മാത്യുജോസ് മാങ്കുളം
ആനക്കുളം: 26 sept. 2026
ആനത്താരകൾ പുനർജീവിപ്പിക്കുക എന്ന പേരിൽ ഇടുക്കിയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന പദ്ധതികളുടെ പിന്നിലെ യാഥാർത്ഥ്യം എന്താണെന്ന് വ്യക്തമാക്കുന്ന അനുഭവക്കുറിപ്പുമായി ഹൈറേഞ്ച് കർഷകൻ മാത്യു ജോസ് മാങ്കുളം.
1972-ൽ കൊച്ചുകുട്ടിയായിരിക്കുമ്പോഴാണ് താൻ കട്ടപ്പനയിൽ നിന്നും ആനക്കുളത്ത് എത്തിയതെന്ന് അദ്ദേഹം ഓർക്കുന്നു. ഇന്ന് വനംവകുപ്പ്, വഴി തടഞ്ഞ മലയോര ഹൈവേയുടെ വഴിയിലൂടെ അന്ന് കാൽനടയായിട്ടായിരുന്നു യാത്ര. വഴിയിൽ ആന നടന്ന കാൽപ്പാടുകളും മരങ്ങളിൽ ആന ശരീരം ഉരഞ്ഞുണ്ടായ പാടുകളും വ്യക്തമായി കാണാമായിരുന്നു.
ഞങ്ങളുടെ പുരയിടവും വനവും തമ്മിലുള്ള അതിർത്തി ഒരു പുഴയായിരുന്നു. പുഴയുടെ ഇറമ്പിലൂടെയായിരുന്നു ആനകൾ ഏറ്റവും അധികം സഞ്ചരിച്ചിരുന്ന പാത. അന്ന് വീട്ടിൽ കൈസർ എന്ന് പേരുള്ള വലിയ കറുത്ത പട്ടി ഉണ്ടായിരുന്നു. അവന്റെ മുഴക്കമുള്ള കുര ഏതൊരാളെയും ഭയപ്പെടുത്തുന്നതായിരുന്നു. അത് അസഹനീയമായപ്പോൾ ആന അതിന്റെ പാത അര കിലോമീറ്റർ കൂടി ഉള്ളിലേക്ക് മാറ്റി എന്നും അദ്ദേഹം പറയുന്നു.
കന്നുകാലികളെ മേയ്ക്കാൻ കാട്ടിൽ വിടുന്ന രീതി അന്നുണ്ടായിരുന്നു. അതും ആനത്താരയിലൂടെ തന്നെ. അങ്ങനെയാണ് ആനത്താരകളെ താൻ സൂക്ഷ്മമായി നിരീക്ഷിച്ചു തുടങ്ങിയത്.
ആനയ്ക്ക് വലിയ ശരീരമുള്ളതുകൊണ്ട് ഏത് ഭൂപ്രകൃതിയിലൂടെയും സ്വതന്ത്രമായി സഞ്ചരിക്കാനാവില്ല. അതുകൊണ്ട് ഭാരം താങ്ങുന്നതും വലിയ തടസ്സമില്ലാതെ സഞ്ചരിക്കാവുന്നതുമായ വഴി അവ തെരഞ്ഞെടുക്കും. പലതവണ നടന്നു കഴിയുമ്പോൾ അതാണ് ആനത്താരയാകുന്നത്.
എന്നാൽ ഇത് സ്ഥിരമായ വഴിയല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്ത് വലിയ മരം വീണാൽ അവർ പുതുവഴി തേടും. കുട്ടികളുമായി സഞ്ചരിക്കുമ്പോൾ സ്ഥിരമായി കടുവയുടെ ഗന്ധം കിട്ടിയാലും വഴിമാറ്റും. ആനയും പോത്തും ഏതാണ്ട് ഒരേ വഴി തന്നെ ഉപയോഗിക്കും. ചെറുജീവികൾ ഇതിന് സമാന്തരമായി പുതുവഴി ഉണ്ടാക്കും.
ആനയ്ക്ക് വലിയ തലയുള്ളതുകൊണ്ട് വലിയ ബുദ്ധിയുണ്ടെന്നത് തെറ്റായ ധാരണയാണെന്നും അദ്ദേഹം പറയുന്നു. നേരെ നിൽക്കുന്ന ആടിനെയും പശുവിനെയും വരെ ആനയ്ക്ക് പേടിയാണ്. ആനയ്ക്ക് തന്റെ ശരീരവലിപ്പം പോലും അറിയില്ല. അനമലയിൽ നിന്ന് ആനക്കുളത്തേക്ക് വഴിയുള്ള വിവരം തലമുറകൾ കൈമാറുന്ന അറിവല്ല. ദാഹിക്കുമ്പോഴും വിശക്കുമ്പോഴും മുന്നോട്ട് പോകുന്ന വഴി മാത്രമാണത്.
നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ആനത്താരയിലൂടെയാണ് ആന കൃഷിയിടത്തിൽ എത്തുന്നത് എന്ന വാദം തമാശയാണെന്നും അദ്ദേഹം പറയുന്നു. കാട്ടിൽ വയറു നിറയാതെ വരുമ്പോൾ പച്ചപ്പുള്ള കൃഷിയിടത്തിൽ വിശപ്പിന് പരിഹാരം തേടി എത്തുന്നതാണ് ആന.
കേരളം മുഴുവൻ കാടായിരുന്നപ്പോൾ ആന നടന്ന വഴികൾ പിന്നീട് ടാർ റോഡായിട്ടുണ്ടാകാം എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. കാരണം വലിയ ഭാരം വഹിച്ച് നടക്കാൻ സാമാന്യം വീതിയുള്ള വഴി വേണം. ചിന്നാറിൽ നിന്നും ഉടുമലയ്ക്ക് പോകുമ്പോൾ ആന വഴിയിൽ ഇറങ്ങി നിൽക്കുന്നു എന്ന തോന്നൽ ഉണ്ടാകുന്നത്. വലിയ മരക്കാടുകളിൽ ആനയ്ക്ക് ഭക്ഷിക്കാൻ ഒന്നും ഉണ്ടാകില്ല, റോഡ് വക്കിൽ പച്ചപ്പും ഈറവും കാണും എന്നതാണ് കാര്യം.
ആനയ്ക്ക് ഭക്ഷണ ലഭ്യത കുറയാൻ കാരണം എണ്ണം വർധിച്ചതും ഈറ്റ വെട്ട് അവസാനിപ്പിച്ചതുമാണ്. മൂത്ത ഈറ്റ വെട്ടിയാൽ അത് തളിർക്കും, എളുപ്പം കഴിക്കാവുന്ന തീറ്റ അതാണ്. പണ്ട് ആദിവാസികൾ വിരിപ്പ് വെട്ടി വിളയെടുത്താൽ അവർ ആ സ്ഥലം ഉപേക്ഷിക്കും. അവിടെ ആദ്യം വളരുന്ന വൃക്ഷം ‘പൊട്ടാമ’ എന്ന് പറയുന്ന വൃക്ഷമാണ്. അതിന്റെ ഇലയും തൊലിയും ചെറിയ ശാഖയും എല്ലാം ആന തിന്നും. വിരിപ്പ് കൃഷി നിന്നതോടെ അതും കിട്ടാതായി. വലിയ പുൽമേടുകൾ വനംവകുപ്പ് വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ച് ആ തീറ്റയും തടഞ്ഞു. വിശപ്പ് സഹിക്കാതെ വന്നാൽ ആനയ്ക്കും കലി കയറും.
ആനത്താരകൾ പുനർജീവിപ്പിക്കുകയല്ല ഇടുക്കി കളക്ടറുടെ ലക്ഷ്യമെന്നും, ഏക വനം പദ്ധതി സാധ്യമാക്കുകയും ഉപേക്ഷിച്ചു എന്ന് പറയുന്ന ഇന്ത്യ ഹൈ റേഞ്ച് മൗണ്ടൈൻ ലാൻഡ്സ്കേപ്പ് പ്രൊജക്റ്റ് നടപ്പാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിക്കുന്നു. പെരിയാറിൽ നിന്ന് ആനയെ തടസ്സമില്ലാതെ നെല്ലിയാമ്പതിയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം
ആനയ്ക്ക് മാത്രമല്ല, മുള്ളൻ പന്നിക്കും എലിക്കും പാമ്പിനും താരയുണ്ട്. ആനയ്ക്ക് സ്വന്തമായി കൂടില്ലാത്തതുകൊണ്ട് സ്ഥിരമായ താരയും ഇല്ല എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.