ഡിസംബര്‍ 21 വരെ എസ്ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി| തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ആണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. ഡിസംബര്‍ 21 ന് തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതുണ്ട്. അതിനാല്‍ ഡിസംബര്‍ 21 വരെ എസ്ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹർജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഭരണസംവിധാനം സ്തംഭിക്കും

എസ്ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരുലക്ഷത്തി അറുപത്തി ആറായിരം ജീവനക്കാരുടെയും 68,000 ത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സേവനം ആവശ്യമാണ്. എസ്ഐആറിനായി 26,000 ജീവനക്കാരുടെ സേവനവും ആവശ്യമായി വരും. ഈ സാഹചര്യത്തില്‍ ഭരണം സ്തംഭിക്കുമെന്നും ഹർജിയില്‍ വ്യക്തമാക്കുന്നു. എസ്ഐആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി എന്ന നിലയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് താന്‍ ഒരു കത്തയച്ചിരുന്നു. എന്നാല്‍ ആ കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും ഡോ. ജയതിലക് ഹരജിയില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →