തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് അധികാരത്തിൽ എത്തുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള പരസ്യ ചർച്ച വേണ്ടെന്നു നിർദേശം.പൊതു ഇടങ്ങളിൽ നടക്കുന്ന ചർച്ച ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് നിർത്തിവയ്ക്കാൻ നിർദേശം. കഴിഞ്ഞ ദിവസം എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് മുഖ്യമന്ത്രി എറണാകുളം ജില്ലയിൽനിന്നു വേണമെന്ന ആവശ്യം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഉറ്റ അനുയായി കൂടിയാണ് ഷിയാസ്.
നിർദേശം അംഗീകരിച്ച് മുതിർന്ന നേതാക്കൾ .
കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു, മുഹമ്മദ് ഷിയാസിന്റെ ആവശ്യത്തിനു മറുപടി പറഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്നതു സജീവ ചർച്ചാ വിഷയമായി. മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച ഇപ്പോൾ നടത്തേണ്ടതില്ലെന്ന ആവശ്യവുമായി മുൻ കെപിസിസി അധ്യക്ഷൻ കെ. മുരളീധരൻ അടക്കമുള്ളവർ പരസ്യമായി രംഗത്തെത്തിയതോടെ പാർട്ടി നേതൃത്വവും ഇടപെട്ടു. ഇതേത്തുടർന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇടപെട്ട് മുഖ്യമന്ത്രി ആരാകുമെന്നതിനെച്ചൊല്ലി പൊതുചർച്ച വേണ്ടെന്ന നിർദേശം നൽകിയത്.
നിർദേശം കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കൾ അടക്കം അംഗീകരിച്ചതോടെ ഇതുസംബന്ധിച്ച പരസ്യ ചർച്ച ഒഴിവാക്കാൻ ധാരണയാകുകയായിരുന്നു.


