തൃശൂർ, 2026 ജൂൺ 14 –
തൃശൂർ ജില്ലയിലെ ചേലക്കര പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്ന ഗ്രേഡ് എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ പിടിയിലായി. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്.
ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ജോളി സെബാസ്റ്റ്യൻ, സിവിൽ പൊലീസ് ഓഫീസർമാരായ അഖിൽ, സജിത്ത് എന്നിവരാണ് ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപിച്ചത്. കമ്മീഷണറുടെ നിർദേശപ്രകാരം വടക്കാഞ്ചേരി എസ്.എച്ച്.ഒ മുരളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തി. പരിശോധനയ്ക്കിടെ മദ്യപിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി. തുടർന്ന് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും മദ്യപിച്ചിരുന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി നടപ്പാക്കുന്നതിനിടെയാണ് പൊലീസ് സ്റ്റേഷനുള്ളിൽ തന്നെ ഉദ്യോഗസ്ഥർ മദ്യപിച്ചതെന്നത് ശ്രദ്ധേയമായത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. കുന്നംകുളം എ.സി.പി മുഖേന വിശദമായ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. ഇവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാനും ശുപാർശ ചെയ്തിട്ടുണ്ട്.