മാനന്തവാടി, 2026 ജൂൺ 10 –
വയനാട്ടിലെ കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മാനന്തവാടി എംഎൽഎ ഉഷ വിജയൻ അറിയിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപ അടിയന്തര സഹായമായി ഇന്ന് തന്നെ കൈമാറും. ശേഷിക്കുന്ന തുക നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് നൽകുമെന്നും എംഎൽഎ പറഞ്ഞു.
രാജുവിന്റെ ആശ്രിതർക്ക് സ്ഥിര നിയമനം നൽകുന്നതിനായി സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും ഉഷ വിജയൻ വ്യക്തമാക്കി. വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി ഫെൻസിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും അവർ പറഞ്ഞു. സംഭവത്തെ തുടർന്ന് മന്ത്രി സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുകയും ചെയ്തു.
സംഭവം നടന്നിട്ടും ജില്ലയിൽ ഉണ്ടായിരുന്ന എംഎൽഎ സ്ഥലത്തെത്താത്തതിനെതിരെ ശക്തമായ ജനരോക്ഷം ഉയർന്നിരുന്നു. മന്ത്രിയുടെ ഇടപെടലിനും ചർച്ചകൾക്കും ശേഷമാണ് പ്രതിഷേധം അവസാനിച്ചത്. ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും ഇടപെടൽ വൈകിയെന്ന് ആരോപിച്ച് പ്രതിഷേധക്കാർ രംഗത്തെത്തുകയും ചെയ്തിരുന്നു.