തിരുവനന്തപുരം, 2026 ജൂണ്‍ 10 –
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്കുനേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്ക് ശാസനയുമായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. ആക്രമണം നടന്ന സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ വേണ്ടവിധം ഇടപെട്ടില്ലെന്നാണ് വിമര്‍ശനം. വാഹനങ്ങള്‍ക്കുനേരെ മുട്ടയേറുണ്ടായപ്പോഴും ആക്രമണം തടയാന്‍ നടപടിയെടുത്തില്ലെന്നും എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ലെന്നും കമ്മീഷണര്‍ ചോദിച്ചു.
ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ബന്ധപ്പെട്ട പൊലീസുകാരെ ശാസിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു വിമര്‍ശനം. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലഭിച്ചില്ലെന്നായിരുന്നു പൊലീസുകാരുടെ വിശദീകരണം. ആക്രമണം തടയുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു.
ഇതിനിടെ കേസിന്റെ തുടര്‍ അന്വേഷണ ചുമതലകളില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മ്യൂസിയം എസ്എച്ച്ഒ ആര് പ്രശാന്ത് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്കി. തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുകയാണെന്നും അന്വേഷണത്തില്‍ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും കത്തില്‍ പറയുന്നു. അതേസമയം നിലവിലെ ചുമതലകളില്‍ തുടരാന്‍ കമ്മീഷണര്‍ നിര്‍ദേശം നല്കി. ആക്രമണക്കേസില്‍ ആറു മുതല്‍ പത്ത് വരെയുള്ള പ്രതികളായ കിരണ്‍, അനില്‍കുമാര്‍, ഷരീഫ്, ഹരീഷ് കുമാര്‍, ദിനീത് എന്നിവരെ ബുധനാഴ്ച വൈകിട്ട് അഞ്ച് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുക, ഗൂഢാലോചന അന്വേഷിക്കുക, കൂടുതല്‍ പ്രതികളെ തിരിച്ചറിയുക എന്നീ ആവശ്യങ്ങളാണ് പൊലീസ് കോടതിയില്‍ ഉന്നയിച്ചത്.