തിരുവനന്തപുരം: സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ തുണിക്കഷണം മറന്നുവെച്ചതായി പരാതി . കഴക്കൂട്ടം മേനംകുളം സ്വദേശിനിയായ ഷീബ പ്രമോദ് ആണ് ഇക്കഴിഞ്ഞ 2025 ഡിസംബർ മൂന്നിന് അപ്പെൻഡിക്സ് ശസ്ത്രക്രിയയ്ക്കായി ഈ ആശുപത്രിയിൽ എത്തിയത്. സ്കാനിങിന് ശേഷം അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും, ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം ഉൾപ്പെടെ തുന്നിക്കെട്ടുകയായിരുന്നുവെന്നാണ് ആരോപണം.
ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങിയിരുന്നില്ല.
ശസ്ത്രക്രിയ കഴിഞ്ഞ് ഒൻപത് ദിവസത്തിന് ശേഷം ഡിസംബർ 12-ന് ഷീബയെ ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങിയില്ല. തുടർന്നുള്ള മൂന്നുമാസം അതിശക്തമായ വേദനയും വലിയ തോതിലുള്ള മാനസിക സംഘർഷവുമാണ് യുവതി അനുഭവിച്ചത്. വേദന അസഹനീയമായതോടെ തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ഷീബ ചികിത്സ തേടി. അവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് ശസ്ത്രക്രിയ ചെയ്ത മുറിവിന്റെ ഒരു വശത്ത് ചെറിയ ദ്വാരമുള്ളതായും വയറിനുള്ളിൽ തുണി കുടുങ്ങിയതായും കണ്ടെത്തിയത്.
തുണി പുറത്തെടുക്കുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്
ഒടുവിൽ ഫെബ്രുവരി ആറാം തീയതി ആദ്യ സർജറി നടത്തിയ അതേ സിഎസ്ഐ മിഷൻ ആശുപത്രിയിൽ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി ഈ തുണിക്കഷണം പുറത്തെടുത്തു. ഈ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കിടെ മുറിവിൽ നിന്നും തുണി പുറത്തെടുക്കുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ, ഈ വീഴ്ചയിൽ ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം വിചിത്രമാണ്. തുണി എങ്ങനെ വയറിനുള്ളിൽ പോയി എന്ന് തങ്ങൾക്കറിയില്ലെന്നും, ഷീബ മറ്റ് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നതിനാൽ അവിടെ നിന്ന് കുടുങ്ങിയതാകാം എന്നുമാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പറയുന്നത്.
നിയമനടപടിയുമായി മുന്നോട്ട് പോകും
ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ അനാസ്ഥയ്ക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ഷീബയുടെ തീരുമാനം. സംഭവത്തിൽ യുവതിയുടെ കുടുംബം ഇതിനോടകം തന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. മൂന്നു മാസത്തോളം നീണ്ടുനിന്ന കഠിനവേദനയ്ക്കും ശാരീരിക ബുദ്ധിമുട്ടുകൾക്കും കാരണക്കാരായവർക്കെതിരെ കർശന നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം
