ഇടുക്കി, 2026 ജൂൺ 29 –
കൊട്ടാരക്കര, ദിണ്ടിഗൽ ദേശീയപാതയിലെ പുള്ളുപാറയ്ക്ക് സമീപമുള്ള ആഴമേറിയ കൊക്കയിലേക്ക് ചാടിയ യുവാവിനെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ജീവനോടെ പുറത്തെടുത്തു. കോട്ടയം കല്ലറ സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. പുള്ളുപാറയ്ക്ക് സമീപമെത്തിയപ്പോൾ യുവാവ് കാർ നിർത്താൻ ആവശ്യപ്പെട്ടു. വാഹനം നിർത്തിയ ഉടൻ പുറത്തിറങ്ങിയ ഇയാൾ റോഡരികിലെ കൊക്കയിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. കൂടെയുണ്ടായിരുന്നവർ ഉടൻ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു.
പീരുമേട്ടിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും പെരുവന്താനം പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത മൂടൽമഞ്ഞ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായെങ്കിലും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വള്ളിച്ചെടികൾക്കിടയിൽ നിന്ന് യുവാവിനെ ജീവനോടെ കണ്ടെത്തി. വീഴ്ചയിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.