മുംബൈ / 2026 / ഓഗസ്റ്റ് 25
റോഡപകടങ്ങളും അതുമൂലമുള്ള മരണങ്ങളും കുറയ്ക്കാൻ സാങ്കേതികവിദ്യ, കർശനമായ നിയമനടപ്പാക്കൽ, സുരക്ഷിത വാഹനങ്ങൾ, അടിയന്തര ചികിത്സ, കൃത്യമായ അപകടവിവര ശേഖരണം എന്നിവ ഒരുമിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം മുംബൈയിൽ മേഖലാ മന്തൻ സമ്മേളനം സംഘടിപ്പിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളും ദാദ്ര നഗർ ഹവേലി ആൻഡ് ദാമൻ ദിയു കേന്ദ്രഭരണ പ്രദേശവും സമ്മേളനത്തിൽ പങ്കെടുത്തു. സുപ്രീംകോടതി റോഡ് സുരക്ഷാ സമിതി ചെയർമാനും വിരമിച്ച ജസ്റ്റിസുമായ എ. എം. സാപ്രെയുടെ അധ്യക്ഷതയിലായിരുന്നു സമ്മേളനം. സമിതി അംഗം സഞ്ജയ് ബന്ദ്യോപാധ്യായ, കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി മഹ്മൂദ് അഹമ്മദ് എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
അപകടമരണങ്ങൾ കൂടുതലുള്ള 100 ജില്ലകളിൽ പ്രത്യേക ശ്രദ്ധ
റോഡപകട മരണങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ ആദ്യം സമഗ്രമായ ഇടപെടൽ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് സീറോ ഫാറ്റാലിറ്റി ഡിസ്ട്രിക്ട് പദ്ധതി രാജ്യവ്യാപകമായി വിപുലീകരിച്ചത്. 15 സംസ്ഥാനങ്ങളിലെ 100 നിർണായക ജില്ലകളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. എൻജിനിയറിങ്, നിയമനടപ്പാക്കൽ, അടിയന്തര ചികിത്സ, ബോധവത്കരണം എന്നീ മേഖലകളെ ഒരുമിപ്പിച്ചുള്ള സമഗ്ര ഇടപെടലാണ് ഇവിടെ നടത്തുന്നത്.
തിരഞ്ഞെടുത്ത 100 ജില്ലകളിലും ഒരു ജില്ലയിൽ പ്രതിവർഷം ശരാശരി 400ലധികം റോഡപകട മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ജില്ലയിലെയും അപകടങ്ങളുടെ സ്വഭാവം പ്രത്യേകം പരിശോധിച്ച് അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുന്നതാണ് സീറോ ഫാറ്റാലിറ്റി ഡിസ്ട്രിക്ട് മാതൃക. അപകടമരണങ്ങളിൽ വലിയ കുറവ് വരുത്താൻ ഈ സമീപനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
അപകടത്തിന് പിന്നാലെയുള്ള ആദ്യ മണിക്കൂറിൽ ചികിത്സ ഉറപ്പാക്കാൻ പി.എം. റാഹത്
അപകടത്തിൽപ്പെട്ടയാളെ ആദ്യ ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തിച്ചാൽ 50 ശതമാനം മരണങ്ങളും ഒഴിവാക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ നിർണായക സമയമാണ് ഗോൾഡൻ അവർ എന്നറിയപ്പെടുന്നത്. എന്നാൽ അപകടത്തിൽപ്പെട്ടവർക്ക് സമയത്ത് സഹായം ലഭിക്കാത്തതും കുടുംബങ്ങൾ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതും പണം ലഭിക്കുമെന്ന ഉറപ്പില്ലാതെ ആശുപത്രികൾ ചികിത്സ തുടങ്ങാൻ മടിക്കുന്നതും ഇപ്പോഴും വെല്ലുവിളികളാണ്.
ഇതിന് പരിഹാരമായാണ് പി.എം. റാഹത് പദ്ധതി നടപ്പാക്കുന്നത്. ഇൻഷുറൻസ് ഉണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ എല്ലാ റോഡപകട ഇരകൾക്കും അപകടം നടന്ന ദിവസം മുതൽ ഏഴ് ദിവസം വരെ പരമാവധി ഒന്നര ലക്ഷം രൂപയുടെ പണരഹിത ചികിത്സയാണ് പദ്ധതിയിലൂടെ ലഭിക്കുക.
കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ ഇ-ഡാർ സംവിധാനവും ദേശീയ ആരോഗ്യ അതോറിറ്റിയുടെ ടി.എം.എസ്. 2.0 സംവിധാനവും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. 112 അടിയന്തര സഹായ നമ്പറുമായും ഇത് ബന്ധിപ്പിക്കുന്നു. ഇതിലൂടെ ഗതാഗത, ആരോഗ്യ, പൊലീസ് സംവിധാനങ്ങൾക്ക് ഒരേ വിവരങ്ങൾ തത്സമയം ലഭ്യമാക്കി ചികിത്സ വൈകുന്നതുമൂലം ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
സഹായത്തിനെത്തുന്നവർക്ക് 25,000 രൂപ; നിയമപരമായ സംരക്ഷണവും
അപകടം നടന്ന ഉടൻ സഹായിക്കാൻ ഒരാൾ മുന്നോട്ടുവന്നില്ലെങ്കിൽ മികച്ച അടിയന്തര ചികിത്സാ സംവിധാനത്തിനും പൂർണമായി പ്രവർത്തിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് റാഹ്-വീർ പദ്ധതി നടപ്പാക്കുന്നത്. അപകടസ്ഥലത്ത് നിന്ന് പരിക്കേറ്റയാളെ ഗോൾഡൻ അവറിനുള്ളിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന നല്ല മനസ്സുള്ളവരെ ഔദ്യോഗികമായി അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വലിയ ശസ്ത്രക്രിയ ആവശ്യമായ അപകടം, തലച്ചോറിനോ നട്ടെല്ലിനോ ഗുരുതര പരിക്ക്, കുറഞ്ഞത് മൂന്ന് ദിവസത്തെ ആശുപത്രിവാസം, ചികിത്സയ്ക്കിടെ മരണം എന്നിവ ഉൾപ്പെടുന്ന ഗുരുതര അപകടങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ഓരോ റാഹ്-വീറിനും ഒരു സംഭവത്തിന് 25,000 രൂപ പാരിതോഷികവും അഭിനന്ദന സർട്ടിഫിക്കറ്റും ലഭിക്കും.
ഇത്തരത്തിൽ സഹായിക്കുന്നവരുടെ സമ്മതമില്ലാതെ അവരെ നിയമനടപടികൾക്ക് വിധേയരാക്കാനാകില്ലെന്ന സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. അപകടം സംഭവിക്കുന്ന നിമിഷം മുതൽ പൂർണമായ ചികിത്സ ലഭിക്കുന്നതുവരെയുള്ള അടിയന്തര പരിചരണ ശൃംഖല പൂർത്തിയാക്കുന്നതാണ് പി.എം. റാഹത്, റാഹ്-വീർ പദ്ധതികളുടെ സംയുക്ത ലക്ഷ്യം.
യുവാക്കളെ റോഡ് സുരക്ഷയുടെ ഭാഗമാക്കാൻ സഡക് സുരക്ഷ മിത്ര
റോഡപകടങ്ങളിൽ മരിക്കുന്നവരിൽ 66.1 ശതമാനം പേരും 18 മുതൽ 45 വയസുവരെയുള്ളവരാണ്. അതുകൊണ്ടുതന്നെ യുവാക്കളെ റോഡ് സുരക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുപ്പിക്കാനാണ് സഡക് സുരക്ഷ മിത്ര പദ്ധതി ആരംഭിച്ചത്. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയവും കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയവും ചേർന്നാണ് പദ്ധതി രൂപപ്പെടുത്തിയത്.
മൈഭാരത് സംവിധാനത്തിലൂടെ പരിശീലനം ലഭിച്ച യുവ സന്നദ്ധപ്രവർത്തകരെ ജില്ലാതല റോഡ് സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. അപകടമരണങ്ങൾ കൂടുതലുള്ള രാജ്യത്തെ 100 ജില്ലകൾക്കാണ് പ്രത്യേക പരിഗണന. ജില്ലാ റോഡ് സുരക്ഷാ സമിതികളായിരിക്കും പ്രവർത്തനങ്ങളുടെ പ്രധാന ഏകോപന സംവിധാനം.
അപകടസ്ഥല ഏകോപകർ, റോഡ് സുരക്ഷാ പരിശോധനയ്ക്കാവശ്യമായ വിവരശേഖരണ സഹായികൾ, ബോധവത്കരണ-ജനപങ്കാളിത്ത പ്രവർത്തനങ്ങളുടെ ചുമതലക്കാർ തുടങ്ങിയ വ്യക്തമായ ഉത്തരവാദിത്വങ്ങളാണ് യുവാക്കൾക്ക് നൽകുന്നത്. ഇതിലൂടെ റോഡപകട മരണങ്ങൾ കുറയ്ക്കാനും സുരക്ഷിത റോഡുകൾ ഉറപ്പാക്കാനും കഴിയുന്ന യുവ നേതൃത്വനിര സൃഷ്ടിക്കുകയാണ് ലക്ഷ്യം.
കൃത്യമായ വിവരങ്ങൾ അടിസ്ഥാനമാക്കി പ്രാദേശിക ഇടപെടലുകൾ
അപകടങ്ങൾ എവിടെയാണ് നടക്കുന്നതെന്ന് കണ്ടെത്തുന്നത് മാത്രം പോരെന്നും ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം വിലയിരുത്തി. ഇതിനായാണ് ഡാറ്റാ ഡ്രിവൻ ഹൈപ്പർലോക്കൽ ഇന്റർവെൻഷൻ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. അനുമാനങ്ങളെ ആശ്രയിച്ചുള്ള ആസൂത്രണത്തിൽ നിന്ന് തെളിവുകളെ അടിസ്ഥാനമാക്കിയുള്ള നടപടികളിലേക്ക് ജില്ലാ റോഡ് സുരക്ഷാ സമിതികളെ മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം.
അഞ്ച് ഘട്ടങ്ങളാണ് ഇതിലുള്ളത്. ലക്ഷ്യങ്ങൾ ഏകോപിപ്പിക്കുന്ന യോഗം, ശേഷിവികസനം, ഇടപെടലുകളുടെ ആസൂത്രണം, നടപ്പാക്കൽ, ഫലപരിശോധന എന്നിവയാണ് ഘട്ടങ്ങൾ. ഓരോ ജില്ലയിലും ആദ്യം പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ധാരണയുണ്ടാക്കും. തുടർന്ന് നടപടിക്രമങ്ങൾ ലളിതമാക്കുകയും ഉദ്യോഗസ്ഥരുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യും. അതിനുശേഷം ആ ജില്ലയുടെ അപകട സ്വഭാവത്തിന് അനുയോജ്യമായ പ്രാദേശിക നടപടികൾ കണ്ടെത്തി നടപ്പാക്കും.
ഈ അഞ്ച് പദ്ധതികളും ഒറ്റപ്പെട്ട പ്രവർത്തനങ്ങളല്ലെന്നും പരസ്പരം ബന്ധിപ്പിച്ച റോഡ് സുരക്ഷാ സംവിധാനത്തിന്റെ ഭാഗങ്ങളാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. സഡക് സുരക്ഷ മിത്രയിലൂടെയുള്ള ജനപങ്കാളിത്തം ജില്ലാതല ആസൂത്രണത്തിന് സഹായിക്കും. വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിയമനടപ്പാക്കലും എൻജിനിയറിങ് ഇടപെടലുകളും നടത്താം. റാഹ്-വീർമാർ അപകടസ്ഥലത്തുനിന്ന് ചികിത്സയിലേക്കുള്ള വിടവ് നികത്തും. പണരഹിത ചികിത്സയിലൂടെ ഗോൾഡൻ അവർ നഷ്ടപ്പെടാതിരിക്കാനും കഴിയും.
സമ്മേളനത്തിലെ നിർദേശങ്ങൾ സംസ്ഥാന-ജില്ലാ ഉദ്യോഗസ്ഥർ പ്രാദേശിക തലത്തിലേക്ക് കൊണ്ടുപോകണമെന്നും റോഡ് സുരക്ഷാ പദ്ധതികളുമായി ഇവയെ ബന്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സാങ്കേതികവിദ്യ, നിയമനടപ്പാക്കൽ, വാഹന സുരക്ഷ, അടിയന്തര ചികിത്സ, അപകട അന്വേഷണം, സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി എന്നിവ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോയാലേ റോഡപകട മരണങ്ങൾ കുറയ്ക്കാനാകൂവെന്നും സമ്മേളനം ആവർത്തിച്ചു.
ചർച്ചകൾ സമയബന്ധിതമായ നടപടികളാക്കി മാറ്റാനും നിയമനടപ്പാക്കലും റോഡ് സുരക്ഷാ സംവിധാനങ്ങളും കൂടുതൽ ശക്തമാക്കാനും സംസ്ഥാനങ്ങളോടും ജില്ലകളോടും ആവശ്യപ്പെട്ടു. റോഡപകട മരണങ്ങളുടെ അടിസ്ഥാന കാരണങ്ങൾ സംസ്ഥാനങ്ങൾ പരിശോധിക്കാനും അപകടങ്ങളും മരണങ്ങളും കുറയ്ക്കാനുള്ള പ്രവർത്തനപദ്ധതി തയ്യാറാക്കാനും തീരുമാനിച്ചു. ജില്ലാ റോഡ് സുരക്ഷാ പദ്ധതികളും തയ്യാറാക്കും. 2030ഓടെ ഇന്ത്യയിലെ റോഡപകട മരണങ്ങൾ 50 ശതമാനം കുറയ്ക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായാണ് ഈ നടപടികൾ.