കേരളം വികസിത കേരളമാകണം: വികസനത്തിന് പുതിയ വേഗം നൽകുമെന്നും പ്രധാനമന്ത്രി

കൊച്ചി | മാർച്ച് 11 | വൈകിട്ട്

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനും തീരദേശ മേഖലയിലെ സുരക്ഷയും സാമ്പത്തിക വളർച്ചയും ശക്തിപ്പെടുത്തുന്നതിനുമായി നിരവധി പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ പ്രഖ്യാപനങ്ങൾ നടത്തി. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി സാറ്റലൈറ്റ് ട്രാൻസ്‌പോണ്ടർ സംവിധാനം വ്യാപിപ്പിക്കുമെന്നും ദേശീയപാത വികസനവും പെട്രോകെമിക്കൽ മേഖലയിലെ പുതിയ പദ്ധതികളും സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയ വേഗം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ നടന്ന വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് പ്രധാനമന്ത്രി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും പുതിയ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തത്. തീരദേശ മേഖലയിലെ സുരക്ഷ, ഗതാഗത സൗകര്യങ്ങളുടെ പുരോഗതി, വ്യവസായ വികസനം എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് പ്രധാനമായും പ്രഖ്യാപിച്ചത്.

ആദ്യഘട്ടത്തിൽ 4,500 സാറ്റലൈറ്റ് ട്രാൻസ്‌പോണ്ടറുകൾ സ്ഥാപിക്കും

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആദ്യഘട്ടത്തിൽ 4,500 സാറ്റലൈറ്റ് ട്രാൻസ്‌പോണ്ടറുകൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കടലിൽ അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങളിൽ ബോട്ടുകളുടെ സ്ഥാനം കണ്ടെത്താനും രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും ഈ സംവിധാനം സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ഘട്ടങ്ങളിൽ രാജ്യത്തെ ഏകദേശം 1.5 ലക്ഷം മത്സ്യബന്ധന ബോട്ടുകളിൽ ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ വടക്കൻ ഭാഗങ്ങളിലെ ഗതാഗത തടസ്സങ്ങൾ കുറയ്ക്കും

ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ദേശീയപാത 66-ന്റെ ഭാഗമായ തലപ്പാടി–ചെങ്കള ആറുവരിപ്പാത (ഏകദേശം 2,650 കോടി രൂപ ചെലവ്)യും കോഴിക്കോട് ബൈപാസ് ആറുവരിപ്പാത (ഏകദേശം 2,140 കോടി രൂപ ചെലവ്)യും ഉദ്ഘാടനം ചെയ്തു. ഈ പദ്ധതികൾ സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിലെ ഗതാഗത തടസ്സങ്ങൾ കുറയ്ക്കുകയും യാത്രാസമയം ചുരുക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

പോളിപ്രൊപ്പിലീൻ യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു.

വ്യവസായ വികസന രംഗത്തും പ്രധാനപ്പെട്ട പ്രഖ്യാപനമാണ് ഉണ്ടായത്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ കൊച്ചി റിഫൈനറിയിൽ ഏകദേശം 5,500 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പോളിപ്രൊപ്പിലീൻ യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. പെട്രോകെമിക്കൽ മേഖലയുടെ വികസനത്തിനും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷ.

പ്രളയകാലത്ത് മത്സ്യത്തൊഴിലാളികൾ കാട്ടിയ രക്ഷാപ്രവർത്തനങ്ങളെ പ്രശംസിച്ചു

പ്രസംഗത്തിനിടെ കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതയും തീരദേശ ജനതയുടെ ജീവിതരീതിയും പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു. 2018ലെ പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ മത്സ്യത്തൊഴിലാളികൾ കാട്ടിയ ധൈര്യവും സേവനമനോഭാവവും അദ്ദേഹം നന്ദിയോടെ ഓർത്തു.“കേരളം ഇനി വികസനത്തിന്റെ പുതിയ കേരളമായി മാറിക്കൊണ്ടിരിക്കുകയാണ്,” എന്നും കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചതെന്നും തീരദേശ മേഖലയുടെ വികസനത്തിനായി വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യബന്ധന മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാകും

കേരളത്തിലെ തീരദേശ സുരക്ഷയും മത്സ്യബന്ധന മേഖലയിലെ സാങ്കേതിക നവീകരണവും ഗതാഗത അടിസ്ഥാന സൗകര്യ വികസനവും വ്യവസായ നിക്ഷേപങ്ങളും ശക്തിപ്പെടുത്തുന്ന പദ്ധതികളായി ഇവ വിലയിരുത്തപ്പെടുന്നു. സാറ്റലൈറ്റ് ട്രാൻസ്‌പോണ്ടർ സംവിധാനം വ്യാപകമായി നടപ്പിലായാൽ കടലിലെ അപകടങ്ങളിൽ മത്സ്യത്തൊഴിലാളികളെ വേഗത്തിൽ കണ്ടെത്താൻ കഴിയുകയും സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാകുകയും ചെയ്യും. ദേശീയപാത വികസനവും പുതിയ വ്യവസായ പദ്ധതികളും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും തൊഴിൽ സാധ്യതകൾ വർധിപ്പിക്കാനും സഹായിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →