ന്യൂഡൽഹി, 2026 ജൂലൈ 22
രാജ്യത്തെ ജലസംഭരണികളിലും അമൃത് സരോവറുകളിലും ഉപയോഗിക്കാതെ കിടക്കുന്ന മത്സ്യസമ്പത്ത് പ്രയോജനപ്പെടുത്താൻ കേന്ദ്ര സർക്കാർ സംയോജിത വികസന പദ്ധതി നടപ്പാക്കുന്നു. 2026-27ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 500 ജലസംഭരണികളും അമൃത് സരോവറുകളും വികസിപ്പിക്കാനാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികളുടെ വരുമാനം ഉയർത്തുന്നതിനൊപ്പം വനിതാ സ്വയംസഹായ സംഘങ്ങൾ, മത്സ്യ സഹകരണ സംഘങ്ങൾ, മത്സ്യകർഷക ഉത്പാദക സംഘടനകൾ എന്നിവരെ പദ്ധതിയിൽ പങ്കാളികളാക്കും. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജൻ സിങ് എന്ന ലാലൻ സിങ് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ വരുമാനം
ജലസംഭരണികളിലും അമൃത് സരോവറുകളിലും ഇതുവരെ പൂർണമായി ഉപയോഗിക്കാത്ത മത്സ്യകൃഷി സാധ്യതകൾ കണ്ടെത്തി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജലസംഭരണികളെ ആശ്രയിച്ച് കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ശക്തിപ്പെടുത്താനും വരുമാനം വർധിപ്പിക്കാനും പദ്ധതി സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
വനിതാ സ്വയംസഹായ സംഘങ്ങൾ, മത്സ്യ സഹകരണ സംഘങ്ങൾ, മത്സ്യകർഷക ഉത്പാദക സംഘടനകൾ എന്നിവയ്ക്ക് മത്സ്യകൃഷി വികസനത്തിൽ കൂടുതൽ പങ്കാളിത്തം നൽകും. തിരഞ്ഞെടുക്കപ്പെട്ട ജലസംഭരണികളിലും അമൃത് സരോവറുകളിലും പുതിയ സംഘടനകൾ രൂപീകരിക്കുന്നതിനൊപ്പം നിലവിലുള്ള സംഘടനകൾക്ക് ആവശ്യമായ പിന്തുണയും നൽകും.
സംസ്ഥാനങ്ങളുടെ പദ്ധതിരേഖ അനുസരിച്ച് നിക്ഷേപം
പദ്ധതിക്കായി എത്ര തുക ചെലവഴിക്കണമെന്നത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമർപ്പിക്കുന്ന വിശദമായ പദ്ധതിരേഖകളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. വർഷം മുഴുവൻ വെള്ളം ലഭിക്കുന്നുണ്ടോ, മത്സ്യകൃഷിക്ക് എത്രത്തോളം സാധ്യതയുണ്ട് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് ജലസംഭരണികളും അമൃത് സരോവറുകളും തിരഞ്ഞെടുത്തത്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ ചർച്ചകൾക്കുശേഷമാണ് പട്ടിക തയ്യാറാക്കിയത്.
27 സംസ്ഥാനങ്ങളിലായി 351 ജലസംഭരണികൾ
സംയോജിത വികസനത്തിനായി 27 സംസ്ഥാനങ്ങളിലായി 351 ജലസംഭരണികളാണ് ഇതുവരെ കണ്ടെത്തിയത്. അരുണാചൽ പ്രദേശിൽ 12, ബിഹാറിൽ 12, ഛത്തീസ്ഗഡിൽ 27, ഗോവയിൽ മൂന്ന്, ഗുജറാത്തിൽ 12, ഹിമാചൽ പ്രദേശിൽ അഞ്ച്, ജമ്മു കശ്മീരിൽ നാല്, ഝാർഖണ്ഡിൽ 41, കർണാടകയിൽ 11, കേരളത്തിൽ 28 ജലസംഭരണികളാണ് പട്ടികയിലുള്ളത്.
മധ്യപ്രദേശിൽ 22, മഹാരാഷ്ട്രയിൽ 34, മണിപ്പൂരിൽ നാല്, മേഘാലയയിൽ മൂന്ന്, മിസോറാമിൽ മൂന്ന്, നാഗാലാൻഡിൽ ഒന്ന്, ഒഡിഷയിൽ 25, പഞ്ചാബിൽ ഏഴ്, രാജസ്ഥാനിൽ 15, തമിഴ്നാട്ടിൽ 10, തെലങ്കാനയിൽ 27 ജലസംഭരണികളും കണ്ടെത്തി. ത്രിപുരയിൽ ഒന്ന്, ഉത്തരാഖണ്ഡിൽ ആറ്, ഉത്തർപ്രദേശിൽ 19, ആന്ധ്രപ്രദേശിൽ 13, പശ്ചിമ ബംഗാളിൽ ആറ് ജലസംഭരണികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
21 സംസ്ഥാനങ്ങളിലായി 100 അമൃത് സരോവറുകൾ
മത്സ്യകൃഷി വികസനത്തിനായി 21 സംസ്ഥാനങ്ങളിലായി 100 അമൃത് സരോവറുകളും കണ്ടെത്തിയിട്ടുണ്ട്. ബിഹാറിൽ അഞ്ച്, ഹിമാചൽ പ്രദേശിൽ നാല്, ഝാർഖണ്ഡിൽ അഞ്ച്, മേഘാലയയിൽ മൂന്ന്, ഛത്തീസ്ഗഡിൽ അഞ്ച്, മധ്യപ്രദേശിൽ അഞ്ച്, ഉത്തരാഖണ്ഡിൽ നാല്, മിസോറാമിൽ രണ്ട്, കേരളത്തിൽ നാല്, ഗുജറാത്തിൽ മൂന്ന് അമൃത് സരോവറുകളാണ് തിരഞ്ഞെടുത്തത്.
തെലങ്കാനയിൽ ആറ്, ഉത്തർപ്രദേശിൽ 12, തമിഴ്നാട്ടിൽ ആറ്, ഒഡിഷയിൽ അഞ്ച്, നാഗാലാൻഡിൽ അഞ്ച്, രാജസ്ഥാനിൽ അഞ്ച്, ത്രിപുരയിൽ അഞ്ച്, അസമിൽ അഞ്ച്, പഞ്ചാബിൽ മൂന്ന്, മഹാരാഷ്ട്രയിൽ ആറ്, സിക്കിമിൽ രണ്ട് അമൃത് സരോവറുകളും പട്ടികയിലുണ്ട്.
പുതിയ സംഘങ്ങൾക്കും നിലവിലുള്ളവയ്ക്കും സഹായം
കേന്ദ്ര ഫിഷറീസ് വകുപ്പ് പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യകർഷക ഉത്പാദക സംഘടനകളും വനിതാ നേതൃത്വത്തിലുള്ള സംഘങ്ങളും മത്സ്യ സഹകരണ സംഘങ്ങളും രൂപീകരിക്കും. നിലവിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് മത്സ്യകൃഷി വികസിപ്പിക്കുന്നതിനുള്ള സഹായവും നൽകും. ഇതിലൂടെ പ്രാദേശിക കൂട്ടായ്മകളെ ശക്തിപ്പെടുത്തി മത്സ്യോത്പാദനവും മത്സ്യത്തൊഴിലാളികളുടെ വരുമാനവും വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.