കൊച്ചി, 2026 ജൂൺ 15 –
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടക്കുന്ന മയക്കുമരുന്ന് വിരുദ്ധ പരിശോധനകളിൽ ശ്രദ്ധ നേടുകയാണ് മിസ്റ്റി. എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ കെ 9 സ്ക്വാഡിലെ എട്ട് വയസുള്ള ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട നർക്കോട്ടിക്ക് സ്നിഫറാണ് മിസ്റ്റി. മയക്കുമരുന്ന് കണ്ടെത്തുന്നതിൽ വിദഗ്ധയായ മിസ്റ്റി ഇതിനായി പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, പെരുമ്പാവൂർ പട്ടണം എന്നിവിടങ്ങളിലുൾപ്പെടെ നടന്ന പരിശോധനകളിൽ മിസ്റ്റി നിർണായക പങ്കുവഹിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ മയക്കുമരുന്ന് വേട്ടകളിൽ മിസ്റ്റിയുടെ സേവനം അന്വേഷണ സംഘത്തിന് വലിയ സഹായമായി. മികച്ച സേവനത്തിന് നിരവധി തവണ ഗുഡ് സർവീസ് എൻട്രി ഉൾപ്പെടെയുള്ള അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
സീനിയർ സിപിഒമാരായ കെ. ജെ. രാജീവും വി. എ. ശ്രീകുമാറുമാണ് മിസ്റ്റിയുടെ ഹാൻഡ്ലർമാർ. മിസ്റ്റിക്കൊപ്പം എക്സ്പ്ലോസീവ് സ്നിഫർമാരായ ജാമി, ബെർട്ടി, അർജുൻ എന്നിവരും ക്രൈം സീൻ ട്രാക്കർമാരായ മാർലി, ടിൽഡ എന്നിവരും കെ 9 സ്ക്വാഡിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.