പട്ന (ബിഹാർ) / 2026 / ഓഗസ്റ്റ് 20
ബിഹാറിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി 11,18,937 പക്കാ വീടുകൾക്ക് അനുമതി നൽകിയതായി കേന്ദ്ര കൃഷി-കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചു. ഇതിനായി 13,427 കോടി രൂപ അനുവദിച്ചു. പട്നയിൽ നടന്ന സംസ്ഥാനതല പ്രധാനമന്ത്രി ആവാസ് യോജന പരിപാടിയിലായിരുന്നു പ്രഖ്യാപനം. മുഖ്യമന്ത്രി സമ്രാട് ചൗധരിയും സംസ്ഥാനത്തെ മുതിർന്ന മന്ത്രിമാരും പങ്കെടുത്ത ചടങ്ങിൽ കർഷകർ, സ്ത്രീകൾ, ഗ്രാമീണ ജനവിഭാഗങ്ങൾ എന്നിവർക്കായുള്ള വിവിധ നടപടികളും ചൗഹാൻ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ് പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു.
വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് ചൗഹാൻ
വന്ദേമാതരത്തിന്റെ ഒരു ഭാഗം മാത്രം ആലപിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം രാജ്യത്തിന്റെ വികാരത്തെയും ദേശീയഗീതത്തെയും അപമാനിക്കുന്നതാണെന്ന് ശിവരാജ് സിങ് ചൗഹാൻ ആരോപിച്ചു. വന്ദേമാതരം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ വിഷയമല്ലെന്നും ഭാരതമാതാവിനോടുള്ള ആദരവിന്റെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്ത് വന്ദേമാതരം പ്രചോദനമായിരുന്നുവെന്നും അത് പൂർണമായി ആലപിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയം നടത്തുന്ന കോൺഗ്രസും ചില രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നേട്ടത്തിനായി രാജ്യത്തിന്റെ ഐക്യം, സംസ്കാരം, ദേശീയ സ്വത്വം എന്നിവയുമായി ബന്ധപ്പെട്ട പ്രതീകങ്ങളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നതായും ചൗഹാൻ ആരോപിച്ചു. ദേശീയ അഭിമാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്നും വന്ദേമാതരം പൂർണമായി ആലപിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടു വർഷത്തിനിടെ 24 ലക്ഷത്തിലേറെ വീടുകൾ
പുതിയ ഭവനപദ്ധതിയുടെ ഭാഗമായി 11,18,937 പക്കാ വീടുകൾക്ക് അനുമതി നൽകിയതിനൊപ്പം 13,427 കോടി രൂപയുടെ അനുമതിപത്രവും മുഖ്യമന്ത്രിക്ക് കൈമാറി. വീടുകൾ നിർമിക്കുക മാത്രമല്ല, പാവപ്പെട്ട കുടുംബങ്ങൾക്ക് അന്തസ്സും സുരക്ഷയും മെച്ചപ്പെട്ട ജീവിതനിലവാരവും നൽകുകയാണ് ലക്ഷ്യമെന്ന് ചൗഹാൻ പറഞ്ഞു. ഇഷ്ടികയും സിമന്റുംകൊണ്ടുള്ള ഒരു കെട്ടിടം മാത്രമല്ല പക്കാ വീടെന്നും ഒരു കുടുംബത്തിന്റെ അന്തസ്സിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. തണുപ്പ്, വേനൽ, മഴ, കൊടുങ്കാറ്റ് തുടങ്ങിയ ബുദ്ധിമുട്ടുകളിൽനിന്ന് വീട് കുടുംബങ്ങളെ സംരക്ഷിക്കും. എല്ലാ പാവപ്പെട്ട കുടുംബങ്ങൾക്കും പക്കാ വീട് ഉറപ്പാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധത ബിഹാറിൽ വലിയ തോതിൽ യാഥാർഥ്യമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബിഹാറിൽ 24,30,327 വീടുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിനായി ആകെ 29,164 കോടി രൂപ ചെലവഴിച്ചതായും ചൗഹാൻ പറഞ്ഞു. സർക്കാർ പ്രഖ്യാപനങ്ങൾ നടത്തുക മാത്രമല്ല, വികസനത്തിന്റെ നേട്ടം ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നുവെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പദ്ധതികളിലെ പണം കൂടുതൽ സുതാര്യമായി ഗുണഭോക്താക്കൾക്ക് കൈമാറുകയാണെന്നും ചൗഹാൻ പറഞ്ഞു. മുൻകാലത്ത് പാവപ്പെട്ടവർക്കായി അനുവദിച്ച മുഴുവൻ തുകയും അവരിലേക്ക് എത്തിയിരുന്നില്ലെന്ന് മുൻ സർക്കാരുകളെ വിമർശിച്ച് അദ്ദേഹം ആരോപിച്ചു. ഇപ്പോൾ ഓരോ രൂപയും അർഹരായവരിലേക്ക് എത്തുന്ന സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. ഈ ആനുകൂല്യങ്ങൾ പാവപ്പെട്ട കുടുംബങ്ങളുടെ അവകാശമാണെന്നും ഔദാര്യമോ സഹായമോ അല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള മെച്ചപ്പെട്ട ഏകോപനമാണ് ബിഹാറിലെ ഭവനപദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കിയതെന്നും ചൗഹാൻ വ്യക്തമാക്കി.
കർഷകർക്ക് വിള ഇൻഷുറൻസ് സംരക്ഷണം
പ്രധാനമന്ത്രി ഫസൽ ബീമ യോജന ബിഹാറിൽ നടപ്പാക്കുമെന്നും ചൗഹാൻ പറഞ്ഞു. വെള്ളപ്പൊക്കം, വരൾച്ച, അമിതമഴ തുടങ്ങിയ പ്രകൃതിദുരന്തങ്ങളാൽ വിളനാശമുണ്ടായാൽ കർഷകർക്ക് പദ്ധതി സംരക്ഷണം നൽകും. വിളനാശമുണ്ടാകുമ്പോൾ അർഹരായ കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കും. ഇതിലൂടെ കൃഷിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുടെ നട്ടെല്ലാണ് കർഷകരെന്നും പ്രകൃതിദത്ത അപകടങ്ങളിൽനിന്ന് അവരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ചൗഹാൻ പറഞ്ഞു. വിള ഇൻഷുറൻസ് നടപ്പാക്കാനുള്ള ബിഹാർ സർക്കാരിന്റെ തീരുമാനം കർഷകരുടെ താൽപര്യത്തിന് പ്രധാനപ്പെട്ടതും ദൂരവ്യാപകവുമായ നടപടിയാണെന്നും അദ്ദേഹം വിലയിരുത്തി.
ബിഹാറിൽ കൃഷി ഒരു സാമ്പത്തിക പ്രവർത്തനം മാത്രമല്ല, ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനത്തിന്റെ അടിത്തറയാണെന്നും കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു. പ്രകൃതിദത്ത അപകടങ്ങൾക്ക് മുന്നിൽ കർഷകരെ പൂർണമായും ഒറ്റയ്ക്കാക്കരുത്. കൃഷി കൂടുതൽ ലാഭകരവും പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുന്നതുമാക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരും ഒരുമിച്ച് പ്രവർത്തിക്കുകയാണ്. വിള ഇൻഷുറൻസിനൊപ്പം സംഭരണം, സഹായ സംവിധാനങ്ങൾ, സാങ്കേതികവിദ്യ ലഭ്യമാക്കൽ എന്നിവയും ശക്തിപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കർഷകൻ ശക്തനായാൽ ഗ്രാമവും ഗ്രാമം ശക്തമായാൽ ബിഹാറും ശക്തമാകുമെന്ന് ചൗഹാൻ പറഞ്ഞു. കാർഷിക നയങ്ങളുടെ നേട്ടം താഴെത്തട്ടിൽ ലഭിക്കണമെന്നും കർഷകർ തങ്ങളുടെ അവകാശങ്ങൾ മനസ്സിലാക്കി വിള ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലഖ്പതി ദീദികൾക്ക് വിപണി ഒരുക്കാൻ ഷീ-മാർട്ടുകൾ
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനും കൂടുതൽ പ്രാധാന്യം നൽകുമെന്ന് ചൗഹാൻ പറഞ്ഞു. ബിഹാറിൽ ലക്ഷക്കണക്കിന് സ്ത്രീകൾ സ്വയംസഹായ സംഘങ്ങളിലൂടെ മുന്നേറുന്നുണ്ട്. ഇവരിൽ വലിയൊരു വിഭാഗം ഇതിനകം ലഖ്പതി ദീദികളായി മാറിയിട്ടുണ്ട്. സ്ത്രീകളുടെ വരുമാനം വർധിപ്പിക്കുന്നത് സർക്കാരിന്റെ പ്രധാന മുൻഗണനയാണ്. സ്വയംതൊഴിൽ, കൂട്ടായ സംരംഭങ്ങൾ, ബാങ്കിങ്-സാമ്പത്തിക സേവനങ്ങൾ എന്നിവയിലൂടെ ഗ്രാമീണ സ്ത്രീകൾ സംരംഭകരായി മാറുകയും സ്വന്തം കുടുംബങ്ങൾക്കായി പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് സാമ്പത്തിക മാറ്റം മാത്രമല്ല, സാമൂഹിക മാറ്റം കൂടിയാണ്. സ്ത്രീകൾ സാമ്പത്തികമായി ശക്തരാകുമ്പോൾ കുടുംബത്തിന്റെ സാമ്പത്തിക-സാമൂഹിക നിലയും മെച്ചപ്പെടും. ഗ്രാമവികസനത്തെയും സ്ത്രീശാക്തീകരണത്തെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ലഖ്പതി ദീദി പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സംഘങ്ങൾ കൂടുതൽ ഉൽപ്പന്നങ്ങൾ നിർമിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും അവയ്ക്ക് വിപണി ലഭിക്കണമെന്നും ചൗഹാൻ പറഞ്ഞു. എല്ലാ ജില്ലകളിലും ഷീ-മാർട്ടുകൾ ആരംഭിക്കാൻ ശ്രമിക്കും. ജീവിക ദീദികൾക്കും വനിതാ സ്വയംസഹായ സംഘങ്ങൾക്കും ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള വേദിയാകും ഇവ. ഉൽപ്പാദനത്തിനൊപ്പം ഉൽപ്പന്ന വികസനം, പാക്കേജിങ്, വിപണനം എന്നിവയിലും ഗ്രാമീണ സ്ത്രീകൾക്ക് സഹായം വേണം. ഗ്രാമങ്ങളിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ശരിയായ വിപണി ലഭിച്ചാൽ മാത്രമേ അവ വിജയിക്കൂ. വിപണിയുമായി ബന്ധിപ്പിക്കുന്ന ഇത്തരം നടപടികൾ സ്ത്രീകളുടെ വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും വർധിപ്പിക്കുകയും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ ദിശ നൽകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
53.83 ലക്ഷം കർഷക തിരിച്ചറിയൽ കാർഡുകൾ
ബിഹാറിൽ 53,83,000 കർഷക തിരിച്ചറിയൽ കാർഡുകൾ ഇതിനകം തയ്യാറാക്കിയതിനെ ചൗഹാൻ അഭിനന്ദിച്ചു. അർഹരായ കർഷകരിലേക്ക് സർക്കാർ പദ്ധതികൾ നേരിട്ടും വേഗത്തിലും എത്തിക്കാൻ കർഷക തിരിച്ചറിയൽ സംവിധാനം സഹായിക്കും. സുതാര്യത വർധിക്കുകയും ഗുണഭോക്താക്കളെ കണ്ടെത്തുന്നത് ലളിതമാകുകയും ചെയ്യും. ഡിജിറ്റൽ കർഷക തിരിച്ചറിയൽ സംവിധാനം സർക്കാർ സേവനങ്ങൾ കൂടുതൽ ഫലപ്രദമാക്കും. കർഷക രജിസ്ട്രേഷൻ മുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതുവരെയുള്ള നടപടികൾ ലളിതമാകുമെന്നും ശേഷിക്കുന്ന കർഷകരുടെ രജിസ്ട്രേഷനും ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെയും ഗ്രാമീണ റോഡ് ബന്ധത്തിന്റെയും പ്രാധാന്യവും ചൗഹാൻ ചൂണ്ടിക്കാട്ടി. ഗ്രാമീണ ജീവിതം മെച്ചപ്പെടുത്തുന്നതിന് റോഡ്, വീട്, കൃഷി എന്നിവ മൂന്ന് അടിസ്ഥാന ഘടകങ്ങളാണ്. മികച്ച റോഡുകൾ ഗ്രാമങ്ങളെ വിപണികളുമായും സേവനങ്ങളുമായും ബന്ധിപ്പിക്കും. പക്കാ വീടുകൾ കുടുംബങ്ങൾക്ക് സുരക്ഷ നൽകും. ശക്തമായ കാർഷിക മേഖല ഗ്രാമീണ വരുമാനം ഉയർത്തും. ബിഹാറിലെ ഗ്രാമങ്ങളെ മാറ്റിയെടുക്കാനും പഴയ വികസന വെല്ലുവിളികൾ മറികടന്ന് രാജ്യത്തിന്റെ വളർച്ചയുടെ ഭാഗമാക്കാനും കേന്ദ്രവും സംസ്ഥാന സർക്കാരും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സമ്രാട് ചൗധരിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ചൗഹാൻ, ബിഹാറിന്റെ പുരോഗതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശക്തമായ ഏകോപനം അനിവാര്യമാണെന്നും പറഞ്ഞു. എല്ലാ വികസന മേഖലകളിലും ബിഹാറിനെ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു.
പരിപാടിയിൽ നിരവധി സ്ത്രീകളും ഗുണഭോക്താക്കളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉപമുഖ്യമന്ത്രി വിജയ് കുമാർ ചൗധരി, കൃഷിമന്ത്രി വിജയ് കുമാർ സിൻഹ, ഗ്രാമവികസന മന്ത്രി ശ്രവൺ കുമാർ, റവന്യൂ-പുനർനിർമാണ മന്ത്രി വിനോദ് കുമാർ ജയ്സ്വാൾ, സഹകരണ മന്ത്രി രാംകൃപാൽ യാദവ്, മന്ത്രി സുനിൽ കുമാർ, ഗ്രാമീണ പൊതുമരാമത്ത് മന്ത്രി സവിത ഗുപ്ത, സാമൂഹികക്ഷേമ മന്ത്രി എന്നിവർക്കൊപ്പം നിരവധി ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
.