കൊച്ചി, 2026 ജൂൺ 19 –
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ തലശ്ശേരി സെഷൻസ് കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു.
വിഷയത്തിൽ മാധ്യമങ്ങൾ നടത്തിയ ഇടപെടലിനെ ഹൈക്കോടതി അഭിനന്ദിച്ചു. താൻ മാധ്യമ വിചാരണയുടെ ഇരയാണെന്ന വാദവും കോടതി തള്ളി. വിദ്യാർത്ഥികൾ മാനസിക പീഡനത്തിന് ഇരയാകുന്നുവെന്ന പരാതിയിൽ കഴമ്പുണ്ടെന്നും ഈ വിഷയത്തിൽ മെഡിക്കൽ കമ്മീഷനും സർക്കാരും ഇടപെടണമെന്നും കോടതി അഭിപ്രായപ്പെട്ടു.
മരണത്തിൽ തനിക്ക് പങ്കില്ലെന്നും വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ശ്രമിച്ചിട്ടില്ലെന്നും ഡോ. എം.കെ. റാം ജാമ്യാപേക്ഷയിൽ വാദിച്ചിരുന്നു. നിതിൻ രാജിന്റെ മരണത്തിന് മറ്റൊരു പ്രകോപനമാണ് കാരണമെന്നും ലോൺ സംബന്ധിച്ച വിഷയത്തിൽ പ്രിൻസിപ്പലിന്റെ മുറിയിൽ ചോദ്യം ചെയ്യപ്പെട്ടതിന് ശേഷമാണ് ആത്മഹത്യ നടന്നതെന്നുമായിരുന്നു വിശദീകരണം. അന്വേഷണവുമായി സഹകരിക്കാമെങ്കിലും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.