തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ കീഴിലുള്ള മർകസ് യുനാനി മെഡിക്കൽ കോളേജിനും ആർട്സ് ആൻഡ് സയൻസ് കോളേജിനും എയ്ഡഡ് പദവി നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. മാനദണ്ഡങ്ങൾ ലംഘിച്ചും രാഷ്ട്രീയ താത്പര്യങ്ങൾ മുൻനിർത്തിയുമാണ് ഈ തീരുമാനമെന്ന് സമിതി ആരോപിച്ചു. സംസ്ഥാനത്ത് പുതിയ എയ്ഡഡ് കോളേജുകൾ അനുവദിക്കില്ലെന്ന മുൻപത്തെ നയപരമായ തീരുമാനത്തിന് വിരുദ്ധമായാണ് മർകസ് സ്ഥാപനങ്ങൾക്ക് എയ്ഡഡ് പദവി നൽകുന്നത്.
ഖജനാവിന് വലിയ സാമ്പത്തിക ഭാരമുണ്ടാക്കും
മതിയായ പരിശോധനകളോ പഠനങ്ങളോ ഇല്ലാതെയാണ് ഈ നീക്കമെന്ന് സേവ് യൂണിവേഴ്സിറ്റി ഫോറം കുറ്റപ്പെടുത്തി. എയ്ഡഡ് പദവി നൽകുന്നതോടെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സർക്കാരിന്റെ ബാധ്യതയാകും. ഇത് ഖജനാവിന് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടി.
മത-സാമുദായിക സംഘടനകളെ പ്രീണിപ്പിക്കാനുമുള്ള നീക്കം
തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചും മത-സാമുദായിക സംഘടനകളെ പ്രീണിപ്പിക്കാനുമുള്ള നീക്കമാണിതെന്ന് സമിതി ആരോപിച്ചു. അർഹതപ്പെട്ട പല പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും സഹായത്തിനായി കാത്തുനിൽക്കുമ്പോഴാണ് സ്വകാര്യ മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നതെന്നും അവർ പറഞ്ഞു. വിഷയത്തിൽ ഗവർണർക്കും സർക്കാരിനും പരാതി നൽകുമെന്നും ആവശ്യമെങ്കിൽ നിയമപോരാട്ടം നടത്തുമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു.
