ഡൽഹി, 2026 ജൂൺ 5 –
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡൽഹിയിലുടനീളം പതിനെട്ട് നമോ ഓക്സിജൻ പാർക്കുകൾ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും ചേർന്നാണ് പദ്ധതികൾക്ക് തുടക്കം കുറിച്ചത്. മൈദൻഗർഹിയിലെ നമോ ഓക്സിജൻ പാർക്കിൽ നടന്ന ചടങ്ങിൽ ‘ഏക് പെഡ് മാ കേ നാം’ കാമ്പെയ്നിന്റെ ഭാഗമായി നിരവധി പരിസ്ഥിതി സംരംഭങ്ങളും ആരംഭിച്ചു. നഗര ഹരിതവൽക്കരണം ശക്തിപ്പെടുത്തുകയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കേന്ദ്ര സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ്, ഡൽഹി സർക്കാരിലെ പരിസ്ഥിതി, വനം, വന്യജീവി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ എന്നിവരടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, ഭൂമി നശീകരണം എന്നീ പ്രധാന വെല്ലുവിളികളാണ് ലോകം നേരിടുന്നതെന്ന് ഭൂപേന്ദർ യാദവ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യമാണെന്നും വൃക്ഷത്തൈകൾ നട്ട് വളർത്തുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. വായു മലിനീകരണം കുറയ്ക്കാൻ വിവിധ നടപടികൾ ഡൽഹി സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം നഗര ഹരിതവൽക്കരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നമോ ഓക്സിജൻ പാർക്കുകൾ വികസിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. വായുവിന്റെ ഗുണനിലവാരം ഉയർത്തുക, ജൈവവൈവിധ്യം വർദ്ധിപ്പിക്കുക, ജനങ്ങൾക്ക് വിനോദത്തിനും വിശ്രമത്തിനും ഇടങ്ങൾ ഒരുക്കുക എന്നിവയാണ് പാർക്കുകളുടെ പ്രധാന ലക്ഷ്യങ്ങൾ. വനപ്രദേശങ്ങൾ, തണ്ണീർത്തടങ്ങൾ, പുൽമേടുകൾ എന്നിവയുടെ സംയോജിത സംരക്ഷണം പരിസ്ഥിതി പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ സജീവ പങ്കാളിത്തമാണ് ഇത്തരം പദ്ധതികളുടെ ദീർഘകാല വിജയത്തിന് നിർണായകമെന്നും അദ്ദേഹം വ്യക്തമാക്കി.
.