പ്രധാന വിവരങ്ങൾ
- ഇന്ത്യ സിന്ധു ജലകരാർ മരവിപ്പിച്ച നില തുടരുമെന്ന് വ്യക്തമാക്കി.
- പാകിസ്താൻ ഭീകരവാദ പിന്തുണ അവസാനിപ്പിച്ചാൽ മാത്രമേ നിലപാട് മാറൂ.
- പഹൽഗാം ആക്രമണത്തിന് പിന്നാലെയാണ് കരാർ മരവിപ്പിച്ചത്.
- പാകിസ്താൻ ഇന്ത്യയുടെ നടപടിയെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ചു.
- കരാറിൽ ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ന്യൂഡൽഹി: പാകിസ്താൻ അതിർത്തിക്കപ്പുറത്തെ ഭീകരവാദത്തിന് നൽകുന്ന പിന്തുണ പൂർണമായും വിശ്വസനീയമായ രീതിയിൽ അവസാനിപ്പിക്കുന്നതുവരെ, 1960ലെ സിന്ധു ജലകരാർ (Indus Waters Treaty) മരവിപ്പിച്ച നിലയിൽ തന്നെ തുടരുമെന്ന് ഇന്ത്യ വീണ്ടും വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാടിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാകിസ്താൻ തുടർച്ചയായി അതിർത്തിക്കപ്പുറത്തെ ഭീകരപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സാഹചര്യത്തിലാണ് കരാർ താൽക്കാലികമായി മരവിപ്പിച്ചതെന്ന് ഇന്ത്യ ആവർത്തിച്ചു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയം പാകിസ്താൻ വ്യക്തമായും സ്ഥിരമായും ഉപേക്ഷിച്ചാൽ മാത്രമേ ഈ വിഷയത്തിൽ തുടർനടപടികൾ പരിഗണിക്കാനാകൂ എന്നും ഇന്ത്യ വ്യക്തമാക്കി. ഇതോടെ സിന്ധു ജലകരാർ സംബന്ധിച്ച ഇന്ത്യയുടെ കടുത്ത നയത്തിൽ മാറ്റമില്ലെന്ന സന്ദേശമാണ് വീണ്ടും നൽകിയത്.
ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ കടുത്ത നിലപാട്
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇൻഡസ് ജലകരാർ ഇന്ത്യ മരവിപ്പിച്ചത്. “രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല” എന്നതാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കുന്ന നിലപാട്. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്ഥാൻ പിന്തുണ നൽകുന്ന സാഹചര്യത്തിൽ, പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ കരാറിനെ പഴയപോലെ തുടരാനാവില്ലെന്നാണ് ന്യൂഡൽഹിയുടെ വാദം. ഇതിന്റെ ഭാഗമായി പാകിസ്ഥാനുമായി തത്സമയ ജലവിവരങ്ങൾ പങ്കുവെക്കുന്നത് ഇന്ത്യ നിർത്തിവെച്ചിട്ടുണ്ട്. അതോടൊപ്പം, കരാർ അനുവദിക്കുന്ന പരിധിക്കുള്ളിൽ പടിഞ്ഞാറൻ നദികളിലെ ജലവൈദ്യുത പദ്ധതികളും ജലസംഭരണ അടിസ്ഥാനസൗകര്യങ്ങളും വേഗത്തിലാക്കി ലഭ്യമായ ജലം പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കവും ഇന്ത്യ ശക്തമാക്കിയിരിക്കുകയാണ്.

ഇന്ത്യയുടെ നടപടി “നിയമവിരുദ്ധം”
അടുത്തിടെ പാകിസ്ഥാന്റെ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക്കും ഉപപ്രധാനമന്ത്രി ഇഷാഖ് ദാറും ഇന്ത്യയുടെ നടപടി “നിയമവിരുദ്ധം” എന്ന് വിശേഷിപ്പിക്കുകയും, പാകിസ്ഥാന്റെ ജലവിഹിതം തടസ്സപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ വിഷയം വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി. ഇതിനുള്ള മറുപടിയായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ, ഇൻഡസ് ജലകരാറിനെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് ആവർത്തിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്ഥാൻ പിന്തുണ നൽകുന്നിടത്തോളം കരാർ മരവിപ്പിച്ച നില തുടരുമെന്നും, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയം പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യവെന്നും അദ്ദേഹം വ്യക്തമാക്കി.
‘ടാപ്പ്’ അടച്ചില്ല, സ്വന്തം അവകാശം പരമാവധി ഉപയോഗിക്കുന്നു
കരാർ മരവിപ്പിച്ചതോടെ പടിഞ്ഞാറൻ നദികളായ ഇൻഡസ്, ജെഹ്ലം, ചിനാബ് എന്നിവയിൽ ഇന്ത്യയ്ക്ക് അനുവദിച്ചിട്ടുള്ള ജലാവകാശം പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കമാണ് വേഗം പിടിച്ചിരിക്കുന്നത്. ജലസംഭരണ പദ്ധതികളും റൺ ഓഫ് ദ റിവർ ജലവൈദ്യുത പദ്ധതികളും അതിവേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുകയാണ് ലക്ഷ്യം. മറുവശത്ത്, “വെള്ളത്തെ ആയുധമാക്കുകയാണ് ഇന്ത്യ” എന്നാണ് പാകിസ്ഥാന്റെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദി “ടാപ്പ് നിയന്ത്രിക്കുകയാണ്” എന്ന വിമർശനവും പാകിസ്ഥാനിലെ ചില നേതാക്കൾ ഉയർത്തിയിട്ടുണ്ട്. സിന്ധ്, ബലൂചിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിൽ നേരത്തേ നിലനിൽക്കുന്ന ജലക്ഷാമം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും അവർ പ്രകടിപ്പിക്കുന്നു. എന്നാൽ കരാർ അനുവദിക്കുന്ന നിയമപരമായ പരിധിക്കുള്ളിൽ മാത്രമാണ് എല്ലാ പദ്ധതികളും നടപ്പാക്കുന്നതെന്നാണ് ഇന്ത്യയുടെ വിശദീകരണം.

വെള്ളം’ നിർത്തിയതല്ല, കരാർ മരവിപ്പിച്ചു
ഇൻഡസ് ജലകരാർ ഇന്ത്യ റദ്ദാക്കിയിട്ടില്ല. എന്നാൽ അതിന്റെ പ്രവർത്തനം അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. 2025 ഏപ്രിൽ 22ന് പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ സമിതിയാണ് ഈ നിർണായക തീരുമാനം എടുത്തത്. ഇതോടെ കരാറിന്റെ ഭാഗമായി പതിറ്റാണ്ടുകളായി നടന്നുവന്ന ഇന്ത്യ, പാകിസ്ഥാൻ സംയുക്ത കമ്മീഷൻ യോഗങ്ങളും പതിവ് ജലവിവര കൈമാറ്റവും നിർത്തിവച്ചു. കരാറിന്റെ ആമുഖത്തിൽ പറയുന്ന “സൗഹൃദവും സൽമനസ്സും” എന്ന അടിസ്ഥാന തത്വം അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്ഥാൻ നൽകുന്ന പിന്തുണയിലൂടെ ലംഘിക്കപ്പെട്ടുവെന്നാണ് ഇന്ത്യയുടെ നിലപാട്. അതിനാൽ നിലവിലെ സാഹചര്യത്തിൽ ഇൻഡസ് ജലകരാറിന്റെ കീഴിലുള്ള അന്താരാഷ്ട്ര മധ്യസ്ഥ നടപടികൾക്കും പ്രസക്തിയില്ലെന്നാണ് ന്യൂഡൽഹി വ്യക്തമാക്കുന്നത്.
ഇന്ത്യ എന്ത് ചെയ്തു?പാക്കിസ്ഥാന് എന്തുപറ്റി?

കരാർ പ്രകാരം പടിഞ്ഞാറൻ നദികളിൽ നിന്ന് ഇന്ത്യക്ക് ലഭിക്കേണ്ട മുഴുവൻ വെള്ളവും എടുത്തിരുന്നില്ല.പാക്കിസ്ഥാനിലെ ജലക്ഷാമം പരിഗണിച്ചുകൊണ്ട് കൂടിയാണ് ഇങ്ങനെ ഒരു സമീപനം സ്വീകരിച്ചിരുന്നത്.എന്നാൽ ഈ നദികളിൽ നിന്ന് എടുക്കാവുന്ന മുഴുവൻ വെള്ളവും എടുക്കാൻ തീരുമാനിച്ചാൽ പാകിസ്ഥാനിൽ വരൾച്ച ആയിരിക്കും ഫലം.അതിൽ ഇനി ഇളവു നൽകുകയില്ല എന്നാണ് ഇന്ത്യൻ നിലപാട്.ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ ഇന്ത്യ ആവശ്യപ്പെടുന്ന അല്ലെങ്കിൽ ഇന്ത്യയ്ക്ക് തൃപ്തി ഉണ്ടാവുന്ന വിധത്തിൽ നടപടികൾ സ്വീകരിച്ചതിനുശേഷം മാത്രമേ വെള്ളം എടുക്കുന്നത് സംബന്ധിച്ച് ഇളവ് ഉണ്ടാവുകയുള്ളൂ എന്നതാണ് സമീപനം.അതായത് കരാർ പ്രകാരം എടുക്കാമായിരുന്നു അത്രയും വെള്ളം ഇന്ത്യ എടുത്തിരുന്നില്ല.അത് മുഴുവൻ എടുക്കാൻ തീരുമാനിച്ചു അതിൽ ഇളവില്ല എന്നതാണ് വസ്തുത.ഇത് മൂലം പാകിസ്ഥാന് നഷ്ടമുണ്ട്.കരാർ പ്രകാരം കിട്ടേണ്ടതില്ല കുറവ്.അല്ലാതെ കിട്ടിക്കൊണ്ടിരുന്നത് കുറവ് വരും.ആ കുറവ് പാക്കിസ്ഥാന് സംബന്ധിച്ച് ഇപ്പോഴത്തെ സ്ഥിതിയിൽ താങ്ങാവുന്നതല്ല.കാരണം പലവിധ സാമൂഹിക രാഷ്ട്രീയ അസ്വസ്ഥതകൾ പാകിസ്ഥാനിൽ മൂർച്ഛിച്ചു വരികയാണ്.അതിനൊപ്പം വെള്ളം കിട്ടാതെ കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ കലാപ സമാനമായ സാഹചര്യം ആയിരിക്കും രൂപപ്പെടുക.അത്തരം ഒരു സാഹചര്യം ഉണ്ടായാൽ അത് കണ്ടുനിൽക്കുന്നതിനപ്പുറം ഒന്നും ഇന്ത്യയിൽ നിന്ന് പ്രതീക്ഷിക്കേണ്ട എന്നാണ് വ്യക്തമാകുന്നത്

