തൃശൂർ, 2026 ജൂൺ 9 –
തൃശൂരിലെ വിവിധ പ്രദേശങ്ങളിൽ മിന്നൽ ചുഴലി രൂപപ്പെട്ടതിനെ തുടർന്ന് വ്യാപക നാശനഷ്ടമുണ്ടായി. വില്ലടം, ചേറൂർ, നട്ടത്തറ എന്നിവിടങ്ങളിലാണ് പ്രധാനമായും മിന്നൽ ചുഴലി അനുഭവപ്പെട്ടത്. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. വില്ലടം മിൽമയ്ക്ക് മുന്നിലും വില്ലേജ് ഓഫീസിന് സമീപവും മരങ്ങൾ റോഡിലേക്ക് വീണതോടെ ഗതാഗതം തടസ്സപ്പെട്ടു. സംഭവം നടക്കുമ്പോൾ സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ റോഡിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
രാവിലെ സ്കൂളുകളിലേക്ക് കുട്ടികൾ എത്തുന്ന സമയത്താണ് അപകടങ്ങൾ ഉണ്ടായത്. നട്ടത്തറ പൂച്ചെട്ടിയിൽ ഭാരതീയ വിദ്യാഭവന്റെ മുറ്റത്തേക്ക് അഞ്ചോളം വലിയ തേക്കിൻ മരങ്ങൾ കടപുഴകി വീണു. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. നാലോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഒരു ഒമിനി വാൻ പൂർണമായും തകരുകയും ചെയ്തു. എൽകെജി ക്ലാസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ ഷീറ്റുകളും തൂണുകളും തകർന്നു.
കുട്ടികൾ സ്കൂളിലേക്ക് എത്തിക്കൊണ്ടിരുന്ന സമയമായതിനാൽ വലിയ ആശങ്കയുണ്ടായെങ്കിലും ആർക്കും പരിക്കേറ്റില്ല. കുട്ടികൾ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ശക്തമായ കാറ്റ് വീശിയതെന്ന് അധ്യാപിക അറിയിച്ചു. മണിക്കൂറുകൾക്കുള്ളിൽ തന്നെ വീണ മരങ്ങൾ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. വലിയ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികളും സ്കൂൾ അധികൃതരും.