ന്യൂഡൽഹി /2026 / ഓഗസ്റ്റ് 12
പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പദ്ധതിക്ക് കീഴിൽ 2026 ജൂൺ 30 വരെ രാജ്യത്താകെ 20,149 ജനൗഷധി കേന്ദ്രങ്ങൾ തുറന്നു. ഇതിൽ 1,833 കേന്ദ്രങ്ങൾ കേരളത്തിലാണ്. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കുന്ന പദ്ധതിയുടെ നടത്തിപ്പും വിതരണ സംവിധാനവും ശക്തിപ്പെടുത്തിയതായി കേന്ദ്ര രാസവളം-രാസവസ്തു സഹമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയിൽ നൽകിയ എഴുത്തുപരമായ മറുപടിയിൽ അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലെയും കേന്ദ്രങ്ങളുടെ കണക്കുകളും മറുപടിയിൽ നൽകിയിട്ടുണ്ട്.
2,110 മരുന്നുകളും 315 മെഡിക്കൽ ഉൽപ്പന്നങ്ങളും
ജനൗഷധി പദ്ധതിയുടെ ഉൽപ്പന്നപ്പട്ടികയിൽ 2,110 മരുന്നുകളുണ്ട്. ഇതിനൊപ്പം 315 ശസ്ത്രക്രിയാ ഉൽപ്പന്നങ്ങളും മെഡിക്കൽ ഉപഭോഗ വസ്തുക്കളും ഉപകരണങ്ങളുമുണ്ട്. ഹൃദ്രോഗം, അർബുദം, പ്രമേഹം, അണുബാധ, അലർജി, ദഹനവ്യവസ്ഥ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളും പോഷക ഉൽപ്പന്നങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2021-22 മുതൽ 2025-26 വരെയുള്ള അഞ്ച് സാമ്പത്തിക വർഷങ്ങളിൽ ജനൗഷധി കേന്ദ്രങ്ങളിലൂടെ 7,873.85 കോടി രൂപയുടെ വിൽപ്പന നടന്നു. ഇതിലൂടെ ജനങ്ങൾക്ക് ഏകദേശം 37,200 കോടി രൂപ ലാഭിക്കാനായെന്നും സർക്കാർ അറിയിച്ചു.
കേന്ദ്രം തുടങ്ങാൻ ഫ്രാഞ്ചൈസി മാതൃക
ജനൗഷധി കേന്ദ്രങ്ങൾ തുടങ്ങുന്നതിന് സർക്കാർ ഫ്രാഞ്ചൈസിക്ക് സമാനമായ മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത്. വ്യക്തിഗത സംരംഭകർ, സർക്കാരിതര സംഘടനകൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ, സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ തുടങ്ങിയവർക്ക് കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്രങ്ങൾ തുടങ്ങാൻ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. സേവനം കുറവുള്ള പ്രദേശങ്ങളിൽ കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങുന്നതിനായി സർക്കാർ ആശുപത്രികളിൽ അപേക്ഷകർക്ക് സൗജന്യമായി സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ ബന്ധപ്പെട്ട ഭരണകൂടങ്ങൾക്കും ജില്ലാ മജിസ്ട്രേറ്റുമാർക്കും പതിവായി കത്തയയ്ക്കുന്നുണ്ട്.
മരുന്ന് മുടങ്ങാതിരിക്കാൻ പ്രത്യേക സംവിധാനം
ജനൗഷധി കേന്ദ്രങ്ങളിലെ വിതരണക്കുറവ് പരിഹരിക്കാനും മരുന്നുകൾ തടസ്സമില്ലാതെ ലഭ്യമാക്കാനും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2024 സെപ്റ്റംബർ മുതൽ പദ്ധതിയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 100 മരുന്നുകളും വിപണിയിൽ അതിവേഗം വിറ്റഴിക്കപ്പെടുന്ന 100 മരുന്നുകളും ഉൾപ്പെടെ സാധാരണ ഉപയോഗിക്കുന്ന 200 മരുന്നുകൾ സ്റ്റോക്കിൽ സൂക്ഷിക്കുന്നതിന് പ്രോത്സാഹനം നൽകുന്നു. ഈ മരുന്നുകളുടെ സ്റ്റോക്ക് അടിസ്ഥാനമാക്കി കേന്ദ്ര ഉടമകൾക്ക് പ്രതിമാസ പ്രോത്സാഹനത്തുക ലഭിക്കും. അഞ്ച് വെയർഹൗസുകളും നിലവിൽ 42 വിതരണക്കാരുമടങ്ങുന്ന ശൃംഖലയെ വിവരസാങ്കേതിക സംവിധാനത്തിലൂടെ ബന്ധിപ്പിച്ച വിതരണ ശൃംഖലയും പ്രവർത്തിക്കുന്നു. കൂടാതെ, വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന 400 ഉൽപ്പന്നങ്ങളുടെ ലഭ്യത പിഎംബിഐ പതിവായി നിരീക്ഷിക്കുകയും ആവശ്യകത തുടർച്ചയായി കണക്കാക്കുകയും ചെയ്യുന്നു. സംഭരണ നടപടികൾ മെച്ചപ്പെടുത്താൻ ആവശ്യകത കണക്കാക്കുന്ന രീതി ഡിജിറ്റലാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഗുണനിലവാരം ഉറപ്പാക്കാൻ മൂന്ന് ഘട്ട പരിശോധന
ജനൗഷധി കേന്ദ്രങ്ങളിലൂടെ ഗുണമേന്മയുള്ള മരുന്നുകൾ മാത്രം വിതരണം ചെയ്യാൻ പ്രത്യേക പരിശോധനാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നല്ല ഉൽപ്പാദന രീതികൾ പാലിക്കുന്ന സർട്ടിഫിക്കേഷനുള്ള മരുന്ന് നിർമാണ യൂണിറ്റുകളിൽ നിന്നാണ് മരുന്നുകൾ വാങ്ങുന്നത്. പിഎംബിഐ വെയർഹൗസുകളിൽ എത്തുന്ന എല്ലാ മരുന്ന് ബാച്ചുകളും പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഗുണനിലവാര പരിശോധന വിജയിച്ച ശേഷമാണ് ജനൗഷധി കേന്ദ്രങ്ങളിലേക്ക് മരുന്നുകൾ അയയ്ക്കുന്നത്. സാമ്പിളുകൾ എൻഎബിഎൽ അംഗീകാരമുള്ള ലബോറട്ടറികളിൽ മാത്രമാണ് പരിശോധിക്കുന്നത്. നല്ല ലബോറട്ടറി രീതികൾ പാലിക്കുന്നുണ്ടോയെന്ന് ഈ ലബോറട്ടറികളെ പിഎംബിഐയും വിലയിരുത്തുന്നു.
കേരളത്തിൽ മുന്നിൽ എറണാകുളം; വയനാട്ടിൽ 29 കേന്ദ്രങ്ങൾ
കേരളത്തിലെ 1,833 ജനൗഷധി കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ് — 221. തൃശൂരിൽ 219, തിരുവനന്തപുരത്ത് 191, മലപ്പുറത്ത് 187, പാലക്കാട് 177, കോഴിക്കോട് 159, ആലപ്പുഴയിൽ 138, കൊല്ലത്ത് 127, കോട്ടയത്ത് 114, കണ്ണൂരിൽ 106 കേന്ദ്രങ്ങളുണ്ട്. ഇടുക്കിയിൽ 62, പത്തനംതിട്ടയിൽ 60, കാസർഗോഡിൽ 43, വയനാട്ടിൽ 29 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. ഈ വിവരങ്ങളാണ് കേന്ദ്ര രാസവളം-രാസവസ്തു സഹമന്ത്രി അനുപ്രിയ പട്ടേൽ 2026 ഓഗസ്റ്റ് 11-ന് രാജ്യസഭയിൽ എഴുത്തുപരമായ മറുപടിയിൽ അറിയിച്ചത്.
.