തിരുവനന്തപുരം: 2026 ജൂൺ 24
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക മേഖലയുടെ മുന്നേറ്റത്തിനും നബാർഡിന്റെ (NABARD) പൂർണ പിന്തുണ തുടരുമെന്ന് നബാർഡ് കേരള റീജിയണൽ ചീഫ് ജനറൽ മാനേജർ നഗേഷ് കുമാർ അനുമാല അറിയിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ച് മുഖ്യമന്ത്രി വി.ഡി സതീശനുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് നബാർഡ് നിലവിൽ നടപ്പിലാക്കി വരുന്ന വിവിധ വികസന പദ്ധതികളുടെയും വരുംകാല പ്രോജക്ടുകളുടെയും പുരോഗതി സിജിഎം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ വികസനം, തീരദേശ സംരക്ഷണം, കാർഷിക പുരോഗതി, കണക്റ്റിവിറ്റി പദ്ധതികൾ എന്നിവയ്ക്ക് നബാർഡിന്റെ ശക്തമായ സാമ്പത്തിക-സാങ്കേതിക പിന്തുണ ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ജലജീവൻ മിഷന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി നടപ്പിലാക്കുന്ന വിവിധ കുടിവെള്ള പദ്ധതികൾ, കിഫ്ബി (KIIFB), ഫുഡ് പാർക്കുകൾ എന്നിവയ്ക്കുള്ള നബാർഡിന്റെ ധനസഹായവും പങ്കാളിത്തവും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയ ങ്ങളായി. കേരളത്തിന്റെ വികസന രംഗത്ത് നബാർഡ് നൽകുന്ന സാമ്പത്തിക സഹായം നിർണായക പങ്കാണ് വഹിക്കുന്നതെന്ന് യോഗം വിലയിരുത്തി. നബാർഡ് മുഖേന ധനസഹായം ലഭിക്കുന്ന വിവിധ സർക്കാർ പദ്ധതികളുടെ നിലവിലെ പുരോഗതിയും സിജിഎം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
കേരള സർക്കാരിന്റെ വികസന വീക്ഷണത്തോട് ചേർന്നുനിന്നുകൊണ്ട് കാർഷിക മേഖലയിലെ ആധുനികവത്കരണം, പുതിയ സാങ്കേതികവിദ്യകളുടെ പ്രചാരണം, കാർഷിക സംരംഭങ്ങൾക്കുള്ള പ്രോത്സാഹനം, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ നബാർഡ് വരും ദിവസങ്ങളിൽ കൂടുതൽ സജീവമായി പങ്കാളികളാകുമെന്നും ചീഫ് ജനറൽ മാനേജർ ഉറപ്പുനൽകി.