പ്രധാന വിവരങ്ങൾ
- ഈശ്വര വിശ്വാസികളാണ് ഇന്ത്യയിൽ കൂടുതലും.
- ആ വിശ്വാസം അവരുടെ സമാധാനവും ആലംബവും ആശ്വാസവുമാണ്.
- അവരുടെ മനസ്സിൽ ഉണ്ടാകുന്ന ഷോക്ക് ഭരണകൂടം തിരിച്ചറിഞ്ഞേ മതിയാവൂ.
- നിലവിലുള്ള ഭാരതീയന്യാ സംഹിതയ്ക്ക് പുറമേ സമൂഹത്തിൻറെ വിശ്വാസങ്ങളെ മുഴുവൻ തകർത്തെറിയുന്ന ഇത്തരം കൊള്ളക്കാരെ പ്രത്യേകമായി ശിക്ഷിക്കണം
ദൈവഭയം കുട്ടികൾക്കും സ്ത്രീകൾക്കും മാത്രം ഉള്ള സന്ദേശമാണോ? ദൈവത്തിൻറെ സ്വത്തുക്കൾ പാത്രങ്ങൾ ഉൾപ്പെടെ മോഷ്ടിക്കുന്നതിന് വിചാരിപ്പുകാർക്ക് ഒരു മടിയുമില്ല. അത് ശബരിമല അയ്യപ്പന്റേതായാലും അയോധ്യയിൽ രാമന്റതായാലും കഥ ഒന്നുതന്നെയാണ്.തിരുവനന്തപുരത്ത് പത്മനാഭന്റെ ആഭരണങ്ങളും സ്വത്തുക്കളും കട്ടെടുത്ത വിവരം ആണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന ഇന്ത്യയിലെ ക്ഷേത്ര കൊള്ള. അതിൻറെ വിശദാംശങ്ങൾ മുഴുവൻ പുറത്തേക്ക് വന്നു തീർന്നില്ല, അതിനു മുമ്പേ വന്നു അയോധ്യയിൽ മര്യാദ പുരുഷോത്തമനായ ഭഗവാൻ ശ്രീ രാമചന്ദ്രന്റെ ദേവസ്വത്തിന് കിട്ടിയ സംഭാവനകൾ തട്ടിപ്പുകാർ കൊണ്ടുപോയി എന്ന ആരോപണം.
ശബരിമല അയ്യപ്പൻറെ കട്ടിളപ്പടിയിൽ പൊതിഞ്ഞിരുന്ന സ്വർണ്ണംവരെ കൊണ്ടുപോയി ഒരുക്കി അടിച്ചു മാറ്റിയ കഥ അന്വേഷണവും കേസുമായി ഇരിക്കുന്നതിന്റെ തൊട്ടു പുറകെയാണ് തിരുവനന്തപുരത്ത് ശ്രീ പത്നാഭസ്വാമി ക്ഷേത്രത്തിലെ ആഭരണങ്ങളും പോയി എന്ന കാര്യം പുറത്തുവരുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളെ സംബന്ധിച്ച് ഐതിഹ്യം പോലുള്ള കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അവിടുത്തെ സ്വത്തുക്കൾ നേരിട്ട് കാണാനിട വന്നിട്ടുള്ള തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ പറഞ്ഞിട്ടുള്ളത് അനുസരിച്ച് സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയ നെന്മണി തന്നെ 500 കിലോയിൽ അധികം ഉണ്ട്. രത്നങ്ങൾ ആഭരണങ്ങൾ സ്വർണപ്പാത്രങ്ങൾ എന്നുവേണ്ട ആയിരക്കണക്കിന് കോടി രൂപയുടെ മൂല്യമുള്ള സ്വത്തുക്കളാണ് അവിടെ നിലവറകളിൽ സൂക്ഷിച്ചിട്ടുള്ളത്. അതും ഭഗവാൻറെ പൂജാകാര്യങ്ങൾക്കും ചമയങ്ങൾക്കും ഉള്ളതടക്കം തിരു ആഭരണങ്ങൾ അടിച്ചു മാറ്റിയ വിവരമാണ് ശബരിമലയ്ക്ക് പിന്നാലെ പുറത്തുവന്നത്. അതിൻറെ വിവരങ്ങൾ അല്പം അല്പം ആയി വന്നുകൊണ്ടിരിക്കെ ആണ് ഇന്ത്യക്ക് മുഴുവൻ ഞെട്ടലായി അഖിലേഷ് യാദവ് ആരോപണമായി രംഗത്തുവന്നത്.
മര്യാദ പുരുഷോത്തമനായ ശ്രീ രാമചന്ദ്രന്റെ ദേവസ്വത്തിലേക്ക് നൽകിയ സ്വത്തുക്കൾ അവിടെ കുറെ വിചാരിപ്പുകാർ അടിച്ചുമാറ്റിയ ആരോപണമാണ് സമാജ്വാദി പാർട്ടി നേതാവ് ഉന്നയിച്ചത്. ബിജെപിയുടെ ഭരണമാണ് അവിടെ. അയോധ്യ രാമക്ഷേത്രത്തിന്റെ ഭരണം കേന്ദ്രസർക്കാരിന് നിയന്ത്രണമുള്ള ട്രസ്റ്റിന്റേതാണ്. ആരോപണം ഉന്നയിച്ചത് രാഷ്ട്രീയ ശത്രുവായ സമാജ് വാദി പാർട്ടി നേതാവാണ്. 2027 തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സംസ്ഥാനമാണ്. രാമക്ഷേത്ര നിർമ്മാണം തുടങ്ങിയുള്ള കാര്യങ്ങൾ ഉന്നയിച്ച് ബിജെപി ഭക്തരുടെ മാനസത്തിൽ സ്ഥാനം ഉറപ്പിച്ചു നിൽക്കേ രാമചന്ദ്രന്റെ സ്വത്തുക്കൾ തട്ടിയെടുത്തു എന്ന് ആരോപണം ഉന്നയിച്ചാൽ അതിൽ രാഷ്ട്രീയ താൽപര്യം തോന്നാം.
പക്ഷേ ബിജെപിയുടെ തന്നെ നേതാക്കൾ അതേ ആരോപണം ശരി വെച്ച് സംസാരിച്ചു. അതോടെ പറഞ്ഞു കേൾക്കുന്നതിൽ കാര്യമുണ്ടെന്ന് ചിന്ത ഉണ്ടായിരിക്കുകയാണ്. ഇതെന്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? ദൈവങ്ങളുടെ സ്വത്തുക്കൾ വരെ അടിച്ചുമാറ്റുന്ന ആളുകൾ ആണോ ദേവസ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്നതും ദൈവത്തിനു വേണ്ടി അദ്ദേഹത്തിൻറെ ആളുടെ ആഭരണങ്ങൾ സൂക്ഷിക്കുന്നതും ഒക്കെ ? കള്ളന്മാർക്ക് നടുവിൽ ഇരിക്കുന്ന ദൈവത്തിൻറെ ആത്മ നൊമ്പരങ്ങൾ ഭക്തന്മാർ അറിയേണ്ടതാണ്. ഏതായാലും ക്ഷേത്ര ഭരണത്തിന്റെ കാര്യത്തിൽ കാര്യമായ കുഴപ്പം ഉണ്ട്. അത് കേരളത്തിൽ മാത്രമാണ് എന്നൊരു ചിന്തയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്.അയോധ്യയിൽ നിന്നു തന്നെ അതേ ആരോപണം ഉയർത്തപ്പെട്ടപ്പോൾ ആ ചിന്ത മാറിയിരിക്കുകയാണ്. ദൈവം എവിടെയുണ്ടോ അവിടെ സമ്പത്തുകൾ വന്നുചേരും. സമ്പത്തുകൾ വന്നു കഴിഞ്ഞാൽ അതിൽ കണ്ണും വെച്ച് ചുറ്റിലും വിചാരിപ്പുകാർ കൂടും. കണ്ണുതിരിഞ്ഞാൽ കിട്ടിയത് കിട്ടിയത് എടുത്ത് കക്ഷത്തിൽ വച്ചും ആളുകൾ കാണാത്ത മറ്റു പല സ്ഥലത്തു വച്ചും കൊണ്ടുപോകും.
ഈശ്വര വിശ്വാസികളായ ഭക്തന്മാരാണ് ഇതിൽ ദുഃഖിക്കുന്നതും ഞെട്ടുന്നതും. അവരും അവരുടെ ദൈവവും ഒരുപോലെ കള്ളന്മാരുടെ മുമ്പിൽ നിസ്സഹായരാവുന്നതാണ് കാഴ്ച.
ഈ സംവിധാനത്തിന്റെ കുറവുകൾ കർശനമായി പരിഹരിച്ച് മതിയാവൂ. ദൈവത്തിന് സ്വത്തിനോട് വലിയ ആർത്തി ഉണ്ടാകാൻ ഇടയില്ല. കാരണം വിശ്വാസമനുസരിച്ച് എല്ലാത്തിന്റെയും ഉടയോൻ ദൈവമാണല്ലോ. പക്ഷേ ദൈവത്തിൻറെ സേവകരായി ചുറ്റിലും കൂടുന്ന ആളുകളുടെ കണ്ണ് തിരുവാഭരണങ്ങളും ദൈവത്തിന് അമൃതേത് നിവേദിക്കുന്ന സ്വർണ്ണ പാത്രങ്ങളിലും ഒക്കെയാണ്. തിരുവാഭരണങ്ങളും സ്വർണ്ണപാത്രങ്ങളും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും ഉള്ള ക്ഷേത്രങ്ങളിൽ ആളുകൾ തടിച്ചു കൂടുകയും അതേ ദൈവം തന്നെ മലയടിവാരത്ത് കരിങ്കൽ പ്രതിമയിൽ കുടിയിരിക്കുമ്പോൾ മാസത്തിലൊന്ന് വിളക്ക് കത്തിച്ചാൽ ആയി എന്ന സ്ഥിതി നമ്മൾ കാണുന്നതാണ്. സത്യത്തിൽ ദൈവത്തെക്കാൾ എല്ലാവർക്കും ഇഷ്ടം അവിടെ കുന്നു കൂടിയിരിക്കുന്ന സ്വത്തിനെയാണ്…
ഈശ്വര വിശ്വാസികളാണ് ഇന്ത്യയിൽ കൂടുതലും. ആ വിശ്വാസം അവരുടെ സമാധാനവും ആലംബവും ആശ്വാസവുമാണ്. അവരുടെ മനസ്സിൽ ഉണ്ടാകുന്ന ഷോക്ക് ഭരണകൂടം തിരിച്ചറിഞ്ഞേ മതിയാവൂ. നിലവിലുള്ള ഭാരതീയന്യാ സംഹിതയ്ക്ക് പുറമേ സമൂഹത്തിൻറെ വിശ്വാസങ്ങളെ മുഴുവൻ തകർത്തെറിയുന്ന ഇത്തരം കൊള്ളക്കാരെ പ്രത്യേകമായി ശിക്ഷിക്കണം. എല്ലാ ക്ഷേത്രങ്ങളിലും അഴിമതിയില്ലാത്ത സ്വത്ത് വിചാരിപ്പിന് സംവിധാനം ഉണ്ടാക്കണം. ക്യാമറ അടക്കം നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഭഗവാന് അല്ല പാറാവ്. ഭഗവാൻറെ വിശ്വാസികളുടെ ഭക്തിക്കും വിശ്വാസത്തിനും സമാധാനത്തിനും ആണ് കാവൽ വേണ്ടത്.

