പ്രധാന വിവരങ്ങൾ
- വനംമന്ത്രിയുടെ പ്രൈവറ്റ് സ്റ്റാഫ് നിയമനത്തിൽ സർവീസ് സംഘടനകൾ ഇടപെടുന്നത് ജനാധിപത്യ വിരുദ്ധമാണ്
- മന്ത്രിയുടെ പ്രൈവറ്റ് സ്റ്റാഫിൽ ആരെ നിയമിക്കണമെന്നത് മന്ത്രിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും തീരുമാനമാണ്.
- സർവീസ് സംഘടനകളുടെ ചുമതല ജീവനക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രം ഒതുങ്ങണം
- കേരളത്തിലെ സർവീസ് സംഘടനകൾ ജീവനക്കാരുടെ സംഘടനകളേക്കാൾ രാഷ്ട്രീയ പാർട്ടികളുടെ അനുബന്ധ സംഘടനകളായി മാറി
- ജനാധിപത്യത്തിൽ അധികാരം ജനങ്ങൾ തെരഞ്ഞെടുത്ത മന്ത്രിമാർക്കാണ്, . മന്ത്രിമാരെ നിയന്ത്രിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്ന സർവീസ് സംഘടനകൾക്കെതിരെ കർശന നടപടികൾ വേണം
പുതിയൊരു പ്രശ്നം. വനംമന്ത്രി ഷിബു ബേബി ജോണിന്റെ പ്രൈവറ്റ് സ്റ്റാഫിൽ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിയായി നിയമച്ചയാളെ നീക്കം ചെയ്യണമെന്ന് ആവശ്യവുമായി ആ വകുപ്പിലെ സംഘടനയും നേതാക്കളും ഒളിഞ്ഞു തെളിഞ്ഞും രംഗത്തു വന്നിരിക്കുന്നു. ഇതെന്ത് കഥ ? നാളെ മന്ത്രിയായി ആരു വരണമെന്നും വന്നയാളെ ഇഷ്ടപ്പെട്ടില്ലെങ്കിൽ പോകണമെന്നും ഇവർ പറയില്ലേ?
കേരളത്തിൻറെ രാഷ്ട്രീയ പ്രബുദ്ധതയുടെ ഗ്രാഫ് വളരെ ഉയർന്നതാണെന്ന് എല്ലാവർക്കും അറിയാം. രാവിലെ പത്രം വായിച്ച് ലോകത്ത് എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാതെ അവശേഷിക്കുന്നുണ്ട് എങ്കിൽ അത് ഏറ്റെടുത്ത് പ്രക്ഷോഭവും സമരവും ആയി ഇറങ്ങുന്ന സ്വഭാവം കേരളീയർക്ക് പണ്ടേയുണ്ട്. പക്ഷേ ദൈനംദിന ഭരണകാര്യങ്ങളിൽവരെ ഇടപെടുകയും സർവീസ് സംഘടനകൾ പറയുന്നത് കേട്ടില്ലെങ്കിൽ മന്ത്രിക്കെതിരെതന്നെ അഭിപ്രായം പറയുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്നത് പ്രബുദ്ധതയുടെ തെളിവല്ല. ജനാധിപത്യ ബോധമില്ലായ്മ മാത്രമാണ്.
സർക്കാർ സംഘടന ട്രേഡ് യൂണിയൻ തൊഴിലാളി സംഘടന അല്ല. സംഘടിക്കാനുള്ള അവകാശം ഭരണഘടനയുടെ മൗലിക അവകാശമാണ്. അത് എടുത്തു കളയുവാൻ കഴിയുകയില്ല. പക്ഷേ ഓരോ സംഘടനയ്ക്കും സമൂഹത്തിൻറെ നിയമ ചട്ടക്കൂടിന് അനുസരിച്ച് ഇടപെടൽ സ്വാതന്ത്ര്യവും സമര സ്വാതന്ത്ര്യവും മാത്രമേ ഉള്ളൂ. ഇത് മനസ്സിലാക്കാത്ത വിഭാഗം സർക്കാർ ജീവനക്കാരുടെ സംഘടനകൾ ആണ്. കേന്ദ്രസർക്കാരിനെതിരെയുള്ള സമരം രാഷ്ട്രീയ സമരമാണ്. അത് നടത്തേണ്ടത് സർവീസ് സംഘടനകൾ അല്ല. സംസ്ഥാന സർക്കാരിനെതിരെ സമരം നടത്തേണ്ടത് കേരളത്തിലെ ജനങ്ങളാണ്. സർക്കാർ ഉദ്യോഗസ്ഥന്മാർ അല്ല. സർക്കാർ നയം അനുസരിച്ച് പ്രവർത്തിക്കുകയും നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് പെരുമാറുകയും ജനങ്ങളുടെ ആവശ്യങ്ങൾ നിർവഹിച്ചു കൊടുക്കുകയും ചെയ്യുകയാണ് അവരുടെ ജോലി. ദൈനംദിന രാഷ്ട്രീയത്തിൽ ഇടപെടുകയും മന്ത്രി അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം ഇല്ലെങ്കിൽ സമരം ചെയ്തു കളയും എന്ന് ഭീഷണിപ്പെടുത്തുന്ന സംഘടനകളെ നിരോധിക്കണം. അത് മന്ത്രിക്ക് ഭീഷണിയായതുകൊണ്ടല്ല. ജനങ്ങൾക്കും ജനാധിപത്യത്തിനും ഭീഷണിയായതുകൊണ്ടാണ്. അവർ വിനിയോഗിക്കുന്നത് സംഘടിക്കുവാനുള്ള അവകാശം എന്ന മഹത്തായ ജനാധിപത്യ തത്വത്തിൻ്റെ ആവിഷ്കാരമല്ല. മറിച്ച് പൊതു സേവകന്റെ കസേരയിൽ ഇരുന്നുകൊണ് നികുതിപ്പണം കൈപ്പറ്റി ജീവിക്കുകയും കുടുംബം പുലർത്തുകയും ചെയ്യുന്നതിനൊപ്പം രാഷ്ട്രീയ അധികാരം കൂടി കയ്യടക്കുവാനും നിയന്ത്രിക്കുവാനും ആണ് ശ്രമിക്കുന്നത്. അതിനു വേണ്ടത് സർവീസ് സംഘടനയല്ല. രാഷ്ട്രീയപാർട്ടിയാണ്. രാഷ്ട്രീയ പ്രസ്ഥാനമാണ്. ഉദ്യോഗസ്ഥ സംവിധാനം ഇത് രണ്ടുമല്ല.
എന്തുകൊണ്ടാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ പോലീസ് അടക്കം സേവനങ്ങൾ മാത്രമല്ല അവിടുത്തെ ട്രാൻസ്ഫറും നിയമനവും എല്ലാം ജീവനക്കാരുടെ സംഘടനയുടെതായി തുടക്കത്തിലും നേതാവ് മാത്രം പറയുന്നതുപോലെ പിന്നീടും മാറിത്തീർന്നത്?
സർവീസ് സംഘടനകൾ ജീവനക്കാരുടെ സംഘടന എന്നതിനേക്കാൾ രാഷ്ട്രീയ പാർട്ടികളുടെ സംഘടനകളാണ്. രാഷ്ട്രീയ ആവശ്യങ്ങൾക്കുവേണ്ടി സർക്കാരിനെ ശ്വാസംമുട്ടിക്കുന്നത് തുടങ്ങി സർക്കാരിനെ എതിർക്കുന്നതുവരെ ഏതിനും അവരെ തള്ളിവിടുന്നത് രാഷ്ട്രീയപ്രവർത്തനത്തിന് ഭാഗവും രീതിയുമാണ്. തിരുത്തേണ്ടത് അതാണ്. വനമന്ത്രി അദ്ദേഹത്തിൻറെ പ്രൈവറ്റ് സ്റ്റാഫിൽ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയായി അഭിഭാഷകനും കർഷക സംഘടന പ്രവർത്തകനുമായ സിജിമോൻ ഫ്രാൻസിസ് എന്ന കോതമംഗലംകാരനെ നിയമിച്ചു. അയാളെ പുറത്താക്കണം എന്നാണ് വനം വകുപ്പിലെ ജീവനക്കാരുടെ സംഘടനയുടെയും സംഘടനാ നേതാക്കളുടെയും ആവശ്യം. ഒളിഞ്ഞും തെളിഞ്ഞും ആ സമ്മർദ്ദവുമായി അവർ രംഗത്ത് വന്നിരിക്കുകയാണ്.
മന്ത്രിയുടെ സ്റ്റാഫിൽ ആരെ നിയമിക്കണം എന്ന് തീരുമാനിക്കേണ്ടത് മന്ത്രിയും ആവശ്യമെങ്കിൽ ശുപാർശകൾ നൽകിയും ആളെ കണ്ടെത്തി കൊടുത്തും മന്ത്രിയെ സഹായിക്കേണ്ടത് മന്ത്രിയുടെ പാർട്ടിയുമാണ്. കാരണമത് സർക്കാർ നിയമനം അല്ല. മന്ത്രിക്ക് സ്വന്തം ജോലികൾ ഭംഗിയായി ചെയ്യുന്നതിന് ഒറ്റയ്ക്ക് കഴിയാത്തതുകൊണ്ട് പ്രൈവറ്റ് സ്റ്റാഫിനെ നിയമിക്കുന്നതാണ്. ആ നിയമനത്തിൽ ഇടപെടാൻ ശ്രമിക്കുന്ന സംഘടന നാളെ മന്ത്രി എടുക്കുന്ന ഏത് തീരുമാനത്തിലും ഇടപെട്ട് തുടങ്ങും. ഉദ്യോഗസ്ഥരുടെയും ഉദ്യോഗസ്ഥ സംഘടനയുടെയും തിണ്ണയുടെ മൂലയിൽ കെട്ടിയിട്ടിരിക്കുന്ന പട്ടിയല്ല മന്ത്രി എന്ന് എല്ലാവരും മനസ്സിലാക്കണം.
ഈ രാജ്യം പൗരന്മാരുടെ. ഭരിക്കാനുള്ള അവകാശം അവർക്കാണ്.
മൂന്നര കോടി ആളുകൾക്ക് പുത്തരിക്കണ്ടം മൈതാനത്ത് കുത്തിയിരുന്ന് നിർവഹിക്കാവുന്ന ഒരു കാര്യമല്ല കേരളത്തിൻറെ ഭരണം എന്നുള്ളതു കൊണ്ടാണ് അവർ സ്വന്തം അധികാരം മറ്റൊരാളിലേക്ക് കൈമാറി ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതും ജന അധികാരത്തെ നിർമ്മിക്കുന്നതും. അങ്ങനെ ജനം ഉണ്ടാക്കിയ അധികാര കേന്ദ്രമാണ് വനമന്ത്രിയായ ഷിബു ബേബി ജോൺ. മന്ത്രി ഉദ്യോഗസ്ഥരോട് കടപ്പെട്ടിട്ടില്ല. ഉദ്യോഗസ്ഥർ മന്ത്രിയോടും ജനങ്ങളോടും ആണ് കടപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ സംഘടനയുടെ മാതൃകയിൽ എന്തിലും ഏതിലും തലയിടുവാനുള്ള അവകാശമുള്ള സ്ഥാപനം അല്ല ഉദ്യോഗസ്ഥ സംഘടനകൾ. അവരുടെ കാര്യങ്ങൾ, സന്തോഷം, ക്ഷേമം അവിടെകൊണ്ട് സർവീസ് സംഘടനകളുടെ അധികാരം അവസാനിക്കുന്നു. രാജ്യ ഭരണത്തിന് ഇന്ത്യൻ ഭരണഘടന വ്യക്തമായ സ്ഥാപനങ്ങളും സംവിധാനങ്ങളും പറഞ്ഞിട്ടുണ്ട്. അതിൻപ്രകാരം തന്നെ രാജ്യത്ത് അവയെല്ലാം ഉണ്ട്.
രാഷ്ട്രീയപാർട്ടി സമരങ്ങളിൽ പങ്കെടുത്ത് പങ്കെടുത്ത് നിയമവും ഭരണഘടനയും മറന്നുപോയ ഉദ്യോഗസ്ഥരോടും അവരുടെ സംഘടനയോടും കടക്ക് പുറത്ത് എന്ന് പറയാൻ ധൈര്യമില്ലാത്തവർ ജനങ്ങളുടെ അധികാരം കയ്യിലേക്ക് ഏറ്റുവാങ്ങരുത്. മന്ത്രിയെയും സർക്കാരിനെയും നിയന്ത്രിക്കാനും ഭീഷണിപ്പെടുത്താനും സർവീസ് സംഘടനകൾ ശ്രമിച്ചാൽ ആ സംഘടനയുടെ പ്രവർത്തനം നിരോധിക്കുവാൻ സർക്കാരിന് കഴിയണം. നിയമവിരുദ്ധമായും സമൂഹത്തിന് ഹാനികരമായും പ്രവർത്തിക്കുന്ന ഏതു സംഘടനയെയും നിരോധിക്കുവാൻ സർക്കാരിന് അധികാരമുണ്ട്.

