്പെടുത്താനും ഇത് അവസരമൊരുക്കുന്നു. എയിംസ് ഡയറക്ടർ പ്രൊഫ. നിഖിൽ ടണ്ടൻ, കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. അജയ് കുമാർ സൂദ്, വേൾഡ് ഗ്യാസ്ട്രോഎന്ററോളജി ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. കരോലിന ഒലാനോ, സമ്മേളനത്തിന്റെ പ്രാദേശിക സംഘാടകസമിതി ചെയർമാൻ ഡോ. ഗോവിന്ദ് മഖാരിയ, ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎന്ററോളജി സെക്രട്ടറി ജനറൽ ഡോ. മാത്യു ഫിലിപ്പ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

.