തിരുവനന്തപുരം, 2026 ജൂൺ 19 –
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിൽ നടന്ന ഇഡി റെയ്ഡിനിടെ പൊലീസുകാരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പൊലീസുകാരെ വിജയ് ആക്രമിച്ചുവെന്നാണ് കേസ്. റെയ്ഡ് പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. വിജയ് വിമൽ പൊലീസുകാരന് നേരെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
നേരത്തെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിജയ് വിമലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നീട് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചപ്പോഴാണ് ജാമ്യം ലഭിച്ചത്. യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാൻ കൂടിയാണ് വിജയ് വിമൽ.