ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 17
ഇലക്ട്രോണിക്സ് ഘടക നിർമാണ പദ്ധതി പ്രകാരം കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയം 31 പുതിയ നിർദേശങ്ങൾക്ക് അനുമതി നൽകി. 6,844 കോടി രൂപയുടെ നിക്ഷേപമാണ് ഇവയിൽ പ്രതീക്ഷിക്കുന്നത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് അനുമതികൾ കൈമാറിയത്. നേരത്തെ 61,671 കോടി രൂപയുടെ നിക്ഷേപമുള്ള 75 അപേക്ഷകൾക്ക് അനുമതി നൽകിയിരുന്നു.
കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി ജിതിൻ പ്രസാദ, മന്ത്രാലയ സെക്രട്ടറി എസ്. കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി സുശീൽ പാൽ, ഇലക്ട്രോണിക് ഇൻഡസ്ട്രീസ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ശശികുമാർ ഗെന്ധം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അസംബ്ലിയിൽ മാത്രം ഒതുങ്ങാതെ നിർണായക ഘടകങ്ങളും അസംസ്കൃത വസ്തുക്കളും രാജ്യത്ത് തന്നെ നിർമിക്കുന്ന ശക്തമായ സ്വദേശി ശൃംഖല സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
38 പ്ലാന്റുകളിൽ ഉത്പാദനം തുടങ്ങി
ഇതുവരെ അനുമതി ലഭിച്ച 106 പദ്ധതികളിൽ 38 പ്ലാന്റുകൾ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. 16 പദ്ധതികളിൽ നിർമാണമോ യന്ത്രങ്ങൾ സ്ഥാപിക്കലോ അവസാനഘട്ടത്തിലാണ്. ഫിൽട്ടറുകൾ, കോയിലുകൾ, സ്പീക്കറുകൾ, അസിറ്റിലീൻ ബ്ലാക്ക്, ഇലക്ട്രോലൈറ്റ് അഡിറ്റീവുകൾ തുടങ്ങിയ ചില നിർണായക ഘടകങ്ങളും അസംസ്കൃത വസ്തുക്കളും രാജ്യത്ത് ആദ്യമായാണ് നിർമിക്കപ്പെടുന്നത്.
ആനോഡ് വസ്തുക്കളുടെ ഉത്പാദനശേഷി ആഭ്യന്തര ആവശ്യത്തിന്റെ ഏകദേശം 110 ശതമാനവും ഒപ്റ്റിക്കൽ ട്രാൻസീവർ എസ്.എഫ്.പി.യുടെത് 350 ശതമാനവും റിലേകളുടേത് 200 ശതമാനവുമാണെന്ന് സർക്കാർ അറിയിച്ചു. എൻക്ലോഷറുകളുടെ ഉത്പാദനശേഷി ആഭ്യന്തര ആവശ്യത്തിന്റെ ഏകദേശം മുഴുവൻ നിറവേറ്റുന്ന നിലയിലേക്കും എത്തിയിട്ടുണ്ട്.
69,548 കോടി രൂപയുടെ മൊത്തം നിക്ഷേപം
106 അംഗീകൃത പദ്ധതികളിലായി 69,548 കോടി രൂപയുടെ നിക്ഷേപവും 5,34,101 കോടി രൂപയുടെ ഉത്പാദനവും പ്രതീക്ഷിക്കുന്നു. 74,628 നേരിട്ടുള്ള തൊഴിലവസരങ്ങളും രണ്ടര ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് കണക്ക്. പുതിയ 31 പദ്ധതികളിലൂടെ മാത്രം 9,588 നേരിട്ടുള്ള ജോലികൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ അനുമതികളോട് ചേർത്ത് നേരത്തെ അംഗീകരിച്ച വിപ്രോ ഗ്ലോബൽ എൻജിനീയറിങ് ആൻഡ് ഇലക്ട്രോണിക് മെറ്റീരിയൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കോപ്പർ ക്ലാഡ് ലാമിനേറ്റ് നിർമാണത്തിനുള്ള 1,033 കോടി രൂപയുടെ അധിക നിക്ഷേപത്തിനും അനുമതി നൽകി. ഇതോടെ ഈ ഘട്ടത്തിലെ മൊത്തം നിക്ഷേപം 7,877 കോടി രൂപയും പ്രതീക്ഷിക്കുന്ന ഉത്പാദനം 82,243 കോടി രൂപയുമായി.
20 ഉത്പന്ന വിഭാഗങ്ങളിലേക്കാണ് അനുമതി
പുതിയ അനുമതികൾ 20 ലക്ഷ്യ ഉത്പന്നങ്ങളിലാണ്. ക്യാമറ മൊഡ്യൂൾ, ഡിസ്പ്ലേ മൊഡ്യൂൾ, ഒപ്റ്റിക്കൽ ട്രാൻസീവർ എസ്.എഫ്.പി. എന്നീ മൂന്ന് ഉപഘടകങ്ങൾ; എൻക്ലോഷറുകൾ, കണക്ടറുകൾ, ട്രാൻസ്ഡ്യൂസറുകൾ, സ്പീക്കറുകളും മൈക്രോഫോണുകളും, റിലേകൾ, ആന്റിനകൾ, കോയിലുകൾ, ഫിൽട്ടറുകൾ, കപ്പാസിറ്ററുകൾ, മെറ്റൽ ഷീൽഡിങ് കവറുകൾ എന്നീ പത്ത് ഘടകങ്ങൾ; ആനോഡ് വസ്തു, റെയർ എർത്ത് പെർമനന്റ് മാഗ്നറ്റുകൾ, അസിറ്റിലീൻ ബ്ലാക്ക്, ഇലക്ട്രോലൈറ്റ് അഡിറ്റീവുകൾ, കപ്പാസിറ്ററുകൾക്കുള്ള മെറ്റലൈസ്ഡ് ഫിലിമുകൾ, ഹെർമറ്റിക് ടെർമിനലുകൾ എന്നീ ആറു വിതരണശൃംഖല ഉത്പന്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മൂലധന യന്ത്രങ്ങളുടെയും അവയുടെ ഭാഗങ്ങളുടെയും നിർമാണത്തിനും അനുമതിയുണ്ട്.
ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ പത്ത് സംസ്ഥാനങ്ങളിലായാണ് പുതിയ പദ്ധതികൾ വരുന്നത്. മിൻഡ ഇൻസ്ട്രുമെന്റ്, ടി.എക്സ്.ബി. ഓപ്റ്റിക്സ്, സ്കൈക്വാഡ് ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസസ്, എസ്.എഫ്.ഒ. ടെക്നോളജീസ്, ജി.എക്സ്. ക്വാണ്ടം ഫോട്ടോണിക്സ്, ഹുബർ സുനർ ഇലക്ട്രോണിക്സ് തുടങ്ങിയ കമ്പനികൾക്ക് വിവിധ ഉപഘടക നിർമാണങ്ങൾക്ക് അനുമതി ലഭിച്ചു. കണക്ടറുകൾ, റിലേകൾ, ട്രാൻസ്ഡ്യൂസറുകൾ, ഫിൽട്ടറുകൾ, കപ്പാസിറ്ററുകൾ, കോയിലുകൾ, ആന്റിനകൾ, എൻക്ലോഷറുകൾ ഉൾപ്പെടെയുള്ള ഘടകങ്ങൾ നിർമിക്കാനും വിവിധ കമ്പനികൾക്ക് അനുമതിയുണ്ട്.
ഇറക്കുമതി ആശ്രയം കുറയ്ക്കുകയാണ് ലക്ഷ്യം
ലിഥിയം അയോൺ സെല്ലുകൾക്കുള്ള ആനോഡ് വസ്തുക്കൾ, റെയർ എർത്ത് പെർമനന്റ് മാഗ്നറ്റുകൾ, അസിറ്റിലീൻ ബ്ലാക്ക്, ഇലക്ട്രോലൈറ്റ് അഡിറ്റീവുകൾ, മെറ്റലൈസ്ഡ് ഫിലിമുകൾ, ഹെർമറ്റിക് ടെർമിനലുകൾ എന്നിവയുടെ ആഭ്യന്തര നിർമാണത്തിനും പ്രത്യേക അനുമതികൾ നൽകി. അഞ്ച് കമ്പനികൾക്ക് മൂലധന യന്ത്രങ്ങളും അവയുടെ ഭാഗങ്ങളും നിർമിക്കാനുള്ള അനുമതിയും ലഭിച്ചു.
രാജ്യത്തെ ഇലക്ട്രോണിക്സ് ഘടക വിതരണശൃംഖല ആഴപ്പെടുത്തുക, ആഭ്യന്തര മൂല്യവർധന കൂട്ടുക, ഇറക്കുമതി ആശ്രയം കുറയ്ക്കുക, അത്യാധുനിക നിർമാണശേഷി വികസിപ്പിക്കുക എന്നിവയാണ് ഇലക്ട്രോണിക്സ് ഘടക നിർമാണ പദ്ധതിയുടെ ലക്ഷ്യം. ആദ്യം 59,350 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിയിൽ കണക്കാക്കിയിരുന്നത്. അംഗീകൃത നിക്ഷേപം ഇപ്പോൾ 69,548 കോടി രൂപയായി ഉയർന്നു. 106 അപേക്ഷകളിലൂടെ 15 സംസ്ഥാനങ്ങളിലായി 30 ഉത്പന്നങ്ങളാണ് പദ്ധതിയുടെ പരിധിയിൽ എത്തിയിരിക്കുന്നത്.
.
.