ന്യൂഡൽഹി / 2026 / ജൂലൈ 29
മഴക്കാലത്ത് പടരുന്ന മലേറിയ, ഡെങ്കിപ്പനി, വയറിളക്കം, എലിപ്പനി തുടങ്ങിയ രോഗങ്ങൾ തടയാനും നിയന്ത്രിക്കാനും കേന്ദ്ര സർക്കാർ രാജ്യവ്യാപക നടപടികൾ ശക്തമാക്കി. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചേർന്നാണ് പ്രവർത്തനം. രോഗം നേരത്തേ കണ്ടെത്തൽ, സൗജന്യ പരിശോധന, പൂർണ ചികിത്സ, കൊതുക് നിയന്ത്രണം, ശുചിത്വം, തത്സമയ നിരീക്ഷണം എന്നിവയ്ക്കാണ് മുൻഗണന. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയിൽ നൽകിയ എഴുത്തുപരമായ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
മലേറിയയ്ക്കും ഡെങ്കിപ്പനിക്കും വിപുലമായ പരിശോധന
മലേറിയ നേരത്തേ കണ്ടെത്താനും പൂർണമായി ചികിത്സിക്കാനുമുള്ള മരുന്നുകളും പരിശോധനാ സംവിധാനങ്ങളും ദേശീയ ആരോഗ്യ ദൗത്യത്തിലൂടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകുന്നുണ്ട്. ഡെങ്കിപ്പനി നിരീക്ഷണത്തിനും സൗജന്യ പരിശോധനയ്ക്കുമായി രാജ്യത്താകെ 887 സെന്റിനൽ നിരീക്ഷണ ആശുപത്രികളും 27 ഉന്നത റഫറൽ ലബോറട്ടറികളും കണ്ടെത്തിയിട്ടുണ്ട്. ഇവിടേക്ക് പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വഴി ഐജിഎം പരിശോധനാ കിറ്റുകളും കേന്ദ്ര സർക്കാർ നൽകുന്നു.
എലിപ്പനി പ്രതിരോധ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഉപകരണങ്ങളും പരിശോധനാ സാമഗ്രികളും വാങ്ങാൻ ധനസഹായം നൽകി അഞ്ച് പരിശോധനാ ലബോറട്ടറികളുടെ പ്രവർത്തനവും ശക്തിപ്പെടുത്തി. പരിശീലകർ, സാമൂഹിക നേതാക്കൾ, മുൻനിര ആരോഗ്യ പ്രവർത്തകർ എന്നിവർക്കുള്ള പരിശീലനവും ശേഷിവികസന പരിപാടികളും ഗ്രാമതലത്തിലെ ബോധവത്കരണം വർധിപ്പിക്കാൻ നടത്തുന്നു.
കൊതുക് പെരുകുന്നത് തടയാൻ സംയോജിത നടപടി
രോഗസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ വീടുകൾക്കുള്ളിൽ കീടനാശിനി തളിക്കൽ നടത്തുന്നുണ്ട്. മലേറിയ വ്യാപനം കൂടുതലുള്ള മേഖലകളിൽ കൊതുകുവലകൾ വിതരണം ചെയ്യുന്നു. കൊതുകിന്റെ ലാർവകളെ ഭക്ഷിക്കുന്ന മത്സ്യങ്ങളെ ജലാശയങ്ങളിൽ നിക്ഷേപിക്കൽ, നഗരങ്ങളിൽ ജൈവ ലാർവനാശിനികളുടെ ഉപയോഗം, ചെറിയ പരിസ്ഥിതി ക്രമീകരണങ്ങൾ, വെള്ളം കെട്ടിനിൽക്കുന്ന ഉറവിടങ്ങൾ ഇല്ലാതാക്കൽ എന്നിവയും സംയോജിത കൊതുക് നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പാക്കുന്നു.
രോഗികളെ നേരത്തേ കണ്ടെത്താൻ സജീവ നിരീക്ഷണം, സാധാരണ നിരീക്ഷണം, സെന്റിനൽ നിരീക്ഷണം എന്നിവ ഉപയോഗിക്കുന്നു. രോഗം കണ്ടെത്തിയാൽ പൂർണവും ഫലപ്രദവുമായ ചികിത്സ നൽകും. റഫറൽ സേവനങ്ങൾ ശക്തിപ്പെടുത്തൽ, പകർച്ചവ്യാധി നേരിടാനുള്ള മുന്നൊരുക്കം, അടിയന്തര പ്രതികരണം എന്നിവയും രോഗനിയന്ത്രണ നടപടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുട്ടികളിലെ വയറിളക്ക മരണങ്ങൾ കുറയ്ക്കാൻ പ്രചാരണം
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ വയറിളക്കം മൂലമുള്ള രോഗവും മരണവും കുറയ്ക്കാൻ ‘സ്റ്റോപ്പ് ഡയേറിയ’ പ്രചാരണം നടത്തുന്നുണ്ട്. സംരക്ഷിക്കുക, പ്രതിരോധിക്കുക, ചികിത്സിക്കുക എന്ന രീതിയാണ് പ്രചാരണത്തിൽ പിന്തുടരുന്നത്. വയറിളക്കത്തിന്റെ തുടക്കത്തിൽ തന്നെ ഓറൽ റീഹൈഡ്രേഷൻ ലായനിയും സിങ്ക് മരുന്നും നൽകുന്നതിന് പ്രചാരണം പ്രാധാന്യം നൽകുന്നു.
ആരോഗ്യവിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ വിവര-വിദ്യാഭ്യാസ-ആശയവിനിമയ പരിപാടികളും പെരുമാറ്റമാറ്റ ആശയവിനിമയ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സമൂഹമാധ്യമങ്ങൾ, റേഡിയോ, പത്രങ്ങൾ, ദൃശ്യമാധ്യമങ്ങൾ എന്നിവയിലൂടെ പൊതുജനാരോഗ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു. രോഗികളുടെ ചികിത്സ, രോഗപ്രതിരോധം, രോഗനിയന്ത്രണം എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗനിർദേശങ്ങളും സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്.
രോഗവിവരങ്ങൾ തത്സമയം നിരീക്ഷിക്കും
സംയോജിത ആരോഗ്യവിവര പോർട്ടലിലെ രോഗവാഹക ജീവികൾ പരത്തുന്ന രോഗങ്ങൾക്കുള്ള വിഭാഗത്തിൽ വിവരങ്ങൾ രേഖപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഇതിലൂടെ രോഗവ്യാപനം തത്സമയം നിരീക്ഷിക്കാം. വിവിധ മന്ത്രാലയങ്ങളുടെ സഹകരണം, ഉദ്യോഗസ്ഥരുടെ ശേഷിവികസനം, നയരൂപീകരണം എന്നിവ ഉൾപ്പെടുന്ന വിവിധ മേഖലകളുടെ ഏകോപനവും ശക്തമാക്കിയിട്ടുണ്ട്.
ശുചിത്വം മെച്ചപ്പെടുത്താനും കൊതുക് നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്താനും പൊതുജന ബോധവത്കരണം വർധിപ്പിക്കാനും സംസ്ഥാന ആരോഗ്യ വകുപ്പുകളുമായും നഗര തദ്ദേശ സ്ഥാപനങ്ങളുമായും കേന്ദ്ര സർക്കാർ സഹകരിക്കുന്നു. പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, സ്വയംസഹായ സംഘങ്ങൾ, പൊതുവിതരണ സംവിധാനത്തിലെ അംഗങ്ങൾ, മത-സാമൂഹിക നേതാക്കൾ എന്നിവരെയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നു. രോഗപ്രതിരോധം, ആരോഗ്യസംരക്ഷണം, ചികിത്സ, രോഗപ്പകർച്ച നിയന്ത്രണം എന്നിവ തുടരണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പതിവായി നിർദേശങ്ങൾ നൽകുന്നുണ്ട്.
എലിപ്പനിക്കും പ്രളയമേഖലകൾക്കും പ്രത്യേക ശ്രദ്ധ
എലിപ്പനി കേസുകൾ സംയോജിത രോഗനിരീക്ഷണ പദ്ധതിയിലൂടെ കൂടുതൽ കൃത്യമായി നിരീക്ഷിക്കണമെന്ന് കേന്ദ്ര നിർദേശത്തിൽ പറയുന്നു. കേസുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യണം. രോഗം നേരത്തേ കണ്ടെത്തി ആന്റിബയോട്ടിക് ചികിത്സ തുടങ്ങുന്നതിനുള്ള മാർഗനിർദേശങ്ങൾ പ്രചരിപ്പിക്കണം. ഐജിഎം എലിസ പരിശോധനാ കിറ്റുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി ലബോറട്ടറികൾ സജ്ജമായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ദേശീയ രോഗനിയന്ത്രണ കേന്ദ്രം നടപ്പാക്കുന്ന എലിപ്പനി പ്രതിരോധ നിയന്ത്രണ പദ്ധതി രോഗബാധയും മരണവും കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. നിരീക്ഷണവും പരിശോധനാശേഷിയും ശക്തിപ്പെടുത്തൽ, രോഗം നേരത്തേ കണ്ടെത്താനും ചികിത്സിക്കാനുമുള്ള ബോധവത്കരണം, രോഗിപരിചരണ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പരിശീലനം, വിവിധ വകുപ്പുകളുടെ ഏകോപനം എന്നിവ പദ്ധതിയുടെ ഭാഗമാണ്.
നഗരങ്ങളിലെ വെള്ളപ്പൊക്ക നിയന്ത്രണം സംസ്ഥാന സർക്കാരുകളുടെയും നഗര തദ്ദേശ സ്ഥാപനങ്ങളുടെയും നഗരവികസന അതോറിറ്റികളുടെയും ചുമതലയാണ്. നഗരാസൂത്രണ സംവിധാനം ശക്തിപ്പെടുത്താൻ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകുന്നു. നഗരങ്ങളിലെ വെള്ളമൊഴുക്ക് മെച്ചപ്പെടുത്താനും വെള്ളപ്പൊക്കം നിയന്ത്രിക്കാനും പദ്ധതികളും മാർഗനിർദേശങ്ങളും നൽകി സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.
വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ രോഗപ്രതിരോധ സംഘങ്ങളെ വേഗത്തിൽ വിന്യസിക്കണം. പരിശോധനാ കിറ്റുകൾ, മരുന്നുകൾ, കീടനാശിനികൾ എന്നിവ ആവശ്യത്തിന് കരുതണം. രോഗനിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണം. രോഗപ്പകർച്ച നേരത്തേ കണ്ടെത്തി നിയന്ത്രിക്കാൻ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇടയ്ക്കിടെ നിർദേശങ്ങൾ നൽകുന്നുണ്ട്.