ചണ്ഡീഗഢ് / 2026 / ഒക്ടോബർ 11
രാജ്യത്തെ എട്ട് ശാസ്ത്രസാങ്കേതിക ക്ലസ്റ്ററുകൾ തമ്മിലുള്ള സഹകരണം ശക്തമാക്കാനും വികസിപ്പിച്ച സാങ്കേതികവിദ്യകൾ പ്രായോഗിക ഉപയോഗത്തിലേക്ക് എത്തിക്കാനും ആഹ്വാനം ചെയ്ത് നാലാമത് അഖില ശാസ്ത്രസാങ്കേതിക ക്ലസ്റ്റർ സംഗമം ചണ്ഡീഗഢിൽ നടന്നു. ഒക്ടോബർ ഒമ്പത്, പത്ത് തീയതികളിൽ പഞ്ചാബ് സർവകലാശാലയിൽ നടന്ന സംഗമത്തിന് കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. അജയ് കുമാർ സൂദ് അധ്യക്ഷത വഹിച്ചു. പഞ്ചാബ് സർവകലാശാലയും ഐഐടി റോപ്പറും ചേർന്നുള്ള റീജണൽ ആക്സിലറേറ്റർ ഫോർ ഹോളിസ്റ്റിക് ഇന്നൊവേഷൻസ് ഫൗണ്ടേഷനായ പി–റാഹിയാണ് സംഗമം സംഘടിപ്പിച്ചത്. ഗവേഷണഫലങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പരിഹാരങ്ങളാക്കി മാറ്റുക, വ്യവസായ പങ്കാളിത്തം വർധിപ്പിക്കുക, പ്രാദേശിക നവീകരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ചർച്ചകളുടെ പ്രധാന ലക്ഷ്യം.
പ്രാദേശിക പരിഹാരങ്ങളിൽനിന്ന് ദേശീയ സാങ്കേതിക മുന്നേറ്റത്തിലേക്ക്
മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ ഓഫീസിലെ ശാസ്ത്ര സെക്രട്ടറി ഡോ. പർവീന്ദർ മൈനിയും സയന്റിസ്റ്റ്–എഫ് ഡോ. വിശാൽ ചൗധരിയും പ്രൊഫ. സൂദിനൊപ്പം പങ്കെടുത്തു. പഞ്ചാബ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മീനാക്ഷി ഗോയൽ, ഐഐടി റോപ്പർ ഡയറക്ടർ പ്രൊഫ. രാജീവ് അഹൂജ, ഐഐടി ജോധ്പുർ ഡയറക്ടർ പ്രൊഫ. അവിനാഷ് കുമാർ അഗർവാൾ, പ്രൊഫ. രജത് സന്ധിർ, പി–റാഹി ഡയറക്ടർ ഡോ. പുഷ്പേന്ദ്ര പി. സിങ്, എട്ട് ക്ലസ്റ്ററുകളുടെ പ്രതിനിധികൾ എന്നിവരും ചർച്ചകളിൽ പങ്കാളികളായി. പ്രാദേശിക, വ്യവസായ, സാമൂഹിക വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്ന സംയോജിത സംവിധാനങ്ങളായി ക്ലസ്റ്ററുകൾ വളർന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രൊഫ. സൂദ് പറഞ്ഞു. ദേശീയതലത്തിൽ സാങ്കേതിക മുന്നേറ്റത്തിന് വേഗം കൂട്ടുന്ന സംവിധാനങ്ങളായും ഇവ പ്രവർത്തിക്കുന്നുണ്ട്. ക്ലസ്റ്ററുകൾ തമ്മിലുള്ള സഹകരണം, ബന്ധപ്പെട്ടവരുടെ പങ്കാളിത്തം, റുടാഗും ആർഎസ്വിസികളും തമ്മിലുള്ള ഏകോപനം എന്നിവ ശക്തമാക്കണം. വികസിപ്പിക്കുന്ന സാങ്കേതികവിദ്യകൾ കൂടുതൽ പേരിലേക്ക് എത്തുകയും വേണം. ക്ലസ്റ്ററുകളുടെ രാജ്യാന്തര ഇടപെടലുകളും വർധിക്കുകയാണ്. ആദ്യ രാജ്യാന്തര ശാസ്ത്രസാങ്കേതിക ക്ലസ്റ്റർ സമ്മേളനത്തിൽനിന്ന് രൂപപ്പെട്ട പന്ത്രണ്ട് രാജ്യാന്തര ധാരണാപത്രങ്ങളും തുടർന്ന് വെസ്റ്റേൺ ഓസ്ട്രേലിയ സർവകലാശാല, ഇന്ത്യ–ഓസ്ട്രേലിയ സ്മാർട്ട് ഫാം നെറ്റ്വർക്ക്, യുകെ കാറ്റപൾട്ട് നെറ്റ്വർക്ക് എന്നിവയുമായി ഉണ്ടായ പങ്കാളിത്തങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
കാലാവസ്ഥാ നിരീക്ഷണവും വൈദ്യുത വാഹന സംവിധാനങ്ങളും
ഉദ്ഘാടനച്ചടങ്ങിൽ പ്രൊഫ. സൂദ് ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. കാലാവസ്ഥയെ പരിഗണിച്ചും വിവരങ്ങളെ അടിസ്ഥാനമാക്കിയും കൃഷി നടത്തുന്നതിന് സാങ്കേതിക പരിഹാരങ്ങൾ നൽകുന്ന സഹായം അദ്ദേഹം ചൂണ്ടിക്കാട്ടി. സുസ്ഥിര ഗതാഗതത്തിനും ശുദ്ധ സാങ്കേതികവിദ്യകൾക്കുമായി ക്ലസ്റ്ററുകൾ ചേർന്ന് നടത്തുന്ന പ്രധാന പ്രവർത്തനങ്ങളും സംഗമത്തിൽ അവതരിപ്പിച്ചു. ഹിമാചൽ പ്രദേശിലെ വൈദ്യുത വാഹന ചാർജിങ് സ്റ്റേഷന്റെയും പഞ്ച്കുളയിലെ ഇവി ചാർജെക്സ് ബാറ്ററി മാറ്റിവയ്ക്കൽ സ്റ്റേഷന്റെയും ഉദ്ഘാടനം ഇതിൽ ഉൾപ്പെട്ടു. ഡൽഹി റിസർച്ച് ഇംപ്ലിമെന്റേഷൻ ആൻഡ് ഇന്നൊവേഷനും പി–റാഹിയും ചേർന്നാണ് ഹിമാചൽ പ്രദേശിലെ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. ചാർജിങ് സൗകര്യങ്ങൾ, വൈദ്യുത വാഹന ഉപയോക്താക്കൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന പദ്ധതി സംസ്ഥാനത്തിന്റെ വൈദ്യുത ഗതാഗതത്തിലേക്കുള്ള മാറ്റത്തെ സഹായിക്കും. തദ്ദേശീയമായി വികസിപ്പിച്ച ബാറ്ററി മാറ്റിവയ്ക്കൽ സാങ്കേതികവിദ്യ പരീക്ഷണഘട്ടത്തിൽനിന്ന് വാണിജ്യ ഉപയോഗത്തിലേക്ക് എത്തുന്നതിന്റെ മാതൃകയാണ് പഞ്ച്കുളയിലെ കേന്ദ്രം. വൈദ്യുത വാഹനങ്ങൾ, ബാറ്ററികൾ, വാഹനമോടിക്കുന്നവരുടെ രജിസ്ട്രേഷൻ, ഡിജിറ്റൽ നടത്തിപ്പ് എന്നിവയെല്ലാം ഒരേ സംവിധാനത്തിൽ ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ റിപ്പോർട്ടുകളും കരകൗശല പോർട്ടലും രാജ്യാന്തര സഹകരണവും
സൂക്ഷ്മ ആൽഗകളെ ഉപയോഗിക്കുന്ന ഫോട്ടോബയോറിയാക്ടറായ ഫൈക്കോട്രീയെക്കുറിച്ചുള്ള റിപ്പോർട്ടും പ്രൊഫ. സൂദ് പുറത്തിറക്കി. തദ്ദേശീയ സാങ്കേതികവിദ്യ കണ്ടെത്തുന്നതിൽനിന്ന് യഥാർഥ സാഹചര്യങ്ങളിൽ പരിശോധിച്ച് ഉപയോഗത്തിനുള്ള സാധ്യത വിലയിരുത്തുന്നതുവരെ സഹായിക്കുന്ന ഡൽഹി റിസർച്ച് ഇംപ്ലിമെന്റേഷൻ ആൻഡ് ഇന്നൊവേഷന്റെ പ്രവർത്തനങ്ങളാണ് റിപ്പോർട്ട് അവതരിപ്പിക്കുന്നത്. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ഉപയോഗസാധ്യതകൾക്കായി ജിഎംആറുമായി നടത്തുന്ന ഇടപെടലുകളും ഇതിൽ ഉൾപ്പെടുന്നു. പഞ്ചാബിലെയും ജമ്മു കശ്മീരിലെയും കരകൗശല തൊഴിലാളികളുടെ പരമ്പരാഗത കരകൗശലങ്ങളും ഉൽപ്പന്നങ്ങളും അവതരിപ്പിക്കുന്ന പി–റാഹിയുടെ കലാനുഭവ പോർട്ടലും പുറത്തിറക്കി. ഉത്തരേന്ത്യയിലെ കരകൗശല തൊഴിലാളികളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന പ്രദർശനവും നടന്നു. സ്പാർക്സ് 2.0, ഇഗ്നൈറ്റ് 2.0, ജിനി 2.0, ഉത്തരേന്ത്യയിലെ ശാസ്ത്ര–സാങ്കേതിക–നവീകരണ സംവിധാനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ എന്നിവയും പുറത്തിറക്കി. ധാരണാപത്ര ഒപ്പിടൽ ചടങ്ങും സംഗമത്തിന്റെ ഭാഗമായി നടന്നു. ആരോഗ്യപരിചരണം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, നെറ്റ് സീറോ സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ യുകെ കാറ്റപൾട്ടുകളും ശാസ്ത്രസാങ്കേതിക ക്ലസ്റ്ററുകളും തമ്മിലുള്ള സഹകരണവും പ്രഖ്യാപിച്ചു. സാങ്കേതികവിദ്യാ വികസനത്തിനും രാജ്യാന്തര സഹകരണത്തിനും ഇത് കൂടുതൽ അവസരങ്ങൾ തുറക്കും.
അറിവും സൗകര്യങ്ങളും പങ്കിടണം; വ്യവസായ പങ്കാളിത്തം വർധിക്കണം
സാങ്കേതികവിദ്യകൾ, അടിസ്ഥാനസൗകര്യങ്ങൾ, വിദഗ്ധ അറിവ്, വ്യവസായ പങ്കാളിത്തങ്ങൾ എന്നിവ പങ്കുവച്ച് പരസ്പരം ബന്ധിപ്പിച്ച ദേശീയ ക്ലസ്റ്റർ ശൃംഖല രൂപപ്പെടുത്തണമെന്ന് ശാസ്ത്ര സെക്രട്ടറി ഡോ. പർവീന്ദർ മൈനി പറഞ്ഞു. ഡി–പിഒസി, കലാനുഭവ, ഐ–പാസ്പോർട്ട് എന്നിവയിലൂടെ ഒരു ക്ലസ്റ്ററിലെ വിജയകരമായ പ്രവർത്തനങ്ങൾ മറ്റുള്ളവയിലേക്കും വ്യാപിപ്പിക്കുന്നതിന്റെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു. ഗവേഷണ–വികസന ഘട്ടം മുതൽ പരിശോധന, വാണിജ്യവൽക്കരണം, വിപുലീകരണം എന്നിവ വരെയുള്ള ഘട്ടങ്ങളിൽ വ്യവസായ മേഖലയുടെ കൂടുതൽ പങ്കാളിത്തം വേണം. വിജയകരമായ പ്രാദേശിക പരിഹാരങ്ങളെ വലിയ ദേശീയ, ആഗോള പരിപാടികളാക്കി മാറ്റുന്നതിന് സഹകരണത്തിലും വ്യാപനത്തിലും ക്ലസ്റ്ററുകൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ക്ലസ്റ്ററുകളെ ശക്തിപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട പങ്കാളികളുടെ പ്രത്യേക സംഗമവും ചണ്ഡീഗഢിൽ സംഘടിപ്പിച്ചു. വ്യവസായ പങ്കാളികൾ, സാമൂഹിക ഉത്തരവാദിത്ത പദ്ധതികളിലെ പങ്കാളികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ പ്രതിനിധികൾ എന്നിവർ ക്ലസ്റ്റർ നേതൃത്വവുമായി സംവദിച്ചു. കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതും സാങ്കേതികവിദ്യ വികസിപ്പിക്കാനും പരിശോധിക്കാനും ഉപയോഗത്തിലേക്ക് എത്തിക്കാനുമുള്ള കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതും ചർച്ചയായി.
പ്രമേഹരോഗികളുടെ പാദപരിചരണത്തിന് ഡിജിറ്റൽ ക്ലിനിക്
രണ്ടാം ദിവസം ചണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാല ആരോഗ്യകേന്ദ്രത്തിൽ ഡിജിറ്റൽ പാദരോഗ ക്ലിനിക് പ്രൊഫ. സൂദ് ഉദ്ഘാടനം ചെയ്തു. എച്ച്എൽ ക്ലെമൂവിന്റെ സാമൂഹിക ഉത്തരവാദിത്ത പങ്കാളിത്തത്തോടെ പി–റാഹിയാണ് ക്ലിനിക് സ്ഥാപിച്ചത്. ഉത്തരേന്ത്യയിലെ ആദ്യ ഡിജിറ്റൽ പാദരോഗ ക്ലിനിക്കെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പ്രമേഹത്തെത്തുടർന്നുള്ള പാദപ്രശ്നങ്ങൾ നേരത്തേ കണ്ടെത്താനും പ്രതിരോധ പരിചരണം നൽകാനും നിർമിതബുദ്ധി ഉപയോഗിച്ചുള്ള പാദപരിശോധനാ സാങ്കേതികവിദ്യ ഇവിടെ പ്രയോജനപ്പെടുത്തുന്നു. ആധുനിക ചികിത്സാ സാങ്കേതികവിദ്യ സമൂഹതലത്തിലുള്ള ആരോഗ്യപരിചരണത്തിലേക്ക് എത്തിക്കുന്നതാണ് ഈ സംവിധാനം. ഉദ്ഘാടനത്തിന് ശേഷം പ്രതിനിധികൾ ക്ലിനിക് സന്ദർശിച്ചു. ശാസ്ത്രസാങ്കേതിക ക്ലസ്റ്ററുകളുടെ രണ്ടാം രാജ്യാന്തര സമ്മേളനവും പ്രൊഫ. സൂദ് പ്രഖ്യാപിച്ചു. ക്ലസ്റ്റർ പദ്ധതിയുടെ രാജ്യാന്തര പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിന് തുടക്കമിടുന്നതാണ് പ്രഖ്യാപനം. തുടർന്ന് ക്ലസ്റ്ററുകളുടെ നിലവിലെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും സംബന്ധിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ചർച്ചകൾ നടന്നു. പുണെ നോളജ് ക്ലസ്റ്റർ ഫൗണ്ടേഷൻ, ജോധ്പുർ സിറ്റി നോളജ് ആൻഡ് ഇന്നൊവേഷൻ ഫൗണ്ടേഷൻ, ഭുവനേശ്വർ സിറ്റി നോളജ് ആൻഡ് ഇന്നൊവേഷൻ ക്ലസ്റ്റർ, ഡൽഹി റിസർച്ച് ഇംപ്ലിമെന്റേഷൻ ആൻഡ് ഇന്നൊവേഷൻ, എഎംടിസെഡ്–വിശാഖപട്ടണം ക്ലസ്റ്റർ, ബെംഗളൂരു സയൻസ് ആൻഡ് ടെക്നോളജി ക്ലസ്റ്റർ, റിസർച്ച് ആൻഡ് ഇന്നൊവേഷൻ സർക്കിൾ ഓഫ് ഹൈദരാബാദ്, പി–റാഹി എന്നിവയുടെ അവതരണങ്ങളും തുടർചർച്ചകളും രണ്ടുദിവസങ്ങളിലായി നടന്നു. എട്ട് ക്ലസ്റ്ററുകളുടെ പുരോഗതി വിലയിരുത്താനും നിലവിലെ പദ്ധതികൾ പരിശോധിക്കാനും ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനും സംഗമം വേദിയായി. ഗവേഷണവും സാങ്കേതികവിദ്യയും പ്രായോഗിക പരിഹാരങ്ങളാക്കുക, ക്ലസ്റ്ററുകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക, വ്യവസായ പങ്കാളിത്തവും പ്രാദേശിക നവീകരണ സംവിധാനങ്ങളും ശക്തിപ്പെടുത്തുക എന്നിവയ്ക്ക് ഊന്നൽ നൽകി. വ്യവസായം, വിദ്യാഭ്യാസ മേഖല, സർക്കാർ, മറ്റു പങ്കാളികൾ എന്നിവരുമായുള്ള ബന്ധം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും സംഗമം ആവർത്തിച്ചു. ക്ലസ്റ്ററുകൾ നയിക്കുന്ന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാനും സാങ്കേതികവിദ്യകൾ ഉപയോഗത്തിലേക്ക് എത്തിക്കാനും വിജയകരമായ പരിഹാരങ്ങൾ മറ്റു പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കാനും ചർച്ചകൾ ശ്രദ്ധ നൽകി. പ്രധാനമന്ത്രിയുടെ ശാസ്ത്ര–സാങ്കേതിക–നവീകരണ ഉപദേശക സമിതിയുടെ ശുപാർശകളെ തുടർന്ന് 2020-ലാണ് മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ ഓഫീസിന്റെ ക്ലസ്റ്റർ പരിപാടിക്ക് രൂപം നൽകിയത്. പ്രാദേശിക വെല്ലുവിളികൾക്ക് ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം എന്നിവയിലൂടെ പരിഹാരം കണ്ടെത്താൻ വിദ്യാഭ്യാസ മേഖല, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായം, സ്റ്റാർട്ടപ്പുകൾ, സർക്കാർ, മറ്റു പങ്കാളികൾ എന്നിവയെ പരിപാടി ഒരുമിപ്പിക്കുന്നു. സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങൾ നൽകുന്ന പരിഹാരങ്ങളായി ഗവേഷണത്തെയും സാങ്കേതികവിദ്യയെയും മാറ്റുന്ന പ്രാദേശിക നവീകരണ സംവിധാനങ്ങളായി ക്ലസ്റ്ററുകൾ പിന്നീട് വളർന്നു.
