തിരുവനന്തപുരം, 2026 ജൂണ്‍ 10 –
അറസ്റ്റിലായ ബിജെപി കൗണ്‍സിലറും തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം വാര്‍ഡ് അംഗവുമായ സുഗതനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ചതിനാണ് പുതിയ കേസ്. കാപ്പാ കേസ് പ്രതിയായ സുഗതനെ കഴിഞ്ഞ ദിവസം വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വധശ്രമക്കേസില്‍ പ്രതിയായ സുഗതന് കാപ്പാ ചുമത്തപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് നടപടികള്‍ നേരിടുകയായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അറസ്റ്റ് നടന്നത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ സുഗതന്റെ അനുയായികള്‍ വളഞ്ഞതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങളുണ്ടായി. എസ്എച്ച്ഒ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. അനുയായികളുടെ ആക്രമണത്തില്‍ വട്ടിയൂര്‍ക്കാവ് സി.ഐ വിപിനും എസ്.ഐ അഭിജിത്തിനും പരിക്കേറ്റതായും പൊലീസ് പറയുന്നു.
ഇതിനിടെ പൊലീസിനെതിരെ ആരോപണങ്ങളുമായി സുഗതന്റെ ഭാര്യ അശ്വതി രംഗത്തെത്തി. സുഗതന് ഒളിവിലായിരുന്നില്ലെന്നും ചിക്കന്‍പോക്സ് ചികിത്സയിലായിരുന്നുവെന്നുമാണ് പ്രതികരണം. പൊലീസ് വീട്ടിലെത്തി തന്നെ മര്‍ദിച്ചെന്നും താലിമാല പൊട്ടിച്ചെടുത്തെന്നും കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയില്‍ വെടിവെച്ചെന്നും ആരോപിച്ചു. അതേസമയം, സുഗതന്റെ അനുയായികള്‍ പൊലീസിനെ ആക്രമിച്ചില്ലേയെന്ന ചോദ്യത്തിന് അത് പൊലീസിന്റെ വാദമാണെന്നായിരുന്നു മറുപടി. നിലവില്‍ സുഗതനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.