ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ നെതന്യാഹുവിനോട് മോദി ആശങ്ക പങ്കുവച്ചു. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തിയതായാണ് മോദി എക്സിൽ കുറിച്ചത്.
ഇറാന്റെ ആക്രമണത്തിൽ യുഎഇയ്ക്ക് ഐക്യദാർഢ്യം
സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതേസമയം യുഎഇ പ്രസിഡന്റുമായും മോദി ഫോണിൽ സംസാരിച്ചിരുന്നു. ഇറാന്റെ ആക്രമണത്തിൽ യുഎഇയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങൾക്ക് മോദി പിന്തുണ അറിയിച്ചെന്ന് യുഎഇ പ്രസിഡന്റും വ്യക്തമാക്കിയിരുന്നു. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിനെ ഇരുരാജ്യങ്ങളും അനുകൂലിക്കുന്നുവെന്നും യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി.
