തിരുവനന്തപുരം: പൂജപ്പുര റോട്ടറി ജംഗ്ഷനില്‍ അർദ്ധരാത്രി യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചവരെ പൊലീസ് പിടികൂടി. തൃക്കണ്ണാപുരം കൃപയില്‍ അപ്പു എന്ന സഞ്ജിത്ത്(18),പുന്നയ്ക്കാമുകള്‍ തേലിഭാഗം പാറയംവിളാകത്ത് വീട്ടില്‍ അപ്പു എന്ന അരുണ്‍(18),പുന്നയ്ക്കാമുകള്‍ കൊങ്കുളം ബസീലിയൻ ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന അലൻ അബി(18),മലയിൻകീഴ് കുന്നുവിള ഗൗരി നന്ദനം വീട്ടില്‍ മനു എന്ന ഗൗരി ശങ്കർ (21)എന്നിവരാണ് പിടിയിലായത്. സംഘത്തിലെ പ്രധാനിയായ വിളവൂർക്കല്‍ സ്വദേശി എബിൻ (24) ഒളിവിലാണ്.
കൂട്ടം കൂടി നിന്നത് എന്തിനാണെന്ന് ചോദിച്ചതിലുള്ള പ്രകോപനത്തിലായിരുന്നു ആക്രമണം.
ഒക്ടോബർ 5 ഞായറാഴ്ച വിഴിഞ്ഞത്തുനിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്നു യുവാക്കള്‍. കൂട്ടം കൂടി നിന്നത് എന്തിനാണെന്ന് ചോദിച്ചതിലുള്ള പ്രകോപനത്തിലായിരുന്നു ആക്രമണം. ഇഷ്ടപ്പെടാത്തതോടെ പ്രതികളില്‍ ഒരാള്‍ കത്തികൊണ്ട് യുവാക്കളെ മുതുകില്‍ കുത്തിപ്പരിക്കേല്പിച്ചു. കമ്പുകളും ഹെല്‍മെറ്റുകളും ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്‌തു. കുത്തേറ്റവർ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സെയ്ദ് മുഹമ്മദ് എന്ന യുവാവ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഒളിവിലായ എബിനെതിരെ മലയിൻകീഴ് സ്റ്റേഷനില്‍ വധശ്രമക്കേസ് നിലവിലുണ്ട്. പൂജപ്പുര എസ്.എച്ച്.ഒ പി.ഷാജിമോൻ,സബ് ഇൻസ്പെക്ടർ അഭിജിത്ത്,സി.പി.ഒമാരായ മനോജ്,അനുരാഗ്,ഉണ്ണികൃഷ്ണൻ,അരുണ്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്
