ചെന്നൈ (തമിഴ്നാട്) /2026 / ഓഗസ്റ്റ് 20
ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങൾക്ക് ദേശീയ-അന്താരാഷ്ട്ര വിപണികളിലേക്ക് കടക്കാനുള്ള പ്രായോഗിക വഴികൾ പരിചയപ്പെടുത്താൻ കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയം ദേശീയ സെമിനാർ സംഘടിപ്പിച്ചു. ചെന്നൈയിലെ ഐഐടി മദ്രാസിൽ ഓഗസ്റ്റ് 18നായിരുന്നു പരിപാടി. മന്ത്രാലയത്തിന്റെ ചെന്നൈ വികസന-സഹായ ഓഫീസും ഐഐടി മദ്രാസിലെ സംരംഭകത്വ സെല്ലും ചേർന്നാണ് ‘ലോക്കലിൽ നിന്ന് ഗ്ലോബലിലേക്ക്: ഡിജിറ്റൽ വാണിജ്യത്തിലൂടെ കയറ്റുമതിക്ക് സജ്ജമായ ചെറുകിട സംരംഭങ്ങൾ’ എന്ന വിഷയത്തിൽ സെമിനാർ നടത്തിയത്.
ദേശീയ-അന്താരാഷ്ട്ര വിപണിയിലേക്ക് പുതിയ വഴികൾ
ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങൾ, സംരംഭകർ, വിദ്യാർഥികൾ, നയരൂപീകരണ രംഗത്തുള്ളവർ, ധനകാര്യ സ്ഥാപനങ്ങൾ, കയറ്റുമതി മേഖലയിലെ പങ്കാളികൾ, ഡിജിറ്റൽ വാണിജ്യ വിദഗ്ധർ എന്നിവർ സെമിനാറിൽ പങ്കെടുത്തു. ഭൂമിശാസ്ത്രപരമായ അതിർത്തികൾ മറികടന്ന് ദേശീയ-അന്താരാഷ്ട്ര വിപണികളിലേക്ക് സംരംഭങ്ങൾക്ക് എത്താനുള്ള പ്രായോഗിക വഴികളാണ് പ്രധാനമായും ചർച്ച ചെയ്തത്. തമിഴ്നാട് സർക്കാരിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പ്രവീൺ യാദവ് ഉദ്ഘാടന സമ്മേളനത്തിൽ പ്രത്യേക പ്രഭാഷണം നടത്തി. ഡിജിറ്റൽ വാണിജ്യം ആഗോള വിപണിയിലേക്കുള്ള ചെറുകിട സംരംഭങ്ങളുടെ പ്രവേശനരീതിയിൽ മാറ്റം വരുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംരംഭങ്ങളുടെ ആഗോള മത്സരശേഷി വേഗത്തിലാക്കാൻ കേന്ദ്ര-സംസ്ഥാന സഹകരണം കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതുമയും ഗുണനിലവാരവും മത്സരശേഷിയുടെ കരുത്ത്
പുതിയ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കാനും മത്സരശേഷി ഉയർത്താനും പുതുമയും വിദ്യാഭ്യാസ-വ്യവസായ സഹകരണവും നിർണായകമാണെന്ന് ഐഐടി മദ്രാസ് ഐസി ആൻഡ് എസ്ആർ ഡീൻ പ്രൊഫസർ മനു സന്താനം പറഞ്ഞു. ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലെ മത്സരശേഷി ശക്തിപ്പെടുത്താൻ ഗുണനിലവാരം അടിസ്ഥാന ഘടകമാണെന്ന് കൗൺസിൽ ഓഫ് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ ഹൻസ്രാജ് വർമ പറഞ്ഞു. ചെറുകിട സംരംഭങ്ങളുടെ വിപണി വ്യാപിപ്പിക്കുന്നതിൽ ഡിജിറ്റൽവൽക്കരണത്തിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെന്നൈ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന-സഹായ ഓഫീസ് ഡയറക്ടറും മേധാവിയുമായ ദയാലൻ മുഖ്യപ്രഭാഷണം നടത്തുകയും വിശിഷ്ടാതിഥികളെ ആദരിക്കുകയും ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ രേഷ്മ രാജീവൻ സ്വാഗതം പറഞ്ഞു. ആഭ്യന്തര വിപണിയിൽ നിന്ന് ആഗോള അവസരങ്ങളിലേക്ക് ചെറുകിട സംരംഭങ്ങളെ എത്തിക്കാൻ പിന്തുണ നൽകേണ്ടതിന്റെ ആവശ്യകതയും അവർ വ്യക്തമാക്കി.
കയറ്റുമതി മുതൽ അന്താരാഷ്ട്ര പണമിടപാട് വരെ
അന്താരാഷ്ട്ര വ്യാപാരരംഗത്തെ മാറ്റങ്ങൾ, ഡിജിറ്റൽ വാണിജ്യം, സാങ്കേതികവിദ്യ, പുതുമ, വിപണിബന്ധങ്ങൾ എന്നിവയിലൂടെ ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കപ്പുറമുള്ള ഉപഭോക്താക്കളിലേക്ക് ചെറുകിട സംരംഭങ്ങൾക്ക് എത്താനുള്ള സാധ്യതകളാണ് സെമിനാർ പരിശോധിച്ചത്. വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ, എക്സിം ബാങ്ക്, കയറ്റുമതി വായ്പാ ഗ്യാരന്റി കോർപ്പറേഷൻ, ഐഐടി മദ്രാസ്, കയറ്റുമതി-ഇ വാണിജ്യ കൺസൾട്ടിങ് മേഖലകളിലെ വിദഗ്ധരും ഉദ്യോഗസ്ഥരും സാങ്കേതിക സെഷനുകളിൽ പങ്കെടുത്തു. കയറ്റുമതി നടപടിക്രമങ്ങൾ, വ്യാപാര ധനസഹായം, കയറ്റുമതി അപകടസാധ്യത കുറയ്ക്കൽ, വിപണി കണ്ടെത്തൽ, അന്താരാഷ്ട്ര പണമിടപാടുകൾ, നിയമാനുസൃത നടപടികൾ, ഡിജിറ്റൽ രജിസ്ട്രേഷൻ, ഇ-വാണിജ്യത്തിലൂടെ ആഗോള വിപണിയിലെത്താനുള്ള അവസരങ്ങൾ എന്നിവയിൽ പ്രായോഗിക നിർദേശങ്ങൾ നൽകി.
വിപണി വികസനത്തിന് സർക്കാർ പദ്ധതിയുടെ പിന്തുണ
ചെറുകിട സംരംഭങ്ങളുടെ വിപണി പ്രവേശനം ശക്തിപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ ശ്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചർച്ചകൾ. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന്റെ സംഭരണ-വിപണന സഹായ പദ്ധതിയിൽ ശേഷിവികസന ഇടപെടലുകളുടെ ഭാഗമായി ദേശീയ ശിൽപ്പശാലകളും സെമിനാറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിപണി പ്രവേശനം, പാക്കേജിങ്, ഇറക്കുമതി-കയറ്റുമതി നടപടിക്രമങ്ങൾ, ഇ-വാണിജ്യ വേദികൾ, വിപണി വികസനവുമായി ബന്ധപ്പെട്ട മറ്റ് മാറ്റങ്ങൾ എന്നിവയെക്കുറിച്ച് ചെറുകിട സംരംഭങ്ങൾക്ക് അവബോധവും അറിവും നൽകുകയാണ് ഇതിന്റെ ലക്ഷ്യം. ചെന്നൈയിലെ ദേശീയ സെമിനാറും ഈ പദ്ധതിയുടെ ഭാഗമായാണ് നടത്തിയത്. ഡിജിറ്റൽ വാണിജ്യത്തെയും കയറ്റുമതി സജ്ജതയെയും കുറിച്ച് വിദഗ്ധരിൽ നിന്ന് നേരിട്ട് പ്രായോഗിക അറിവ് നേടാൻ ഇതിലൂടെ സംരംഭങ്ങൾക്ക് അവസരം ലഭിച്ചു.
വിദ്യാർഥികൾക്കും സംരംഭകർക്കും അവസരങ്ങളുടെ വേദി
ഡിജിറ്റൽ വാണിജ്യം, സംരംഭകത്വം, അന്താരാഷ്ട്ര വിപണി എന്നിവയിൽ ഉയർന്നുവരുന്ന അവസരങ്ങൾ മനസ്സിലാക്കാൻ വിദ്യാർഥികൾക്കും സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കും സെമിനാർ വേദിയായി. വിശിഷ്ടാതിഥികൾ, പ്രഭാഷകർ, വിദഗ്ധർ, പാനൽ അംഗങ്ങൾ, പങ്കെടുത്ത ചെറുകിട സംരംഭങ്ങൾ, വിദ്യാർഥികൾ, പങ്കാളി സ്ഥാപനങ്ങൾ, സംഘാടക സംഘം എന്നിവരുടെ സംഭാവനകൾക്ക് നന്ദി അറിയിച്ചാണ് പരിപാടി അവസാനിച്ചത്. വിപണി പ്രവേശനം, ഡിജിറ്റൽ സാങ്കേതികവിദ്യ സ്വീകരിക്കൽ, കയറ്റുമതി സജ്ജത, സംരംഭങ്ങൾക്കുള്ള തുടർച്ചയായ സഹായം എന്നിവ ശക്തിപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം വ്യക്തമാക്കുന്നത്. ഇന്ത്യൻ സംരംഭങ്ങളെ ‘ലോക്കലിൽ നിന്ന് ഗ്ലോബലിലേക്ക്’ എത്തിക്കുകയെന്ന കാഴ്ചപ്പാടിലേക്കുള്ള നടപടിയുടെ ഭാഗമായാണ് മന്ത്രാലയം ഇതിനെ കാണുന്നത്.
.