ഒറ്റപ്പാലം, ജൂൺ 14: ഒറ്റപ്പാലം തോട്ടക്കരയിൽ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു. തോട്ടക്കര പൂളക്കാപറമ്പ് സ്വദേശികളായ ദീപക് – രശ്മി ദമ്പതികളുടെ മക്കളായ ദെൻവിക (3), റിഥിൻ രാജ് (6) എന്നിവർക്കാണ് പരിക്കേറ്റത്.
വീടിന് മുൻവശത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപ്രതീക്ഷിതമായി എത്തിയ തെരുവ് നായ കുട്ടികളെ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും ഉടൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടികൾക്ക് ആവശ്യമായ ചികിത്സയും പ്രതിരോധ കുത്തിവെയ്പ്പുകളും നൽകിയതായി ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
അതേസമയം, തോട്ടക്കര പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ ഞായറാഴ്ച ഇതേ പ്രദേശത്ത് ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും കുട്ടികൾ ആക്രമണത്തിനിരയായത്.
തുടർച്ചയായി തെരുവ് നായ ആക്രമണങ്ങൾ ഉണ്ടാകുന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കുട്ടികളും വയോധികരും ഉൾപ്പെടെയുള്ളവർക്ക് പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.
തെരുവ് നായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും പ്രദേശത്ത് പ്രത്യേക നിയന്ത്രണ നടപടികൾ ശക്തമാക്കണമെന്നും നാട്ടുകാർ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.