ടോക്യോ / 2026 / ഓഗസ്റ്റ് 26
ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് സംവിധാനമായി വളർന്നുവെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് ഏകദേശം രണ്ടര ലക്ഷം സ്റ്റാർട്ടപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ടോക്യോയിൽ നടന്ന ഇന്ത്യ–ജപ്പാൻ സ്റ്റാർട്ടപ്പ് റൗണ്ട്ടേബിളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ ആഭ്യന്തര വിപണി, ശാസ്ത്ര-സാങ്കേതിക മേഖലകളിലെ വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി, ഡിജിറ്റൽ പൊതുസൗകര്യങ്ങൾ, വേഗത്തിൽ വളരുന്ന നവീകരണ മേഖല എന്നിവ ജപ്പാനിലെ സാങ്കേതികവിദ്യക്കും നിക്ഷേപത്തിനും ഇന്ത്യയെ പ്രധാന കേന്ദ്രമാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
സ്റ്റാർട്ടപ്പും ഡീപ്-ടെക്കും പ്രധാന ചർച്ചയായി
ഇരു രാജ്യങ്ങളിലെയും മുതിർന്ന സർക്കാർ പ്രതിനിധികൾ, നിക്ഷേപകർ, വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് പ്രതിനിധികൾ എന്നിവർ റൗണ്ട്ടേബിളിൽ പങ്കെടുത്തു. സ്റ്റാർട്ടപ്പുകൾ, ഡീപ്-ടെക്, നവീകരണം, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ എന്നിവയിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യയും ജപ്പാനും പ്രതിബദ്ധത ആവർത്തിച്ചു. സാങ്കേതിക പങ്കാളിത്തം വികസിപ്പിക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, നവീകരണത്തെ അടിസ്ഥാനമാക്കിയുള്ള അടുത്തഘട്ട സാമ്പത്തിക സഹകരണം ഉറപ്പാക്കുക എന്നിവയാണ് പ്രധാനമായും ചർച്ചയായത്.
പങ്കെടുത്തവരെ സ്വാഗതം ചെയ്ത ജപ്പാനിലെ ഇന്ത്യൻ അംബാസഡർ നഗ്മ മുഹമ്മദ് മല്ലിക്, ഇരു രാജ്യങ്ങളിലെയും സ്റ്റാർട്ടപ്പ് ഇടപെടൽ വർധിച്ചുവരുന്നതായി ചൂണ്ടിക്കാട്ടി. ഇന്ത്യ–ജപ്പാൻ പിച്ചിങ് സീരീസിലൂടെ ഇതിനകം 65 ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ ഏകദേശം 100 ജാപ്പനീസ് കമ്പനികളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും 30-ലധികം വ്യാപാര ധാരണകൾക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. 222 അംഗ ഇന്ത്യൻ വ്യാപാര പ്രതിനിധിസംഘത്തിന്റെ പങ്കാളിത്തം പുതിയതും ദീർഘകാലം നിലനിൽക്കുന്നതുമായ സഹകരണങ്ങൾക്ക് അവസരം സൃഷ്ടിക്കുമെന്നും അവർ വ്യക്തമാക്കി.
നാല് പ്രധാന തൂണുകളുമായി പുതിയ സഹകരണരൂപരേഖ
ഇന്ത്യ–ജപ്പാൻ സ്റ്റാർട്ടപ്പ് സഹകരണത്തിന്റെ അടുത്തഘട്ടത്തിനായി നാല് പ്രധാന തൂണുകളുള്ള രൂപരേഖ പിയൂഷ് ഗോയൽ മുന്നോട്ടുവച്ചു. പ്രാരംഭഘട്ട ഗവേഷണം, ഡീപ്-ടെക് നവീകരണം, വാണിജ്യവൽക്കരണം എന്നിവയ്ക്കായി ദീർഘകാല നിക്ഷേപം സമാഹരിക്കുന്ന ജപ്പാൻ–ഇന്ത്യ ഡീപ്-ടെക് ക്യാപിറ്റൽ കോറിഡോർ ആണ് ആദ്യ നിർദേശം. ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ, ഇൻക്യൂബേറ്ററുകൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ, ലബോറട്ടറികൾ, പരിശോധനാ കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന ഇരുവഴി നവീകരണ പാലമാണ് രണ്ടാമത്തേത്.
ഇന്ത്യയുടെ വലിയ ഉൽപാദനശേഷിയും എൻജിനീയറിങ് വൈദഗ്ധ്യവും സംരംഭകത്വവും ജപ്പാന്റെ കൃത്യതയുള്ള എൻജിനീയറിങ്, സാങ്കേതികവിദ്യ, ഉൽപാദനശേഷി എന്നിവയുമായി ചേർക്കുന്ന മാനുഫാക്ചറിങ്-ടെക്നോളജി ഇന്റഗ്രേഷനാണ് മൂന്നാമത്തെ നിർദേശം. ഇന്ത്യൻ സംരംഭകരെയും ജാപ്പനീസ് കമ്പനികളെയും വെഞ്ചർ ഫണ്ടുകളെയും തന്ത്രപ്രധാന നിക്ഷേപകരെയും സ്ഥിരമായി ഒരുമിപ്പിക്കുന്ന സംയുക്ത സ്റ്റാർട്ടപ്പ് പിച്ചിങ് പ്ലാറ്റ്ഫോമുകളാണ് നാലാമത്തേത്.
ഡീപ്-ടെക് സംരംഭങ്ങൾക്ക് പിന്തുണ നൽകാൻ ഏകദേശം ഒരു ബില്യൺ അമേരിക്കൻ ഡോളർ മൂല്യമുള്ള രണ്ടാമത്തെ ഫണ്ട് ഓഫ് ഫണ്ട്സ് പദ്ധതി കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും അതിൽ ജാപ്പനീസ് നിക്ഷേപകരുടെ കൂടുതൽ പങ്കാളിത്തം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സ്റ്റാർട്ടപ്പ് വളർച്ചയെ സ്വാഗതം ചെയ്ത് ജപ്പാൻ
ഇന്ത്യയിലെ സ്റ്റാർട്ടപ്പ് മേഖലയിലെ വളർച്ചയും പക്വതയും ജാപ്പനീസ് പ്രതിനിധികൾ സ്വാഗതം ചെയ്തു. ജൈക്കയുടെ സീനിയർ വൈസ് പ്രസിഡന്റ് ഷോഹെയ് ഹാര, ഇരുവഴിയുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ജപ്പാന്റെ സാങ്കേതിക ശേഷി ഇന്ത്യക്ക് പ്രയോജനപ്പെടുമ്പോൾ, സാമൂഹികവും വികസനപരവുമായ പ്രശ്നങ്ങളെ വലിയ വ്യാപാരാവസരങ്ങളാക്കി മാറ്റാനുള്ള ഇന്ത്യയുടെ കഴിവിൽ നിന്ന് ജപ്പാനും പഠിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ജാപ്പനീസ് സ്റ്റാർട്ടപ്പുകൾക്ക് ഇന്ത്യൻ വിപണിയിലെ അവസരങ്ങൾ പരിചയപ്പെടുത്താനാണ് ജൈക്കയുടെ ഉദ്ദേശമെന്നും വ്യക്തമാക്കി.
ടോക്യോ മെട്രോപൊളിറ്റൻ സർക്കാരിന്റെയും ജെട്രോയുടെയും മുതിർന്ന പ്രതിനിധികളും റൗണ്ട്ടേബിളിൽ പങ്കെടുത്തു. ജാപ്പനീസ് കമ്പനികളെ പരിപാടിയിലേക്ക് എത്തിക്കുന്നതിൽ ജെട്രോ ഇന്ത്യൻ മിഷനുമായി സഹകരിച്ചു. സ്പാർക്സ് ഗ്രൂപ്പ്, എംയുഎഫ്ജി ഇന്നൊവേഷൻ പാർട്നേഴ്സ്, ബിയോണ്ട് നെക്സ്റ്റ് വെഞ്ചേഴ്സ്, ഇൻക്യൂബേറ്റ് ഫണ്ട് ഏഷ്യ, മിസുഹോ ഫിനാൻഷ്യൽ ഗ്രൂപ്പ്, എസ്ബിഐ ഇൻവെസ്റ്റ്മെന്റ്, ഫുജിറ്റ്സു, ഡി.ജി. ദൈവ വെഞ്ചേഴ്സ്, ആസ്ട്രോ ഗേറ്റ്, ഇൻസ്റ്റാലിംബ്, യൂണിവേഴ്സൽ മെറ്റീരിയൽസ് ഇൻക്യൂബേറ്റർ, ക്യോട്ടോ ഫ്യൂഷനിയറിങ്, എയറോസെൻസ് എന്നിവ ഉൾപ്പെടെ ഏകദേശം 40 പ്രമുഖ ജാപ്പനീസ് കമ്പനികളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. വിവിധ മേഖലകളിലെ സ്റ്റാർട്ടപ്പുകൾ, ഇന്ത്യൻ വ്യവസായ സംഘടനകൾ, ഇന്ത്യൻ വ്യാപാര പ്രതിനിധിസംഘത്തിലെ അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.
കൃത്രിമബുദ്ധി മുതൽ ബഹിരാകാശം വരെ നിക്ഷേപ സാധ്യത
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ സ്റ്റാർട്ടപ്പുകളുമായും ആഗോള വിതരണ ശൃംഖലകളുമായും ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യവസായ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഉൽപാദനവും വ്യാപാരവികസനവും ആഗ്രഹിക്കുന്ന കമ്പനികൾക്ക് ഉടൻ ഉപയോഗിക്കാവുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കൃത്രിമബുദ്ധി, സെമികണ്ടക്ടർ, ആരോഗ്യരംഗം, ബഹിരാകാശം, പ്രതിരോധം, ആധുനിക ഉൽപാദനം, ഡീപ്-ടെക് എന്നിവയാണ് ഭാവിയിലെ ഇന്ത്യ–ജപ്പാൻ നിക്ഷേപത്തിനുള്ള പ്രധാന മേഖലകളെന്ന് വെഞ്ചർ ക്യാപിറ്റൽ നിക്ഷേപകർ വിലയിരുത്തി. ഇന്ത്യയിലെ സ്റ്റാർട്ടപ്പ് മേഖല ഇന്റർനെറ്റ്, സോഫ്റ്റ്വെയർ കേന്ദ്രീകൃത സംരംഭങ്ങളിൽ നിന്ന് ഉൽപാദനവും സാങ്കേതികവിദ്യയും കൂടുതൽ പ്രധാനമായ സ്ഥാപനങ്ങളിലേക്ക് മാറുകയാണെന്നും നിക്ഷേപകർ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ വ്യോമയാന-പ്രതിരോധ മേഖല, ഡ്രോണുകൾ, കൃത്രിമബുദ്ധി, ആരോഗ്യരംഗം, കൃത്രിമ അവയവങ്ങൾ, റോബോട്ടിക്സ്, വെയർഹൗസ് ഓട്ടോമേഷൻ, ഗതാഗത സാങ്കേതികവിദ്യ, ഡിജിറ്റൽ ആരോഗ്യസേവനങ്ങൾ തുടങ്ങിയ മേഖലകളിലെ കഴിവുകൾ അവതരിപ്പിച്ചു. സാങ്കേതികവിദ്യയുടെ പരിശോധനയും അംഗീകാരവും, കൃത്യതയുള്ള ഉൽപാദനം, നിക്ഷേപം, വിപണി പ്രവേശനം, ജാപ്പനീസ്-ആഗോള വിതരണ ശൃംഖലകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്കായി നിരവധി കമ്പനികൾ ജാപ്പനീസ് പങ്കാളിത്ത സാധ്യതകൾ പരിശോധിച്ചു.
ഒറ്റപ്പെട്ട ഇടപെടലുകളിൽ നിന്ന് സ്ഥിരം പങ്കാളിത്തത്തിലേക്ക്
ഇന്ത്യയുടെയും ജപ്പാന്റെയും ശേഷികൾ പരസ്പരം പൂരകമാണെന്ന് റൗണ്ട്ടേബിൾ വിലയിരുത്തി. ഇന്ത്യക്ക് വലിയ വിപണിയും പ്രതിഭയും ഡിജിറ്റൽ ശേഷിയും വേഗത്തിലുള്ള സംരംഭകത്വവും ഉള്ളപ്പോൾ ജപ്പാൻ ദീർഘകാല നിക്ഷേപം, ആധുനിക സാങ്കേതികവിദ്യ, ഉൽപാദന മികവ്, ആഗോള നിലവാരങ്ങൾ എന്നിവ നൽകുന്നു. ഈ ശേഷികൾ ഒന്നിച്ചാൽ ഇന്ത്യയിലും ജപ്പാനിലും മറ്റ് രാജ്യങ്ങളിലുമുള്ള വിപണികൾക്കായി ആഗോളതലത്തിൽ മത്സരക്ഷമമായ സ്ഥാപനങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കാനാകുമെന്ന് യോഗം വിലയിരുത്തി.
ഒറ്റപ്പെട്ട ഇടപെടലുകളിൽ നിന്ന് സ്ഥിരവും സ്ഥാപനപരവുമായ ഇന്ത്യ–ജപ്പാൻ സ്റ്റാർട്ടപ്പ്-നവീകരണ പങ്കാളിത്തത്തിലേക്ക് നീങ്ങണമെന്ന പൊതുധാരണയോടെയാണ് ചർച്ച അവസാനിച്ചത്. സ്ഥിരമായ നിക്ഷേപക-സ്റ്റാർട്ടപ്പ് കൂടിക്കാഴ്ചകൾ, സാങ്കേതിക പങ്കാളിത്തം, സംയുക്ത നിക്ഷേപ സംവിധാനങ്ങൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഇൻക്യൂബേറ്ററുകൾ, വ്യവസായ മേഖലകൾ എന്നിവ തമ്മിലുള്ള ശക്തമായ ബന്ധം എന്നിവ ഇതിനായി വികസിപ്പിക്കണമെന്ന് ഇരുപക്ഷവും അഭിപ്രായപ്പെട്ടു.