ന്യൂയോർക്ക്, 2026 ജൂൺ 08 –
മനുഷ്യ മസ്തിഷ്കം എങ്ങനെ ഇത്ര കുറഞ്ഞ ഊർജത്തിൽ പഠിക്കുകയും വിവരങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നുവെന്ന രഹസ്യം കണ്ടെത്തി പുതിയ രീതിയിലുള്ള എഐ വികസിപ്പിക്കാൻ ‘ഫ്ലറിഷ്’ എന്ന ന്യൂറോ-എഐ സ്റ്റാർട്ടപ്പ് രംഗത്ത്. മസ്തിഷ്കത്തിന്റെ അടിസ്ഥാന ‘കോർ അൽഗോരിതം’ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി കമ്പനിക്ക് 500 മില്യൺ ഡോളറിന്റെ ഫണ്ടുണ്ട്. കമ്പനിയുടെ മൂല്യം 2.5 ബില്യൺ ഡോളറാണെന്നാണ് റിപ്പോർട്ട്. ജെഫ് ബെസോസ് ആദ്യം 50 മില്യൺ ഡോളർ നിക്ഷേപിക്കുകയും പിന്നീട് തന്റെ നിക്ഷേപം ഏകദേശം ഇരട്ടിയാക്കുകയും ചെയ്തു.
50 വാട്ടിൽ പ്രവർത്തിക്കുന്ന എഐ മസ്തിഷ്കം
ന്യൂറോസയന്റിസ്റ്റും സംരംഭകനുമായ തോമസ് റിയാർഡനും മുൻ ആമസോൺ എക്സിക്യൂട്ടീവ് റോബ് വില്യംസുമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. മനുഷ്യന്റെ മസ്തിഷ്കം വിവരങ്ങൾ കൈകാര്യം ചെയ്യാൻ ഏകദേശം 20 വാട്ട് ഊർജം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം വലിയ എഐ മോഡലുകൾക്ക് വൻതോതിൽ കംപ്യൂട്ടിങ് ശേഷിയും വൈദ്യുതിയും ഡാറ്റയും വേണം. 50 വാട്ടോ അതിൽ കുറവോ ഊർജത്തിൽ പ്രവർത്തിക്കുകയും മനുഷ്യനെപ്പോലെ സാഹചര്യങ്ങളിൽ നിന്ന് തുടർച്ചയായി പഠിക്കുകയും ചെയ്യുന്ന ‘സിന്തറ്റിക് എഐ ബ്രെയിൻ’ നിർമ്മിക്കുകയാണ് ഫ്ലറിഷിന്റെ ലക്ഷ്യം.
യഥാർഥ ന്യൂറോണുകളെ പഠിക്കും
മസ്തിഷ്കത്തിലെ ‘കോർട്ടിക്കൽ കോളം’ എന്ന ഘടനയിലാണ് ഗവേഷകരുടെ പ്രധാന ശ്രദ്ധ. മാർച്ച് അവസാനത്തോടെ രണ്ട് ഡസനോളം പ്രമുഖ ന്യൂറോസയന്റിസ്റ്റുകളെയും എഐ ഗവേഷകരെയും കമ്പനി നിയമിച്ചിരുന്നു. ന്യൂയോർക്കിലെ ലാബിൽ അത്യാധുനിക മൈക്രോസ്കോപ്പുകൾ ഉപയോഗിച്ച് യഥാർഥ മസ്തിഷ്ക കോശങ്ങളും ന്യൂറൽ സർക്യൂട്ടുകളും പഠിക്കാനാണ് പദ്ധതി. ഫ്രൂട്ട് ഫ്ലൈയുടെ ന്യൂറൽ നെറ്റ്വർക്ക് എൽഎൽഎമ്മുകളുടെ അടിസ്ഥാന ഘടകമായ ട്രാൻസ്ഫോർമറിനെക്കാൾ പത്തിരട്ടി കാര്യക്ഷമമാണെന്ന് ഫ്ലറിഷ് സഹസ്ഥാപകൻ ജോഷ്വ വോഗൽസ്റ്റീൻ സഹരചയിതാവായ പഠനം കണ്ടെത്തിയതായും റിപ്പോർട്ട് പറയുന്നു.
തുടർച്ചയായി പഠിക്കുന്ന എഐ
മസ്തിഷ്കത്തിലെ ഹിപ്പോകാമ്പസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മെമ്മറി സംവിധാനം ഫ്ലറിഷ് വികസിപ്പിക്കുന്നുണ്ട്. വലിയ തോതിലുള്ള പരിശീലന ഡാറ്റയില്ലാതെ മോഡലുകൾക്ക് പഠിക്കാൻ ഇത് സഹായിക്കുമെന്നാണ് റിയാർഡന്റെ അവകാശവാദം. തുടർച്ചയായി പഠിക്കാൻ കഴിയുന്ന ഒരു മോഡലും കമ്പനിയുടെ അൽഗോരിതം സംഘം ഇതിനകം നിർമ്മിച്ചിട്ടുണ്ട്. ഇത് മൊബൈൽ ഉപകരണങ്ങളിൽ പ്രവർത്തിപ്പിക്കാനും ചിപ്പിലേക്ക് ഉൾപ്പെടുത്താനും ശ്രമം നടക്കുകയാണ്. ഒരു പ്രമുഖ ചിപ്പ് നിർമ്മാതാവുമായി ചർച്ച നടത്തുന്നതായും റിയാർഡൻ പറയുന്നു.
അഞ്ച് വർഷത്തിനുള്ളിൽ വലിയ ലക്ഷ്യം
പദ്ധതി വിജയിക്കുമെന്ന് ഉറപ്പില്ലെന്നും ഇത് ദീർഘകാല പരീക്ഷണമാണെന്നും ഗവേഷകർ തന്നെ സമ്മതിക്കുന്നു. വർഷങ്ങൾ നീളുന്ന പരീക്ഷണങ്ങളും കോടിക്കണക്കിന് ഡോളർ വിലയുള്ള മൈക്രോസ്കോപ്പുകളും പദ്ധതിക്ക് ആവശ്യമാണ്. ഏഴ് മുതൽ പത്ത് വർഷം മുന്നിൽ കണ്ടാണ് പ്രവർത്തിക്കുന്നതെന്ന് റോബ് വില്യംസ് പറയുന്നു. എന്നാൽ മസ്തിഷ്കത്തിന്റെ രഹസ്യം അടിസ്ഥാനമാക്കിയുള്ള വലിയ എഐ പരിഹാരം അഞ്ച് വർഷത്തിനുള്ളിൽ കണ്ടെത്താനാകുമെന്നാണ് റിയാർഡന്റെ പ്രതീക്ഷ.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.